ഗുരുവായൂർ: ജാതി വ്യവസ്ഥയ്ക്കെതിരെയുളള ജനങ്ങളുടെ ഏകോപിത പോരാട്ടമാണ് ഗുരുവായൂർ സത്യഗ്രഹമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ഗുരുവായൂർ സത്യഗ്രഹത്തിന്റെ 90-ാം വാർഷികത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ സംഘടിപ്പിച്ച ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ജീർണതകൾക്കെതിരായുള്ള പോരാട്ടം ഇപ്പോഴും തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭാ ടൗൺഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ബിജു ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സത്യഗ്രഹ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്. നഗരസഭാ വൈസ് ചെയർപേഴ്സൺ എം.പി. അനീഷ്മ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത്കുമാർ, എ. സായിനാഥൻ, മുൻ നഗരസഭാ അദ്ധ്യക്ഷരായിരുന്ന രേവതി, രതി, നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |