ട്രെയിൻ തടഞ്ഞവരെ കുരുക്കാൻ റെയിൽവേയുടെ തിരക്കിട്ട നടപടി

Sunday 13 January 2019 1:33 AM IST
railway

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സംസ്ഥാന വ്യാപകമായി ട്രെയിൻ തടഞ്ഞവരെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം നൽകാൻ റെയിൽവേ തിരക്കിട്ട നടപടികൾ തുടങ്ങി. സർവീസ് മുടക്കം, യാത്രക്കാർക്കുണ്ടായ നഷ്‌ടം, റെയിൽവേ സാമഗ്രികൾ നശിപ്പിച്ചത് എന്നിങ്ങനെയുള്ള മൊത്തം സാമ്പത്തിക നഷ്ടം കണക്കാക്കി തുക ഇൗട‌ാക്കാനും നടപടി തുടങ്ങി. റെയിൽവേ സംരക്ഷണ സേന രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായവരിൽ നിന്നാണ് തുക ഇൗടാക്കുക. ആദ്യമായാണ് റെയിൽവേയ്‌ക്കുണ്ടായ സാമ്പത്തിക നഷ്ടം സമരക്കാരിൽ നിന്ന് ഇൗടാക്കാനൊരുങ്ങുന്നത്. നഷ്ടം കണക്കാക്കി റിപ്പോർട്ട് നൽകാൻ കൊമേഴ്സ്യൽ വിഭാഗത്തിനോടും നിർദ്ദേശിച്ചു.

തിരുവനന്തപുരം ഡിവിഷനിൽ മാത്രം മുപ്പതോളം കേസുകളാണെടുത്തതെന്ന് റെയിൽവേ സംരക്ഷണ സേനാവിഭാഗം അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംയുക്ത സമരസമിതി കൺവീനറും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ വി. ശിവൻകുട്ടി തുടങ്ങി പ്രമുഖ നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരടക്കം ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞവരെയെല്ലാം വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയശേഷം മൊഴിയെടുത്ത് കുറ്റപത്രം അഡി. മജിസ്ട്രേറ്റ് കോടതിയിൽ നൽകും. രണ്ടുവർഷം തടവും ഒരുലക്ഷത്തിലേറെ രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

തടവ് ശിക്ഷ ലഭിച്ചാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുൾപ്പെടെയുള്ള നടപടികളുമുണ്ടാകും. പാലക്കാട് ഡിവിഷനിൽ ട്രെയിൻ തടയലുമായി ബന്ധപ്പെട്ട് മുപ്പത്തിയാറ് കേസെടുത്തിട്ടുണ്ട്. സി.ഐ.ടി.യുവിന്റെ ജില്ലാ നേതാക്കളുൾപ്പെടയുള്ളവരെ പ്രതിയും ചേർത്തു.

എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് ആർ.പി.എഫ് അധികൃതർ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർ.പി.എഫ് പകർത്തിയ വീഡിയോ ചിത്രത്തിലുള്ള എല്ലാവരെയും പ്രതിചേർക്കും. കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് ശേഷമായിരിക്കും ഇവർക്കെതിരെ നഷ്ടപരിഹാരം ഇൗടാക്കുന്നതിനായി പ്രത്യേക ഹർജി ഫയൽ ചെയ്യുക.

കേരളത്തിൽ മുമ്പുണ്ടായ ട്രെയിൻ തടയലുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളിൽ നിന്നു പിഴയീടാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട കേസിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ഉന്നത റെയിൽവേ അധികൃതർ നൽകിയ നിർദ്ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA