ഒറ്റനോട്ടത്തിൽ: കെ.എം ഷാജി, നെയ്യാറ്റിൻകര കൊലപാതകം, ശബരിമല, സർക്കാർ

Friday 09 November 2018 4:09 PM IST
km-shaji

1. അഴീക്കോട് എം.എൽ.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി. വിധിയിൽ കോടതി സ്റ്റേ അനുവദിച്ചത് രണ്ടാഴ്ചത്തേക്ക്. കോടതി ഉത്തരവ് വിധിക്ക് എതിരെ കെ.എം ഷാജി നൽകിയ ഹർജിയിൽ. ഒരാഴ്ചക്കകം 50,000 രൂപ കെട്ടി വയ്ക്കാനും കോടതി നിർദ്ദേശം. സുപ്രീംകോടതിയിൽ ഹർജി നൽകുന്നതിനാണ് ഹൈക്കോടതി സമയം അനുവദിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

2. സുപ്രീംകോടതിയെ സമീപിക്കണം എന്നതിനാൽ സ്റ്റേ ചെയ്യണം എന്നായിരുന്നു ഷാജിയുടെ ആവശ്യം. സുപ്രീംകോടതിയിൽ അപ്പീൽ നൽകി തീരുമാനം എടുക്കാം കാലതാമസം വന്നേയ്ക്കാം. അങ്ങനെ എങ്കിൽ അത്രയും കാലം അഴീക്കോട് മണ്ഡലത്തിൽ എം.എൽ.എ ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ആണ് കെ.എം. ഷാജിയുടെ ആവശ്യം പരിഗണിച്ച് കോടതി സ്റ്റേ അനുവദിച്ചത്.

3. വർഗീയ ധ്രൂവീകരണത്തിന്റെ പേരിൽ കെ.എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി രാവിലെ വിധി പുറപ്പെടുവിച്ചിരുന്നു. 6 വർഷത്തേക്കാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്. വർഗീയ പ്രചാരണം നടത്തി എന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി നികേഷ് കുമാറിന്റെ പരാതിയിൽ ആയിരുന്നു വിധി. അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്ന് ഉത്തരവിട്ട ഹൈക്കോടതി വിജയിയായി പ്രഖ്യാപിക്കണം എന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയിരുന്നു.

4. സനൽ കുമാറിന്റെ കൊലപാതകത്തിൽ നീതികിട്ടും വരെ തെരുവിൽ സമരം നടത്തുമെന്ന് സനലിന്റെ കുടുംബം. സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും ഭാര്യ വിജി. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമെന്ന് സഹോദരിയും.

5. അതേസമയം. ആരോപണ വിധേയനായ ഡിവൈ.എസ്.പി ഹരികുമാറിനെ കണ്ടെത്താൻ പുതിയ വഴികൾ തേടി അന്വേഷണ സംഘം. കൊലപാതകം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥൻ ഒളിവിൽ തുടരുന്ന സാഹചര്യത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും വഴി കീഴടങ്ങാനായി സമ്മർദ്ദം ശക്തമാക്കി അന്വേഷണ സംഘം. ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും മുൻപ്, ഹരികുമാറിനെ അറസ്റ്റു ചെയ്യാൻ തീവ്രശ്രമം.

6. ശബരിമല വിഷയത്തിൽ യു.ഡി.എഫ് നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ സമാപന യോഗത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എം.പി. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് ഇപ്പോൾ പങ്കെടുക്കാത്തത്. ശബരിമല പ്രശ്‌നത്തിൽ ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ശബരിമലയിൽ നടത്തിയ അക്രമസംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ശശി തരൂർ പ്രതികരിച്ചു.

7. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം നൽകേണ്ടത് സർക്കാരിന്റെ പ്രഥമ ഉത്തരവാദിത്തം ആണെന്നും അതിനായി പദ്ധതികൾ ആവിഷ്‌കരിച്ചു വരികയാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ. നഗരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന എന്റെ കൂട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുക ആയിരുന്നു മന്ത്രി. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് 3 ദിവസം വരെ തുടർച്ചയായി താമസിക്കാവുന്ന തരത്തിലാണ് ഡോർമിറ്ററി ഒരുക്കിയിരിക്കുന്നത് എന്നും മന്ത്രി പ്രതികരിച്ചു.

8. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് വിദേശ യാത്രയ്ക്ക് എറണാകുളം അഡീഷണൽ സെഷൻസ് കോടതി അനുമതി നൽകി. ഈ മാസം 15 മുതൽ 5 വരെയാണ് സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ദിലീപ് ബാങ്കോക്കിലേക്ക് പോവുക. അനുമതി നൽകരുത് എന്നും ദിലീപിന്റെ നീക്കം വിചാരണ നീട്ടിക്കൊണ്ടു പോകാൻ എന്നും പ്രോസിക്യൂഷൻ വാദിച്ചു എങ്കിലും കോടതി വിദേശ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു.

9. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കും. കേന്ദ്ര സർക്കാരാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അഹമ്മദാബാദ്, ജയ്പുർ, ലക്‌നൗ, ഗോഹട്ടി, മംഗളൂരു എന്നീ വിമാനത്താവങ്ങൾ ആണ് തിരുവനന്തപുരത്തിന് പുറമെ സ്വകാര്യ വത്കരിക്കുന്നതിന് ധാരണ ആയിരിക്കുന്നത്. ഇതിന് കേന്ദ്ര മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.

10. റിസർവ് ബാങ്കിന്റെ കരുതൽ ധന ശേഖരണത്തിൽ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിട്ടില്ല എന്ന് കേന്ദ്ര സർക്കാർ. ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ ധനകാര്യ സ്ഥിതി സുസ്ഥിരം ആണ്. ആർ.ബി.ഐയിൽ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടില്ല എന്നും ധനകാര്യ സെക്രട്ടറി ട്വീറ്റ് ചെയ്തു.

11. വിജയ് ചിത്രം സർക്കാരിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സംവിധായകൻ എ.ആർ. മുരുഗദോസിനെ തേടി പൊലീസ്. പൊലീസ് മുരുഗദോസിന്റെ വീട്ടിൽ എത്തിയെന്നും അറസ്റ്റായിരുന്നു ലക്ഷ്യമെന്നും ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്യ്തിട്ടുണ്ട്. മുരുകദോസിനറെ വീട്ടിൽ വ്യാഴാഴ്ച രാത്രി വൈകിയാണ് പൊലീസ് പരിശോധനയക്ക് എത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA