സനൽകുമാറിനെ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചത് ഡിവൈ.എസ്.പിയുടെ തന്ത്രം

Friday 09 November 2018 12:30 AM IST
dysp-neyyattinkara

തിരുവനന്തപുരം: സനൽകുമാറിനെ മെഡിക്കൽകോളേജിലെത്തിക്കുന്നത് വൈകിപ്പിച്ചത് ഡിവൈ.എസ്.പി ബി. ഹരികുമാറിന്റെ തന്ത്രമായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. തന്റെ ചവിട്ടേറ്റാണ് സനൽകുമാർ കാറിനു മുന്നിലേക്ക് വീണതെന്നത് ഒളിപ്പിക്കാനായിരുന്നു ശ്രമം. ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് സനലിനെ നെയ്യാറ്റിൻകര സ്റ്റേഷനിലേക്ക് മാറ്റാൻ എസ്.ഐയോട് ഡിവൈ.എസ്.പി നിർദ്ദേശിച്ചിരുന്നു.

സംഘർഷത്തിനിടെ സനലിനെ കാറിടിച്ചെങ്കിലും, മരണമുണ്ടായത് ഇതുകാരണമല്ലെന്ന് വരുത്താനായിരുന്നു ശ്രമം. ഇതിനായി മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ താൻ പിടികൂടിയെന്ന് സ്റ്റേഷൻ രേഖയിൽ എഴുതാൻ ഡിവൈ.എസ്.പി നിർദ്ദേശിച്ചു. ഇങ്ങനെ എഴുതിയ ശേഷമാണ് പാറാവുകാരനെയും കൂട്ടി എസ്.ഐ കൊടങ്ങാവിളയിലെത്തിയത്. സനൽ മദ്യലഹരിയിൽ കാറിനു മുന്നിലേക്ക് വീണതാണെന്ന് വരുത്താനായിരുന്നു ശ്രമം.

എന്നാൽ സനൽ ബോധരഹിതനായതോടെ പ്രദേശത്തെ ഒരു കൂട്ടം യുവാക്കൾ ഡിവൈ.എസ്.പിയെ സംഭവസ്ഥലത്തു നിന്ന് ഓടിച്ചു. അരക്കിലോമീറ്റർ ഓടിയപ്പോൾ സുഹൃത്തായ ബിനു കാറുമായെത്തി ഡിവൈ.എസ്.പിയെ രക്ഷിച്ചു. കൂടാതെ ഭാര്യയെയും മകളെയും വീടിനു പിന്നിലൂടെ ബിനു സുരക്ഷിതമായി മാറ്റി. ഇതിനു പിന്നാലെയാണ് എസ്.ഐയും പാറാവുകാരനും സ്ഥലത്തെത്തിയത്.

ദൃക്സാക്ഷികളിൽ നിന്നാണ് എസ്.ഐ യഥാർത്ഥ വിവരമറിഞ്ഞത്.

തുടർന്ന് സ്റ്റേഷൻ രേഖകൾ നശിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് താലൂക്ക് ആശുപത്രിയിലേക്ക് സനലിനെ കൊണ്ടുപോയത്. ഡിവൈ.എസ്.പിയുടെ വാക്കുകേട്ട് സനലിനെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ച പൊലീസുകാരും കുരുക്കിലായിട്ടുണ്ട്. ആശുപത്രിയിലെത്തിക്കുന്നതിനെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായെന്നാണ് എസ്.ഐ സ്‌പെഷ്യൽ ബ്രാഞ്ചിന് നൽകിയ മൊഴി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA