SignIn
Kerala Kaumudi Online
Friday, 19 April 2024 7.55 AM IST

സംസ്ഥാനങ്ങൾക്ക് പരിധിയില്ലാതെ വായ്പ അനുവദിക്കില്ല: കേന്ദ്രധനമന്ത്രി

a

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് പരിധിയില്ലാതെ വായ്പ അനുവദിക്കാനാവില്ലെന്നും എന്നാൽ, വികസനകാര്യങ്ങൾക്ക് പണം ലഭ്യമാക്കുന്നതിന് തടസമില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച പി. പരമേശ്വരൻ സ്മാരകപ്രഭാഷണം നിർവഹിക്കുകയായിരന്നു കേന്ദ്രമന്ത്രി.

ഉത്പാദനക്ഷമമല്ലാത്ത കാര്യങ്ങൾക്കും രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിറുത്തിയുള്ള സൗജന്യങ്ങൾക്കുമായാണ് പല സംസ്ഥാനങ്ങളും വായ്പയെടുക്കുന്നത്. വികസനങ്ങൾക്കായി മൂലധനനിക്ഷേപം വർദ്ധിപ്പിക്കണമെന്നാണ് കേന്ദ്രനിലപാട്. വികസനപദ്ധതികൾക്കായി സംസ്ഥാനങ്ങൾക്ക് പലിശയില്ലാതെ 50 വർഷത്തേക്ക് വായ്പ നൽകാമെന്നു പറഞ്ഞാൽ വേണ്ട.വേൾഡ് ബാങ്കിലും വിദേശ ഏജൻസികളിലും നിന്നുള്ള വായ്പയെടുക്കാനാണ് താത്പര്യം.കേന്ദ്രം വായ്പ നൽകിയാൽ മോണിറ്റർ ചെയ്യുമെന്നാണ് ഇതിനുള്ള ന്യായമായി പറയുന്നത്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് തോന്നിയതുപോലെ ചെലവാക്കാനും വായ്പയെടുക്കാനും അവകാശമുണ്ടെന്നും അത് നിയന്ത്രിക്കാൻ ശ്രമിക്കുന്ന കേന്ദ്രനടപടി ഫെഡറലിസത്തിന് എതിരാണെന്നുമാണ് വിമർശനം. പരിധിവിട്ട വായ്പയെടുക്കൽ അടുത്ത തലമുറകളെപോലും കടക്കെണിയിലാക്കുന്ന നടപടിയാണ്. ഭരണഘടനയിലെ 293-ാംവകുപ്പ് അനുസരിച്ച് കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ പരിധിവിട്ട വായ്പയെടുക്കൽ നിയന്ത്രിക്കാനാകും. ധനകാര്യകമ്മിഷൻ വിഹിതം 32ൽ നിന്ന് 42ശതമാനമായി ഇപ്പോഴത്തെ സർക്കാർ കൂട്ടി.സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാത്ത സെസ് കേന്ദ്രം കൈയടക്കുന്നുവെന്നാണ് മറ്റൊരാക്ഷേപം.അത് രാഷ്ട്രീയവിമർശനമാണ്. സെസ് പിരിക്കുന്നത് റോഡ് വികസനം,ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കുവേണ്ടിയാണ്. അതത് മേഖലകൾക്കായി എല്ലാ സംസ്ഥാനത്തുമായാണത് ചെലവാക്കുന്നത്. കിട്ടിയ പണത്തിന്റെ കണക്ക് നോക്കിയാൽ അത് മനസിലാകും.എല്ലാ സംസ്ഥാന മന്ത്രിമാരുമുൾപ്പെട്ട ജി.എസ്.ടി കൗൺസിലാണ് യഥാർത്ഥ ഫെഡറൽ സംവിധാനത്തിന്റെ മാതൃക. അവിടെ മോദിയാണെല്ലാം തീരുമാനിക്കുന്നതെന്നത് രാഷ്ട്രീയ ആക്ഷേപമാണ്. പ്രധാനമന്ത്രി ജി.എസ്.ടി.കൗൺസിലിൽ പങ്കെടുത്തിട്ടില്ല.രാഷ്ട്രീയ താത്പര്യം മുൻനിറുത്തി ഭരണഘടനയിലെ ഫെഡറൽ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അവർ പറഞ്ഞു.

ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്രമന്ത്രി വി.മുരളീധരൻ,ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് മോക്ഷവ്രതാനന്ദ,ഒ.രാജഗോപാൽ,ഡോ.സി.വി.ജയമണി,എൻ.മോഹൻദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.കെ.സി.സുധീർബാബു സ്വാഗതവും രാജൻപിള്ള നന്ദിയും പറഞ്ഞു.

ബ്രിട്ടനോട് മധുരപ്രതികാരം

10 വർഷം മുമ്പ് ആഗോളതലത്തിൽ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്തായപ്പോൾ രൂക്ഷമായ വിമർശനവും ആക്ഷേപവുമാണ് അന്ന് അഞ്ചാംസ്ഥാനത്തായിരുന്ന ബ്രിട്ടനിലെ ഭരണകർത്താക്കൾ ലോകവേദികളിലുന്നയിച്ചത്. ഇന്ത്യയെ പോലുള്ള രാജ്യം ഇനി ആര്,എങ്ങനെ ഭരിക്കുമെന്നും ആ രാജ്യത്തിന് പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്നും വരെ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യ ഇപ്പോൾ അഞ്ചാംസ്ഥാനത്തെത്തി.ബ്രിട്ടൻ എവിടേക്ക് പതിച്ചുവെന്നും ആരാണവിടെ ഭരിക്കുന്നതെന്നും പറയുന്നില്ല.അതൊരു മധുരപ്രതികാരമാണെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു.

ജി 20യിൽ സംസ്ഥാനങ്ങൾക്ക് അവസരം

ഡിസംബറിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി ജി.20അദ്ധ്യക്ഷപദം ഏറ്റെടുക്കുകയാണ്. ലോകത്തെ 20വമ്പൻ രാജ്യങ്ങളുടെ ഭരണാധിപന്മാരും വ്യവസായ,വാണിജ്യ,ഉദ്യോഗസ്ഥ പ്രമുഖരും ഇവിടെയെത്തും. ഉച്ചകോടിയുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും പരിപാടികൾ നടത്തും. സംസ്ഥാനങ്ങൾക്ക് ആഗോളതലത്തിൽ തങ്ങളുടെ സാദ്ധ്യതകൾ പ്രദർശിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും മികച്ച അവസരമായിരിക്കുമിത്. രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ അതിന്റെ പ്രയോജനം സംസ്ഥാനങ്ങൾക്കും ഉറപ്പാക്കുകയാണ് മോദിസർക്കാരിന്റെ നയമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRMALA SEETHARAMAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.