SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.43 PM IST

എഴുന്നള്ളത്തിനിടെ ആൽമരം വീണ് മരിച്ചവർ 30 വർഷമായി പൂരത്തിലെ സജീവ സാന്നിദ്ധ്യം

pooram

തൃശൂർ: തൃശൂർ പൂരത്തിലെ തിരുവമ്പാടിയുടെ രാത്രി എഴുന്നള്ളിപ്പിനിടെ ആൽമരത്തിന്റെ ഒടിഞ്ഞുവീണ വലിയ ശിഖരത്തിനടിയിൽപ്പെട്ടാണ് തിരുവമ്പാടി ആഘോഷകമ്മിറ്റി അംഗം എരവിമംഗലം ഇരിക്കാലിൽ രമേഷ് (56), ഭരണസമിതി അംഗം പൂങ്കുന്നം പണിയത്ത് വീട്ടിൽ രാധാകൃഷ്ണൻ (64) എന്നിവർ മരിച്ചത്. മുപ്പത് കൊല്ലത്തിലേറെയായി പൂരം നടത്തിപ്പിലും തിരുവമ്പാടി ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ടായിരുന്നവരാണ് ഇവർ.

പരിക്കേറ്റ 25 പേരിൽ അയ്യന്തോൾ ശങ്കരംകുളങ്ങര ഉദയനഗർ സ്വദേശിയായ മെഡിക്കൽ റെപ്രസെന്റേറ്റീവ് രാമനാഥന്റെ (51) നില ഗുരുതരമായതിനാൽ അമൃത മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്തിക്കാട് സി.ഐ. പി. ജ്യോതിസ് കുമാറിനെ പെരിന്തൽമണ്ണ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മലപ്പുറം അലനെല്ലൂർ സ്വദേശിയാണ്.

മുപ്പത്തഞ്ചംഗ പഞ്ചവാദ്യ സംഘത്തിലെ പതിനൊന്നുപേരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മഠത്തിൽവരവ് പഞ്ചവാദ്യം നടക്കുന്ന ബ്രഹ്മസ്വം മഠത്തിന്റെ മുന്നിൽ നിന്നും നായ്ക്കനാൽ പന്തലിലേക്ക് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി 12.15 നായിരുന്നു അപകടം. തൃപ്പാക്കൽ ക്ഷേത്രവളപ്പിലെ ആലിന്റെ വലിയകൊമ്പ് വാദ്യക്കാരുടെ ഇടയിലേക്ക് വീഴുകയായിരുന്നു. വൈദ്യുതിക്കമ്പി താഴ്‌ന്നെങ്കിലും പൊട്ടിവീഴാത്തതിനാൽ വൻദുരന്തം ഒഴിവായി.

മഴയോ കാറ്റോ ഉണ്ടായിരുന്നില്ല. വാദ്യസംഘവും ഭാരവാഹികളും അടക്കം അമ്പതിലേറെപ്പേർ സ്ഥലത്തുണ്ടായിരുന്നു.

തിടമ്പേറ്റിയിരുന്ന കൊമ്പൻ കുട്ടൻകുളങ്ങര അർജുനൻ ഭയന്നോടിയെങ്കിലും പാപ്പാൻമാർ തളച്ചു.

മരിച്ച രമേഷ് ന്യൂ ഇന്ത്യ ഇൻഷ്വറൻസിലെ ഉദ്യോഗസ്ഥനാണ്. അച്ഛൻ: കൃഷ്ണൻകുട്ടി (റിട്ട. എ.എസ്.ഐ). അമ്മ : ലക്ഷ്മിക്കുട്ടി (റിട്ട. ബി.എസ്.എൻ.എൽ). ഭാര്യ: ഇന്ദുലേഖ. മക്കൾ : മിഥുൻ (കണ്ണൻ), മേഘ്ന (അമ്മു). സംസ്കാരം പാറമേക്കാവ് ശ്മശാനത്തിൽ നടത്തി.

രാധാകൃഷ്ണൻ മെഡിക്കൽ റെപ്രസെന്ററ്റീവാണ്. ഭാര്യ: രമ. മക്കൾ: രോഹിത് ആർ. മേനോൻ (യു.എസ്.എ), രേഷ്മ ആർ. മേനോൻ. രാധാകൃഷ്ണൻ്റെ സംസ്കാരം വിദേശത്തുളള മകനെത്തിയ ശേഷം തിങ്കളാഴ്ച പുഴയ്ക്കൽ ശാന്തിഘട്ടിൽ നടക്കും.

അസ്വാഭാവിക മരണത്തിന് കേസെടുത്തു. നഗരപരിധിയിലെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റാനുളള നിർദ്ദേശം ജില്ലാ കളക്ടർ കോർപറേഷന് നൽകിയിട്ടുണ്ട്.

ആർ. ആദിത്യ

സിറ്റി പൊലീസ് കമ്മിഷണർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THRISSUR POORAM ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.