SignIn
Kerala Kaumudi Online
Friday, 29 March 2024 7.59 AM IST

പട്ടികജാതിക്കാർക്ക് ജോലിയിൽ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ സമയബന്ധിത നടപടി: മുഖ്യമന്ത്രി

p

തിരുവനന്തപുരം: സർക്കാർ ജോലിയിൽ പട്ടികജാതി വിഭാഗത്തിന് മതിയായ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ സമയബന്ധിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ദളിത് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ നടന്ന ജയന്തിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കാൻ ആദിവാസി ഊരുകളിൽ ഉൾപ്പെടെ ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കണക്ടിവിറ്റി പ്രശ്നമുള്ള ഇടങ്ങളിൽ സർവീസ് പ്രൊവൈഡർമാർ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കെല്ലാം ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ മുന്നോട്ടു പോവുകയാണ്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കും.

മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനകം വീട് ഉറപ്പുവരുത്തും. തൊഴിൽ നൈപുണ്യ പരിശീലനം നൽകി പ്‌ളേസ്‌മെന്റിലൂടെ 20,000 പേർക്ക് തൊഴിൽ ഉറപ്പാക്കും. പട്ടികജാതി-വർഗ്ഗ സഹകരണ സംഘങ്ങൾ പുനരുജ്ജീവിപ്പിച്ച് കുടിശിക ഒറ്റത്തവണ തീർപ്പാക്കും.
ആദിവാസി വിഭാഗങ്ങളിലെ കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മുതിർന്നവർ എന്നിവർക്ക് പോഷകാഹാരം ലഭ്യമാക്കാൻ ഭക്ഷ്യപദ്ധതി നടപ്പാക്കും. തിരുവനന്തപുരം പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാരാമെഡിക്കൽ സയൻസിൽ പുതിയ കോഴ്സുകൾ ആരംഭിച്ച് കൂടുതൽ സീറ്റുകൾ ഉറപ്പാക്കും. പട്ടികജാതി സംരംഭകർക്കായി ഗ്രീൻ സ്റ്റാർട്ട് അപ്പ് പദ്ധതികൾ ആരംഭിക്കും. പട്ടികജാതി-വർഗ വിഭാഗങ്ങളിലെ യുവ ഗവേഷകർക്ക് പ്രത്യേക ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


അയ്യങ്കാളിയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം ജീവിച്ച കാലഘട്ടം ഓർക്കണം. കേരള ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ് ആ ജീവിതം. അറിവിന്റെ തുല്യമായ വിതരണവും പഠിക്കാനുള്ള തുല്യ അവകാശവും ചേരുമ്പോഴേ വിദ്യാഭ്യാസം എന്ന സങ്കൽപം സഫലമാകൂ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. പാഠമില്ലെങ്കിൽ പാടത്തേക്കില്ലെന്നാണ് അദ്ദേഹം ഉയർത്തിയ മുദ്രാവാക്യം. 1908ൽ സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ പണിമുടക്ക് സംഘടിപ്പിച്ച ധീരസമരനായകനാണ് അയ്യങ്കാളി. ഈ നീക്കം വലിയ വിഭാഗം കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം ഒരുക്കി. സഞ്ചാരസ്വാതന്ത്ര്യത്തിന് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ വില്ലുവണ്ടി സമരമാണ്- മുഖ്യമന്ത്രി പറഞ്ഞു.

കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്തളം സുധാകരൻ, ടി.കെ. അനിയൻ, അഡ്വ. എസ്. പ്രഹ്ളാദൻ, രാമചന്ദ്രൻ മുല്ലശ്ശേരി, നെയ്യാറ്റിൻകര സത്യശീലൻ, കെ. രവികുമാർ, സമിതി ഭാരവാഹികളായ എസ്.പി. മഞ്ജു, എ.എസ്. രാമചന്ദ്രൻ, സുരേഷ് വെങ്ങാനൂർ, സുശീല മോഹനൻ, സുധീഷ് പയ്യനാട്, പി.ഡി. ബാബു, എ.എ. അനീസ്, വിളപ്പിൽശാല പ്രേംകുമാർ, ചിറക്കര സലിംകുമാർ, കെ.എസ്. ജയപ്രകാശ്, പ്രബോധ് എസ്. കുണ്ടച്ചിറ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINAIRAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.