കോഴിക്കോട്: പത്താം ക്ളാസ് പരീക്ഷാ ഫലം ജൂൺ 15നകവും പ്ളസ്ടു ഫലം ജൂൺ 20 ഓടെയും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പുതിയ അദ്ധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ പരിഗണിച്ച് നേരത്തെ നിശ്ചയിച്ച എൻ.എസ്.എസ് ക്യാമ്പുകൾ മാറ്റി വച്ചതായും മന്ത്രി പറഞ്ഞു.
2017-18 അദ്ധ്യയന വർഷത്തിലാണ് കൈത്തറി യൂണിഫോം പദ്ധതി ആരംഭിച്ചത്. ആദ്യ വർഷം സർക്കാർ എൽ.പി സ്കൂളുകളിലും തുടർന്ന് യു.പി സ്കൂളുകളിലും എയ്ഡഡ് എൽ.പി സ്കൂളുകളിലും പദ്ധതി നടപ്പാക്കി. പുതിയ അദ്ധ്യയന വർഷം എല്ലാ സർക്കാർ എൽ.പി, യു.പി സ്കൂളുകളിലും എയ്ഡഡ് എൽ.പി സ്കൂളുകളിലും കൈത്തറി യൂണിഫോം വിതരണം ചെയ്യും. ഈ വർഷം 120 കോടി രൂപ കൈത്തറി യൂണിഫോം പദ്ധതിക്കായി ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |