ലക്ഷ്യം മോദിയുടെ ഭരണത്തിന്റെ അന്ത്യം, അടിമുടി മാറ്റങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ്

Friday 11 January 2019 4:12 PM IST

parlaimanet-

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥികളെ അവസാനഘട്ടത്തിൽ മുകളിലുള്ള ഏതാനും പേർ കൂടിയിരുന്ന് തീരുമാനിക്കുന്ന രീതി ഇത്തവണ ഉണ്ടാകില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി വ്യക്തമാക്കി. ഫെബ്രുവരി അവസാനത്തോടെ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥികളെയെല്ലാം പാർട്ടി തീരുമാനിക്കും. സ്ഥാനാർത്ഥിചർച്ച ഉടൻ ആരംഭിക്കണമെന്ന് എല്ലാ സംസ്ഥാനഘടകങ്ങൾക്കും പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. കാലം ആഗ്രഹിക്കുന്ന മാറ്റങ്ങൾ പാർട്ടിയിലുണ്ടാവണമെന്ന നിലപാടുള്ളയാളാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി എന്നും ഇന്ദിരാഭവനിൽ കെ.പി.സി.സി ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് ആന്റണി പറഞ്ഞു.

കോൺഗ്രസ്സിന്റെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുകയാണ് പ്രധാനം. കഴിഞ്ഞ തവണ പരമ്പരാഗതമായി പിന്തുണച്ചുപോന്ന ചില വിഭാഗങ്ങൾ തെറ്റിദ്ധാരണ മൂലം അകന്ന് പോയിട്ടുണ്ട്. അവരുടെ തെറ്റിദ്ധാരണ മാറ്റി തിരിച്ചുകൊണ്ടുവരാനാകണം. എന്ത് വിട്ടുവീഴ്ച ചെയ്തും യോജിക്കാവുന്ന എല്ലാവരുമായും യോജിച്ച് മോദി ഭരണത്തിന് അന്ത്യം കുറിക്കുകയാണ് നമ്മുടെ ഒന്നാമത്തെ ലക്ഷ്യം. കോൺഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാൽ ഈ ഭരണം അവസാനിപ്പിക്കാനാവില്ല. പക്ഷേ ഈ പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെയാണ് നിർണ്ണായകശക്തി. കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കാതെ മോദിഭരണം അവസാനിപ്പിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഭയപ്പെടുന്ന എതിരാളി ഇന്ന് രാഹുൽഗാന്ധി മാത്രമാണ്. കോൺഗ്രസിനെ പതിവായി വിമർശിക്കുന്ന മാഗസിൻ പോലും 2019ലെ മാൻ ഒഫ് ദ ഇയർ ആയി തിരഞ്ഞെടുത്തിരിക്കുന്നത് രാഹുൽ ഗാന്ധിയെ ആണ്. ആവശ്യമുള്ള സംസ്ഥാനങ്ങളിൽ സഹകരിക്കാവുന്ന കക്ഷികളുമായി ചേർന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും.

കുരുക്ഷേത്രയുദ്ധത്തിന്റെ വർഷമാണിത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും അടിസ്ഥാനമൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യുദ്ധമാണ് നടക്കാൻ പോകുന്നത്. അടുത്ത തവണ കൂടി കൈപ്പിഴ സംഭവിച്ച് രണ്ടാമതൊരിക്കൽ കൂടി ആർ.എസ്.എസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ആദ്യം തകർക്കപ്പെടുന്നത് ലോകത്തിന് മാതൃകയായ നമ്മുടെ ഭരണഘടനയായിരിക്കും. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ മൗലികാവകാശങ്ങൾ സംരക്ഷിക്കുകയെന്നതാവും ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന കർത്തവ്യമെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ സംബന്ധിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA