SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.01 PM IST

മുഖ്യമന്ത്രിയുടെ പ്രതിരോധത്തിന് ഇടതു മുന്നണി: പ്രതിഷേധങ്ങൾ ആകാശം മുട്ടി

v

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലുകളെ തുടർന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കത്തിപ്പടർന്ന യു.ഡി.എഫ്, ബി.ജെ.പി പ്രതിഷേധ സമരങ്ങൾ തെരുവുകളിൽ നിന്ന് ആകാശം വരെ പടർന്നു. ഇതോടെ,മുഖ്യമന്ത്രിക്കും സർക്കാരിനും കൂട്ടായ പ്രതിരോധം ചമയ്ക്കാൻ ഇടതുമുന്നണിയും കളത്തിലിറങ്ങി. ബദൽ പ്രചാരണ, പ്രതിരോധ തന്ത്രങ്ങൾക്ക് ഇന്ന് വൈകിട്ട് 3.30ന് എ.കെ.ജി സെന്ററിൽ ചേരുന്ന എൽ.ഡി.എഫ് യോഗം രൂപം നൽകും.

കറുത്ത വേഷം ധരിച്ചെത്തിയ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിനകത്തേക്ക് തഞ്ചത്തിൽ കയറി പ്രതിഷേധിച്ചതും, ഇവരെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ തള്ളി നീക്കിയതുമായ സംഭവം പ്രതിഷേധം ഏതറ്റംവരെ പോകുന്നുവെന്നത് മാത്രമല്ല, വൻ സുരക്ഷാ വീഴ്ചയിലേക്കും വിരൽചൂണ്ടുന്നു. വിമാനത്താവളത്തിലെ അതീവ സുരക്ഷാ സംവിധാനങ്ങളെയെല്ലാം കബളിപ്പിച്ചു കൊണ്ട് വിമാനത്തിനകത്ത് പ്രതിഷേധം അരങ്ങേറുന്നത് ഇതാദ്യം. അതും, ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷയുള്ള ഒരു മുഖ്യമന്ത്രിയുടെ നേർക്ക്. മദ്യപിച്ച് വിമാനത്തിനകത്ത് കയറിയവർ നടത്തിയ അക്രമമെന്ന് ഇ.പി. ജയരാജൻ സംഭവത്തെ വിശേഷിപ്പിച്ചു. മദ്യപിച്ചിട്ടില്ലെന്ന് യൂത്ത്കോൺഗ്രസുകാരും ആണയിട്ടു.

പ്രതിഷേധക്കാരെ എതിരിടാൻ പലേടത്തും ഇന്നലെ സി.പി.എം പ്രവർത്തകരും രംഗത്തിറങ്ങിയതോടെ ക്രമസമാധാനപ്രശ്നമായി കാര്യങ്ങൾ വളരുകയാണ്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളും മാസ്കും ധരിച്ചവരെ വിലക്കിയ പൊലീസ് നടപടി വിവാദമായതോടെ, അങ്ങനെ വിലക്കില്ലെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള കള്ളപ്രചാരണമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിശദീകരിച്ചു. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കറുത്ത വസ്ത്രം ധരിച്ചെത്തിയവരെ പൊലീസ് എവിടെയും തടഞ്ഞില്ലെങ്കിലും, യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ പലേടത്തും കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി കനത്ത സുരക്ഷാവലയത്തിലൂടെയാണ് വിമാനത്താവളത്തിൽ നിന്ന് ക്ലിഫ്ഹൗസിലേക്ക് പോയത്.അതിനിടയിലും പ്രതിഷേധങ്ങൾ ഉയർന്നതോടെ,സംഘർഷാവസ്ഥ

തലസ്ഥാനത്തേക്കും പടർന്നു.

തുടർ ഭരണത്തിന്റെ ഒന്നാം വാർഷികവേളയിൽ സർക്കാരിന്റെ നിറം കെടുത്തുന്ന വിധത്തിൽ വിവാദങ്ങളുയരുന്നത് ഇടതുമുന്നണിക്ക് വെല്ലുവിളിയും തലവേദനയുമാണ്. സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള സംഘപരിവാറിന്റെ രാഷ്ട്രീയക്കളിയാണെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ഇത് തുറന്നുകാട്ടിയുള്ള പ്രചാരണം

ശക്തമാക്കാനാണ് നീക്കം. കേന്ദ്ര ഏജൻസികളോടുള്ള സമീപനത്തിൽ കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണെന്ന പ്രചാരണവും ശക്തമാക്കും. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധിക്കും സോണിയ ഗാന്ധിക്കും നോട്ടീസ് നൽകിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് ഡൽഹിയിൽ വൻ പ്രതിഷേധം നടത്തുന്ന കോൺഗ്രസ് നേതാക്കൾ കേരളത്തിൽ ഇടതുസർക്കാരിനെതിരായ ഇ.ഡി നീക്കത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. സമ്പൂർണ ബഡ്ജറ്റ് പാസാക്കാനായി 27ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ, സർക്കാരിനെ മുൾമുനയിൽ നിറുത്തിക്കൊണ്ടുള്ള പ്രതിഷേധ പരമ്പര ശക്തമാക്കാനാണ് യു.ഡി.എഫിന്റെ നീക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.