ദീപ നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ പാർട്ടി കൂടെയുണ്ടാകും, കാവ്യ മോഷണത്തിൽ കോളേജ് അദ്ധ്യാപിക എഴുതുന്നു

Monday 03 December 2018 11:14 AM IST
deepa-nisanth

കവിതാ ചോരണത്തിന്റെ ആരോപണ നിഴലിൽ നിൽക്കുന്ന അദ്ധ്യാപിക ദീപാ നിശാന്തിനെ വിമർശിച്ച് സാഹിത്യകാരിയും കോളേജ് അദ്ധ്യാപികയുമായ റോസി തമ്പി. ബിരുദ ബിരുദാന്തരതലത്തിൽ മലയാള സാഹിത്യം പഠിപ്പിക്കുന്ന അദ്ധ്യാപികയായ ദീപാ നിശാന്തിന് ഇനി വിദ്യാർത്ഥികൾക്ക് എന്ത് മൂല്യബോധമാണ് പകർന്നു കൊടുക്കാൻ കഴിയുകയെന്ന് അവർ ചോദിക്കുന്നു. സെലിബ്രിറ്റി പരിവേഷമില്ലാതെ ജീവിച്ചിരിക്കാൻ വേണ്ടി ജീവിതം കൊണ്ട് എഴുതുന്ന ഒരുപാട് സ്ത്രീ എഴുത്തുകാർ ജീവിച്ചിരിപ്പുണ്ടെന്നും അവരുടെ മുഖത്താണ് പ്രശസ്തിയുടെ കൊടുമുടിയിൽ ഇരുന്ന് ദീപ കാർക്കിച്ചു തുപ്പിയതെന്നും റോസി തമ്പി പറയുന്നു.

ദീപാ നിശാന്തിനെ സഹായിക്കാൻ അവരുടെ പാർട്ടി കൂടെ ഉണ്ടാവും, മലയാള സാഹിത്യ രംഗത്ത് നിലനിൽക്കാൻ ഒരാൾക്ക് ഇടതുപക്ഷത്തിന്റെ പിൻതുണ ആവശ്യമാണെന്നും അത് കൊണ്ട് മൗനം പാലിക്കുകയാണ് നല്ലതെന്ന് പ്രശസ്തരായ എല്ലാ എഴുത്തുകാർക്കും അറിയാം. നെഗറ്റീവ് പബ്ലിസിറ്റി ഗുണകരമാക്കാനുള്ള മാന്ത്രിക വിദ്യ ദീപ നിശാന്തിന് അറിയാമെന്ന് ബീഫ് സമരത്തിന്റെ സംഭവം ഓർത്തെടുത്ത് റോസി തമ്പി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വിഷയം കാവ്യ മോഷണം തന്നെ.

ദീപാ നിഷാന്ത് എന്ന തൃശ്ശൂർ കേരളവർമ്മ കോളേജിലെ മലയാളം അധ്യാപിക തന്റെ സുഹൃത്ത് എഴുതി കൊടുത്ത കവിത സ്വന്തം പേരും ഫോട്ടോയും വെച്ച് കോളേജദ്ധ്യാപക സംഘടനയുടെ മാസികക്ക് പ്രസിദ്ധീകരിക്കാൻ നൽകുകയും അത് അച്ചടിച്ചു വരികയും ചെയ്തു.ആ കവിതയാകട്ടെ വർഷങ്ങൾക്കു മുമ്പ് മറ്റൊരു കവി എഴുതി പ്രസിദ്ധികരിച്ചതാണെന്ന് തെളിയുകയും ചെയ്തിരിക്കുന്നു.

ബിരുദബിരുദാന്തരതലത്തിൽ മലയാള സാഹിത്യം പഠിപ്പിക്കുന്ന അദ്ധ്യാപികയാണ് ദീപാനിഷാന്ത്, മറ്റൊരാൾ എഴുതി കൊടുത്ത കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ മാസികക്ക് അയച്ചുകൊടുക്കുകയും അങ്ങനെ മാസികയുടെ എഡിറ്ററെയും വായനക്കാരേയും വഞ്ചിക്കുകയും ചെയ്ത ഒരു വ്യക്തിക്ക് തന്റെ വിദ്യാർത്ഥികൾക്ക് എന്ത് മൂല്യബോധമാണ് പകർന്നു കൊടുക്കാൻ കഴിയുക. പരീക്ഷക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടാൽ വിദ്യാർത്ഥിയെ പരിക്ഷ എഴുതുന്നതിൽ നിന്ന് ഒഴുവാക്കും അതിലും വലിയ തെറ്റാണ് അവനവനോടും സാഹിത്യത്തോടും ഈ അദ്ധ്യാപിക ചെയ്തത്. മാത്രമല്ല സോഷ്യമിഡിയ രംഗത്ത് അവർക്കുണ്ടായിരുന്ന അതിപ്രശസ്തി ഈ വിഷയം മുഴുവൻ മലയാളികളിലേക്കും അതിവേഗം എത്തിച്ചിരിക്കുന്നു.(അതിനിടയിലെ പൈങ്കിളി കഥകളെല്ലാം ഒഴിവാക്കുന്നു) ഒരു മലയാളം അദ്ധ്യാപിക എന്ന നിലയിലും സ്വന്തമായി ബോധ്യമുള്ള ചില കാര്യങ്ങളെങ്കിലും എഴുതുന്ന വ്യക്തി എന്ന നിലയും ദീപ നിഷാന്തിന്റെ പ്രവർത്തി എന്നെയും അപമാനപ്പെടുത്തുന്നു. അല്ലെങ്കിലും പെണ്ണുങ്ങൾ എഴുതുന്നതെല്ലാം ആണുങ്ങൾ എഴുതിക്കൊടുക്കുന്നതാണ് എന്നൊരു പതം പറച്ചിൽ ഉള്ളതാണ്. പ്രത്യേകിച്ചും ഭർത്താവ് സാഹിത്യകാരനാണെങ്കിൽ അയാൾ ഇടം കൈകൊണ്ട് എഴുതി കൊടുക്കുന്നതാണ് ഭാര്യയുടെ പേരിൽ പ്രസിദ്ധികരിച്ചു വരുന്നത് എന്നത് അങ്ങാടി പാട്ടാണ് ,അതിന്റെ സത്യം ആരും ആന്വേഷിക്കാറില്ല .മാത്രമല്ല പുരുഷ സൗഹൃദസദസ്സുകളിൽ ഞങ്ങൾക്കറിയാം അവർക്കതിനുള്ള കഴിവൊന്നുമില്ല അത് സാറ് എഴുതി കൊടുക്കുന്നതാണ് എന്ന് മധുരം നിറഞ്ഞ ചിരിയൊടെ കമന്റുമ്പോൾ വെറും ഒരു പുഞ്ചിരിയിൽ അത് ഒളിപ്പിക്കാനും കൂടി അറിയുന്ന ആളെങ്കിൽ കാവ്യം സുകേയം തന്നെ .
പറഞ്ഞു വന്നത് ഇവിടെ ഒരു പാട് സ്ത്രീകൾ സ്വന്തമായി അദ്ധ്വാനിച്ച് തന്നെ എഴുത്തുരംഗത്ത് നിൽക്കുന്നുണ്ട്. അവർക്കൊന്നും ദീപ നിഷാന്തിന്റെ സെലിബ്രിറ്റി പരിവേഷമില്ലായിരിക്കാം. പക്ഷേ അവർ ജിവിതം കൊണ്ടാണ് എഴുതുന്നത്.പ്രശസ്തിക്കുവേണ്ടിയല്ല. ജീവിച്ചിരിക്കാൻ വേണ്ടിയാണ് ഞാനടക്കം പലരും എഴുതുന്നത് .അങ്ങനെയുള്ളവരുടെ മുഖത്താണ് പ്രശസ്തിയുടെ കൊടുമുടിയിൽ ഇരുന്ന് ദീപ കാർക്കിച്ചു തുപ്പിയത്.
ദീപ ,നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ പാർട്ടി കൂടെയുണ്ടാകും. അതു കൊണ്ടു തന്നെ നിങ്ങൾക്കെതിരായി പറയാൻ ബുദ്ധിയുള്ള ആരും ശ്രമിക്കില്ല. എന്തെന്നാൽ മലയാള സാഹിത്യ രംഗത്ത് ഇന്നൊരാൾ നിലനിൽക്കണം എന്നാഗ്രഹിക്കുന്നെങ്കിൽ അയാൾക്ക് കൃത്യമായും ഇടതുപക്ഷത്തിന്റെ പിൻതുണ ആവശ്യമുണ്ട്. അതുകൊണ്ട് മൗനം പാലിക്കുകയാണ് നല്ലത് എന്ന് ബുദ്ധിയുള്ള ,അല്പം പ്രശസ്തരായ എല്ലാ എഴുത്തുകാർക്കും അറിയാം. അതു കൊണ്ട് അവർ ഒന്നുകിൽ മൗനം പാലിക്കും അല്ലെങ്കിൽ എഴുതി തന്ന വ്യക്തിയെ ക്രൂശിക്കും . അയാൾ ജന്മനാ പഠിച്ച കള്ളനെന്ന് സർട്ടിഫിക്കറ്റുകൾ പ്രസിദ്ധീകരിക്കും. (ഒരു നിഷ്‌കളങ്കയായ പെൺകുട്ടിയെ വഞ്ചിച്ചവനെ കുരിശേറ്റുക എന്ന നിലവിളികൾ സോഷ്യൽ മീഡിയയിൽ നിന്നയുന്നുണ്ട്. )പാർട്ടി നിങ്ങളെ തള്ളി പറയാത്തിടത്തോളം കാലം നിന്ദ പോലും നിങ്ങൾക്ക് സ്തുതിയാണ്. നിങ്ങളുടെ നേരെ ആരെങ്കിലും ഒരു ശകാരവാക്കെറിഞ്ഞാൽ അതു വിജയപുഷ്പമായാണ് നിങ്ങളെ തൊടുക, നെഗറ്റീവ് പബ്ലിസിറ്റിയും ഗുണാത്മകമാക്കി തീർക്കാനുള്ള മന്ത്രിക വിദ്യ നിങ്ങൾക്കറിയാം. ബീഫ് സമരത്തിന്റെ ആദ്യ ദിവസം കേരള വർമ്മയിൽ വാല്യൂ വേഷൻ ക്യാമ്പ് നടക്കുകയാണ് എല്ലാവരെയും പോലെ ഞാനും ദീപയോടു പറഞ്ഞു .വിഷമിക്കരുത് ധൈര്യമായിക്കു.എല്ലാവരും കൂടെയുണ്ട്. അപ്പോൾ അവർ പറഞ്ഞ ഒരു വാചാകം എന്നെ അത്ഭു തപ്പെടുത്തി.അതിങ്ങനെയായിന്നു.'ടീച്ചർ എന്റെ പുസ്തകം വരുന്നുണ്ട് അതിന്റെ പബ്ലിസിറ്റിക്കു വേണ്ടിയാണ് ഞാനിതൊക്കെ ചെയ്യുന്നത് എന്നാണ് പലരും പറയുന്നത് ' . എന്തിനാണ് ആളുകൾ അങ്ങനെ ചിന്തിക്കുന്നത് എന്ന് ഞാനും അതിശയിച്ചു.
അവർ എന്റെ എആസുഹൃത്ത് അല്ലാത്തതു കൊണ്ട് അവരുടെ പോസ്റ്റുകളൊന്നും സ്ഥിരമായി കണ്ടില്ല. ഷെയർ ചെയ്തു വരുന്നത് ചിലതു വായിക്കുകയും അതിന്റെ സ്വീകാര്യത കണ്ട് സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ പ്രവർത്തിയിലൂടെ അവർ അദ്ധ്യാപിക എന്ന പദവിയെ അപകീർത്തിപ്പെടുത്തിയിരിക്കുന്നു'. അവർ ഇനിയും ആ തൊഴിലിൽ യാതൊരു തടസ്സവും കൂടാതെ തുടരുന്നത് എഴുത്തുകാരായ എല്ലാ അദ്ധ്യാപക / അദ്ധ്യാപികമാർക്കും നാണക്കേടാണ്.നിയമ പരമായ നടപടിയാണ് കോളേജധികൃതർ ഇക്കാര്യത്തിൽ സ്ഥീകരിക്കേണ്ടത്. അല്ലെങ്കിൽ പൊതു സമൂഹത്തിനു മുമ്പിൽ കോളേജ് അധ്യാപകർക്കെല്ലാം അതു നാണക്കോടാണ്.
റോസി തമ്പി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA