'ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്' പുസ്തകം പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി

Friday 07 December 2018 7:42 PM IST
prd-text

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ച് പി.ആർ.ഡി പുറത്തിറക്കിയ ‘തമസോ മാ ജ്യോതിർഗമയ – ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്’ എന്ന ലഘുപുസ്തകം പിൻവലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പല നവോത്ഥാന നായകരുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന വിമർശനം ഉയർന്നതിനെതുടർന്ന് പുസ്തകം പിൻവലിക്കാൻ പി.ആ|.ഡി അലോചിക്കുന്നതായി വാർത്തകൾ വന്നിരുന്നു.

‘ ഈ പുസ്തകം വിശദമായ നവോത്ഥാന ചരിത്രപഠനത്തിന് പുതിയ തലമുറയ്ക്ക് പ്രചോദനവും പ്രേരണയും നൽകുന്ന ഒന്നാണ്. നവോത്ഥാന പ്രക്രിയയിൽ സംഭാവന നൽകിയവരായി ഒട്ടേറെ സാമൂഹ്യ പരിഷ്‌കർത്താക്കളുണ്ട്. അവർ നൽകിയ സംഭാവനകളെ നാമെല്ലാം മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.’

അതേസമയം എല്ലാ സാമൂഹിക പരിഷ്‌കർത്താക്കളെയും സംഭവങ്ങളെയും കുറിച്ച് വിശദമായി പരാമർശിക്കുക എന്നത് ഈ പുസ്തകത്തിന്റെ ലക്ഷ്യമായിരുന്നില്ല. ഇത്തരമൊരു ലഘുപുസ്തകത്തിൽ അത് പ്രായോഗികവുമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെ നവോത്ഥാന കാലഘട്ടത്തിന്റെ ലഘുവിവരണത്തോടൊപ്പം, സാമൂഹിക പരിഷ്‌കരണത്തിന് നിർണായകമായ സംഭാവന നൽകിയ നവോത്ഥാന നായകരെക്കുറിച്ചുമാണ് പുസ്തകത്തിൽ പൊതുവിൽ പരാമർശിച്ചിട്ടുള്ളത്.

അനാചാരങ്ങളും അടിച്ചമർത്തലുകളും നിറഞ്ഞ ഇരുണ്ട കാലഘട്ടത്തിൽ നിന്ന് ആധുനിക കാലഘട്ടത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തെക്കുറിച്ചും, കേരളം കടന്നുവന്ന ചരിത്ര വഴികളെക്കുറിച്ചും, സാമാന്യമായ ധാരണ പൊതുസമൂഹത്തിന് ലഭിക്കുന്നതിനുവേണ്ടിയാണ് പുസ്തകം തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA