സിവിൽ പൊലീസ് പരീക്ഷ :ചുരുക്കപ്പട്ടിക പോലും പ്രസിദ്ധീകരിക്കാതെ പി.എസ്.സി

ശരണ്യാ ഭുവനേന്ദ്രൻ | Wednesday 13 February 2019 12:50 AM IST
psc-recruitment

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ (മെയിൽ /ഫീമെയിൽ)​ തസ്തികയിലേക്കുള്ള പരീക്ഷ നടത്തി ഏഴ് മാസം കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ ഉദ്യോഗാർത്ഥികളെ പി.എസ്‌.സി വലയ്ക്കുന്നു. സംസ്ഥാന പൊലീസ് സേനയിലേക്ക് കൂടുതൽ പേരെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രിയടക്കം പ്രഖ്യാപിച്ചിട്ടും സേനയിൽ ആയിരത്തിലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടും പി.എസ്‌.സി ഇതൊന്നും അറിഞ്ഞമട്ടില്ല. 2018 ജൂലായിൽ നടത്തിയ പരീക്ഷയുടെ ചുരുക്കപ്പട്ടിക പോലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

2017 ഡിസംബറിലാണ് സിവിൽ പൊലീസ് ഓഫീസർ മെയിൽ /ഫീമെയിൽ തസ്തികയിലേക്കുള്ള വിജ്ഞാപനം വന്നത്. പരീക്ഷ 2018 മേയ് 26ന് നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് നിപ പടർന്നതോടെ മേയ് 31വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. ശേഷം ജൂലായ് 22ന് പരീക്ഷ നടത്തി. രണ്ട് തസ്തികയ്ക്കും 6,56,058 പേർ അപേക്ഷ നൽകിയിരുന്നെങ്കിലും 5,25,352 പേരാണ് 2,203 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയത്. കൂടുതൽ ഉദ്യോഗാർത്ഥികൾ തലസ്ഥാന ജില്ലയിൽ നിന്നുമായിരുന്നു.

പരീക്ഷ കഴിഞ്ഞ് ഉത്തര സൂചികയും കട്ട് ഓഫ് മാർക്കും പ്രസിദ്ധീകരിച്ചതോടെ ലിസ്റ്റിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷയുള്ള ഉദ്യോഗാർത്ഥികൾ കായികക്ഷമതാ പരിശീലനം ആരംഭിച്ചു. മാർച്ചിനുള്ളിൽ ചുരുക്കപ്പട്ടിക വന്നില്ലെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കിടെ കായികക്ഷമതാ പരീക്ഷയടക്കം ഇനിയും വൈകും.


ഇപ്പം ശരിയാക്കാമെന്ന് പി.എസ്.സി

ലിസ്റ്റ് താമസിക്കുന്നതിനെക്കുറിച്ച് പല പ്രാവശ്യം അധികൃതരോട് കാരണം തിരക്കിയെങ്കിലും ഉടൻ വരുമെന്ന സമാശ്വസിപ്പിക്കൽ മാത്രമാണ് നടക്കുന്നത്. പി.എസ്.സി വിജ്ഞാപനം ഇറക്കി ഒരുവർഷത്തിനകം റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കണമെന്നുള്ള സർക്കാർ തീരുമാനമാണ് ഇതോടെ അസ്ഥാനത്തായത്.

നേരത്തേ പറഞ്ഞത്

എസ്.എ.പി (തിരുവനന്തപുരം), എം.എസ്.പി. (മലപ്പുറം), കെ..എ.പി. -1 ( എറണാകുളം), കെ.എ.പി. -2 (തൃശൂർ), കെ.എ.പി - 3 (പത്തനംതിട്ട), കെ.എ.പി -4 (കാസർകോട് ), കെ.എ.പി. -5 (ഇടുക്കി) എന്നിങ്ങനെ ആംഡ് പൊലീസിന്റെ ഏഴ് ബറ്റാലിയനിലേക്ക് 40,​000 ഉദ്യോഗാർത്ഥികളെ നിയമിക്കുമെന്നും വനിത ബറ്റാലിയനിലേക്ക് 16,​000 പേരുടെ ചുരുക്കപ്പട്ടിക ഡിസംബറിൽ പ്രഖ്യാപിക്കുമെന്നും ജനുവരി - ഫെബ്രുവരിയിൽ കായികക്ഷമതാ പരീക്ഷ നടത്തുമെന്നുമായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA