SignIn
Kerala Kaumudi Online
Saturday, 20 April 2024 4.37 PM IST

86ലും പ്രിയൻ രമണൻ

ramanan

കൊച്ചി: കാനനച്ചോലയി​ൽ ആടുമേയ്ക്കാൻ... ഒരുതവണയെങ്കിലും മൂളാത്തവർ വിരളം. മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട ഗ്രന്ഥമെന്ന ഖ്യാതിയുമായി പ്രസിദ്ധീകരണത്തിന്റെ 86-ാം വയസ്സിലും ചങ്ങമ്പുഴയുടെ 'രമണൻ' ജനമനസ്സിലുണ്ട്.

അഞ്ചു ലക്ഷത്തോളം കോപ്പി വിറ്രഴിഞ്ഞിട്ടുണ്ടെന്നും ഇന്നും കോപ്പി തേടിയെത്തുന്നവരുണ്ടെന്നും കൊച്ചിയിലെ പ്രസാധകരായ സി.ഐ.സി.സി പറയുന്നു. 2008ൽ ചങ്ങമ്പുഴ കൃതികളുടെ പകർപ്പവകാശം അവസാനിച്ചു. ഇപ്പോൾ ആർക്കും അച്ചടി​ക്കാം. രമണൻ ഉൾപ്പെടെ വെബ് പോർട്ടലിൽ ലഭ്യം.

1936ൽ എറണാകുളം മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റിന് പഠിക്കവേ 25-ാം വയസിലാണ് ചങ്ങമ്പുഴ 'രമണൻ' എഴുതുന്നത്. അക്ഷരാഭ്യാസമില്ലാത്തവർ പോലും വരികൾ ഹൃദിസ്ഥമാക്കി, രമണനെയും ചന്ദ്രി​കയെയും മദനനെയും നെഞ്ചേറ്റി​. വാങ്ങാൻ കാശില്ലാത്തതിനാൽ പകർത്തിയെഴുതി പിറ്റേന്ന് ഉടമയ്ക്ക് രമണൻ തിരിച്ചുകൊടുത്ത പഴയകാല അനുഭവങ്ങൾ എം.ടി. വാസുദേവൻ നായർ, കോവിലൻ തുടങ്ങിയവർ പങ്കുവച്ചിട്ടുണ്ട്.

അവധി കഴിഞ്ഞ് മടങ്ങുന്ന പട്ടാളക്കാർ അക്കാലത്ത് കൂട്ടുകാർക്കു വേണ്ടി രമണനെ ഒപ്പംകൂട്ടി. പ്രചാരമേറിയതോടെ 1940കളിൽ ഇടപ്പള്ളി പോസ്റ്റ്‌ ഓഫീസിൽ രമണൻ പാഴ്സൽ അയയ്ക്കാൻ പ്രത്യേക കൗണ്ടർ തുറക്കേണ്ടിവന്നു. യുദ്ധത്തിൽ മരിച്ച സൈനികരുടെ ട്രങ്ക് ബന്ധുക്കൾ തിരിച്ചു കൈപ്പറ്റുമ്പോൾ അതിൽ രമണന്റെ കോപ്പി സാധാരണമായിരുന്നു.

പ്രണയകാവ്യമെന്നതിനപ്പുറം ജാതീയവും സാമ്പത്തികവുമായ അസമത്വവും അതിന്റെ സംഘർഷങ്ങളുമാണ് രമണിൽ നിറഞ്ഞുനിൽക്കുന്നത്.

രമണനെക്കുറിച്ച് എഴുതാത്ത നിരൂപകരില്ല. 14-ാം പതിപ്പിന് അവതാരിക എഴുതിയ മുണ്ടശ്ശേരി 'മധുരനാരങ്ങ പോലെ വിറ്റഴിക്കപ്പെടുന്ന കൃതി'യുടെ ജനപ്രീതിയിൽ അത്ഭുതം കൂറി.

പ്രസിദ്ധീകരിച്ചതിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് 2017ൽ രമണൻ നാമധാരികളുടെ കൂട്ടായ്മ ഇടപ്പള്ളിയിൽ സംഘടിപ്പിച്ചപ്പോൾ വിദേശത്തു നിന്നുവരെ രമണൻമാരെത്തി. ചെറുകാടിന്റെ മകൻ കെ.പി.രമണനായിരുന്നു ഉദ്ഘാടകൻ.

കഥാപാത്രങ്ങൾ തങ്ങൾക്ക് ഒപ്പമുണ്ടെന്ന തോന്നൽകൊണ്ടാവാം ചന്ദ്രിക ആരാണെന്നും വീട് എവിടെയാണെന്നും ആളുകൾ ചോദിക്കുമായിരുന്നു

ഹരികുമാർ ചങ്ങമ്പുഴ (ചെറുമകൻ),

അസോ. പ്രൊഫസർ, സ്കൂൾ ഒഫ് ലെറ്റേഴ്സ്,

എം.ജി. യൂണിവേഴ്സിറ്റി

രമണന്റെ രണ്ടും മൂന്നും പതിപ്പുകൾ ഇറങ്ങിയ വർഷങ്ങളുണ്ട്. പതിനായിരം കോപ്പികൾ വീതമാണ് ഓരോ തവണയും അച്ചടിച്ചിരുന്നത്

സി.ഐ.സി.സി ജയചന്ദ്രൻ

പുസ്തക പ്രസാധകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHANGAMPUZHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.