ചേർത്തല : ആരോഗ്യ,വിദ്യാഭ്യാസ മേഖലകൾക്ക് മുൻഗണന നൽകി എസ്.എൻ ട്രസ്റ്റിന്റെ 2022-23 വർഷത്തേക്കുള്ള 141,49,11,000 രൂപയുടെ ബഡ്ജറ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അവതരിപ്പിച്ചു. ആശുപത്രികൾക്കായി 45 കോടിയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി 12 കോടിയും വകയിരുത്തി. ആശുപത്രികളുടെ ആധുനികവത്കരണത്തിനായി 10 കോടി നീക്കി വച്ചു.
എയ്ഡഡ് കോളേജുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ 7 കോടിയും, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്ക് 3 കോടിയും വകയിരുത്തി. മറ്റ് വികസന പ്രവർത്തനങ്ങൾക്കായി എയ്ഡഡ് കോളേജുകൾക്ക് രണ്ട് കോടിയും,സെൻട്രൽ സ്കൂളുകൾക്ക് ഒരു കോടിയും നീക്കിവച്ചു. ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന 69-ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ചു. കണക്കും റിപ്പോർട്ടും വെള്ളാപ്പള്ളി അവതരിപ്പിച്ചു. ഓഡിറ്ററായി അബ്ദുൾ റഹിം ആൻഡ് കമ്പനി ആലപ്പുഴയെ തീരുമാനിച്ചു. ട്രഷറർ ഡോ.ജി.ജയദേവൻ,ലീഗൽ അഡ്വൈസർ അഡ്വ.എ.എൻ.രാജൻബാബു എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |