തിരുവാഭരണ ഘോഷയാത്ര സമരക്കാർ വേണ്ടെന്ന നിർദേശം കൊട്ടാരവും ബോർഡും തള്ളി

Friday 11 January 2019 10:45 PM IST

sabari
ശബരിമല

പത്തനംതിട്ട: ശബരിമല സമരത്തിൽ സജീവ പങ്കാളികളായവരെയും റിമാൻഡിൽ കഴിഞ്ഞവരെയും തിരുവാഭരണ ഘോഷയാത്രാ സംഘത്തിൽ ഉൾപ്പെടുത്താൻ പാടില്ലെന്ന പൊലീസ് നിർദേശം പന്തളം കൊട്ടാരവും ദേവസ്വം ബോർഡും തള്ളി. കൊട്ടാരത്തിന്റെയും ഭക്തരുടെയും ഭാഗത്തു നിന്ന് കടുത്ത പ്രതിഷേധമുയർന്നതോടെ പൊലീസും നിലപാടിൽ അയവ് വരുത്തി. യാത്രയെ അനുഗമിക്കുന്നതിന് ഇന്നലെ വൈകിട്ട് വരെ പന്തളം പൊലീസ് സ്റ്റേഷനിൽ 160 അപേക്ഷകളാണ് ലഭിച്ചത്. 155 പേർക്കും സർട്ടിഫിക്കറ്റ് നൽകി. ക്രിമിനൽ കേസിൽ പെട്ടതിനാലാണ് അഞ്ച് അപേക്ഷകൾ തള്ളിയത്.

തിരുവാഭരണ പേടകം ചുമക്കുന്ന 22 പേർ, ആറ് സഹായികൾ, പല്ലക്ക് ചുമക്കുന്ന 12 പേർ എന്നിവരുടെ പട്ടിക പന്തളം കൊട്ടാരവും വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡിനു കൈമാറി. ഇവർക്ക് ബോർഡ് തിരിച്ചറിയൽ കാർഡ് നൽകിത്തുടങ്ങി. ഇവരിൽ ശബരിമല സമരത്തിൽ പങ്കെടുത്ത് റിമാൻഡിൽ കഴിഞ്ഞവരുമുണ്ട്.

സമരത്തിൽ പങ്കെടുത്തവർക്ക് തിരിച്ചറിയൽ കാർഡെടുക്കാൻ ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്. ഇതിലുള്ള പ്രതിഷേധം കൊട്ടാരം ഭാരവാഹികൾ ഡി.ജി.പിയെ അറിയിച്ചിരുന്നു. പൊലീസ് നിർദേശം സ്വീകാര്യമല്ലെന്നും പറഞ്ഞു. കൊലപാതകമടക്കം ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഉദ്ദേശിച്ചാണ് കത്തു നൽകിയതെന്നായിരുന്നു ഇതിന് ജില്ലാ പൊലീസ് ചീഫിന്റെയും ജില്ലാ കളക്ടറുടെയും വിശദീകണം.

സമരത്തിൽ പങ്കെടുത്തവർക്ക്

ബോർഡിന്റെ ഐ.ഡി കാർഡ്

അതേസമയം, ശബരിമല സമരത്തിൽ പങ്കെടുത്തതിന് ക്രിമിനൽ കേസുകളിൽ പെട്ട പന്തളം ഭാഗത്തെ ഇരുനൂറോളം പേർക്ക് ഘോഷയാത്രയെ അനുഗമിക്കുന്നതിന് കൊട്ടാരത്തിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ശുപാർശക്കത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് തിരിച്ചറിയൽ കാർഡ് നൽകുന്നുണ്ട്. ക്രിമിനലുകളല്ലെന്ന് ഉറപ്പുള്ളവർക്കാണ് ശുപാർശക്കത്ത് നൽകിയതെന്ന് കൊട്ടാരം ഭാരവാഹികൾ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA