വ്യാപാരികൾ ചെറുത്തു നിന്നു, ശബരിമല കട അടപ്പിക്കൽ നടന്നില്ല

അടൂർ പ്രദീപ് കുമാർ | Saturday 12 January 2019 1:09 AM IST

sabarimala-

ശബരിമല: മകരവിളക്കിന് ഒരു ദിവസം മാത്രം ശേഷിക്കെ,​ ലേലത്തുകയുടെ രണ്ടാം ഗഡു അടയ്ക്കാത്ത കച്ചവട സ്ഥാപനങ്ങൾ അടപ്പിക്കാനുള്ള ദേവസ്വം ബോർഡിന്റെ നീക്കം വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവച്ചു. ഇതു സംബന്ധിച്ച് ദേവസ്വം മന്ത്രിക്കും എക്സിക്യൂട്ടീവ് ഒാഫീസർക്കും വ്യാപാരികൾ നിവേദനം നൽകി.

ഇന്നലെ ഉച്ചയ്ക്ക് മാളികപ്പുറത്തിനു പിന്നിൽ പൊലീസ് ബാരക്കിനു സമീപം ഹോട്ടൽ അടപ്പിക്കാനുള്ള ശ്രമമാണ് ഉപേക്ഷിക്കേണ്ടി വന്നത്. ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസുമായി വ്യാപാരി സംഘടനാ നേതാക്കൾ ചർച്ച നടത്തി. തുടർന്നാണ്,​ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും കമ്മീഷണറും കൂടിയാലോചിച്ച് പരിഹാരം ഉണ്ടാക്കാമെന്ന നിർദ്ദേശം മാനിച്ച് വ്യാപാരികൾ മടങ്ങിയത്.

ലേലത്തുകയുടെ രണ്ടാം ഗഡു നവംബർ 30 ന് മുൻപ് അടയ്ക്കേണ്ടതാണ്. തുക അടയ്ക്കാതിരുന്നപ്പോൾ ഡിസംബർ 20 വരെ സമയം നൽകി. എന്നാൽ,​ രണ്ടാം ഗഡു അടയ്ക്കേണ്ടതില്ലെന്ന് വ്യാപാരികൾ യോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിരോധനാജ്ഞയും പൊലീസ് നിയന്ത്രണങ്ങളും കാരണം ഭക്തരുടെ എണ്ണം കുറഞ്ഞത് വ്യാപാരികൾക്ക് ഉണ്ടാക്കിയ നഷ്ടമായിരുന്നു കാരണം.

ലേലത്തുകയിൽ 50 ശതമാനം ഇളവ് അനുവദിക്കണമെന്നും,​18 ശതമാനം പലിശ ഒഴിവാക്കി മാസപൂജാ വേളകളിൽ ഗഡുക്കളായി അടയ്ക്കാൻ സാവകാശം വേണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA