തിരു​വാ​ഭ​ര​ണ​ ഘോ​ഷ​യാ​ത്ര സന്നിധാനത്തേക്ക്

പി.​എ​സ്.​ ധർമ്മ​രാജ് | Sunday 13 January 2019 12:00 AM IST

പന്തളം: മക​ര​സംക്രമ സന്ധ്യയിൽ ശബ​രി​മ​ലയിൽ അയ്യപ്പന് ചാർത്താ​നുള്ള തിരു​വാ​ഭ​ര​ണ​ങ്ങൾ വഹി​ച്ചു​കൊ​ണ്ടുള്ള ഘോഷ​യാത്ര ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് പന്ത​ളം വലി​യ​കോ​യി​ക്കൽ ശ്രീധർമ്മ​ ശാസ്താക്ഷേത്ര​ത്തിൽ​ നിന്ന് പുറ​പ്പെ​ട്ടു.
വൃശ്ചികം ഒന്നു മുതൽ സ്രാമ്പി​ക്കൽ കൊട്ടാ​ര​ത്തിൽ ദർശ​ന​ത്തിന് വച്ചി​രുന്ന തിരു​വാ​ഭ​ര​ണ​ങ്ങൾ ഇന്നലെ പുലർച്ചെ 4ന് ദേവസ്വം ബോർഡ് അധി​കൃ​തർ പന്തളം കൊട്ടാരം നിർവാ​ഹ​ക സംഘം ഭാര​വാ​ഹി​ക​ളിൽ നിന്ന് ഏറ്റു​വാ​ങ്ങി വലി​യ​കോ​യി​ക്കൽ ക്ഷേ​ത്രത്തിൽ എത്തിച്ചു. രാവിലെ 11ന് ക്ഷേത്ര ഉ​പ​ദേ​ശക സമി​തിയും ദേവസ്വം അധി​കൃ​തരും ചേർന്ന് പന്തളം വലി​യ​ത​മ്പു​രാൻ രേവ​തി​നാൾ പി. രാമ​വർമ്മ​രാ​ജയെ സ്രാമ്പി​ക്കൽ കൊട്ടാ​ര​ത്തിൽ നിന്ന് ക്ഷേത്ര​ത്തി​ലേക്ക് സ്വീക​രിച്ച് ആന​യി​ച്ചതോടെ ഘോഷ​യാ​ത്ര​യ്ക്കുള്ള ചട​ങ്ങു​കൾ ആരം​ഭി​ച്ചു.

രാജ​പ്ര​തി​നിധി പി. രാഘവവർമ്മരാജയെ സ്രാമ്പി​ക്കൽ കൊട്ടാ​ര​ത്തിൽ നിന്നും ഗുരു​സ്വാമി കുള​ത്തി​നാ​ലിൽ ഗംഗാ​ധരൻപിള്ളയുടെ നേതൃ​ത്വ​ത്തി​ലുള്ള തിരു​വാ​ഭ​രണ പേടകവാഹ​ക സംഘത്തെ മണി​ക​ണ്ഠ​നാൽത്ത​റ​യിൽ നിന്നും ക്ഷേത്ര​ത്തി​ലേക്ക് ആന​യിച്ചു. ഉച്ചയ്ക്ക് 12.15ന് തിരു​വാ​ഭ​രണ വാഹക സംഘ​ത്തിന് വലിയ തമ്പു​രാൻ വിഭൂതി നൽകി അനു​ഗ്ര​ഹി​ച്ചതോടെ പ്രത്യേക പൂജകൾക്കായി ക്ഷേത്രനട അട​ച്ചു.

മേൽശാന്തി ഉണ്ണി​​കൃഷ്ണൻ നമ്പൂ​തിരി പൂജിച്ച് നല്കി​യ ഉടവാൾ വലിയ തമ്പുരാൻ തിരു​വാ​ഭ​രണഘോഷയാ​ത്ര ​ന​യി​ക്കുന്ന രാജ​പ്ര​തി​നി​ധിക്ക് കൈമാ​റി. മേൽശാന്തി പേട​ക​ത്തിന് നീരാ​ഞ്ജ​ന​മു​ഴിഞ്ഞ് ചട​ങ്ങു​കൾ പൂർത്തി​യാക്കി. തുടർന്ന് രാജ​പ്ര​തി​നിധി പല്ല​ക്കി​ലേറി യാത്ര തിരി​ച്ചു. പിന്നാലെ ഗുരു​സ്വാമി കുള​ത്തി​നാ​ലിൽ ഗംഗാ​ധ​രൻ പിള്ള തിരു​വാ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങിയ പേടകം ശിരസി​ലേറ്റി യാത്രയായി. കല​ശ​ക്കു​ടവും വെള്ളി​യാ​ഭ​ര​ണ​ങ്ങളും അട​ങ്ങിയ കല​ശപ്പെട്ടി​യു​മായി മരു​ത​മന ശിവൻപി​ള്ളയും, ജീവി​തയും കൊടിയും അട​ങ്ങിയ കൊടിപ്പെ​ട്ടി​യു​മായി കിഴ​ക്കേ​ത്തോ​ട്ട​ത്തിൽ പ്രതാ​പ​ച​ന്ദ്രൻ നായരും അനു​ഗ​മി​ച്ചു.

ഇരു​മു​ടി​ക്കെ​ട്ടേ​ന്തിയ ആയി​ര​ക്ക​ണ​ക്കിന് അയ്യ​പ്പന്മാരും ദേവസ്വം അധി​കൃ​തരും ഘോഷ​യാ​ത്രയെ അനുഗമിക്കുന്നുണ്ട്. പത്ത​നം​തിട്ട എ.​ആർ ക്യാമ്പിലെ അസി. കമൻഡാന്റ് കെ.സുരേ​ഷിന്റെ നേതൃ​ത്വ​ത്തി​ലുള്ള 75 അംഗ സായുധ പൊലീസ് സംഘവും ബോംബ് സ്‌ക്വാഡും ഘോഷ​യാ​ത്രയ്ക്ക് സുര​ക്ഷയൊരുക്കുന്നുണ്ട്.

നാളെ ഘോഷയാത്ര നീലി​മ​ല​യും അപ്പാ​ച്ചി​മേടും കടന്ന് ശബ​രീ​പീഠം വഴി ശരം​കു​ത്തി​യി​ലെ​ത്തു​മ്പോൾ ദേവസ്വം ബോർഡ് അധി​കൃ​തർ വാദ്യ​മേ​ളങ്ങ​ളുടെ അക​മ്പ​ടി​യോടെ സ്വീക​രിക്കും. പതി​നെ​ട്ടാം​പടി കയറി എത്തുന്ന ഗുരു​സ്വാ​മി​യിൽ നിന്ന് മേൽശാ​ന്തിയും തന്ത്രിയും ചേർന്ന് തിരു​വാ​ഭ​ര​ണ​ങ്ങൾ ഏറ്റു​വാങ്ങി ശ്രീകോ​വി​ലി​ലേക്ക് കൊണ്ടു​പോയി വിഗ്ര​ഹ​ത്തിൽ ചാർത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA