പൂങ്കാവനം നിറഞ്ഞ് ഭക്ത ലക്ഷങ്ങൾ , മകരജ്യോതി നാളെ

അടൂർ പ്രദീപ് കുമാർ | Sunday 13 January 2019 1:30 AM IST

makara-jyothi-
പന്തളം ശ്രീധർമ്മ ശാസ്താ ക്ഷേത്രതിതൽ നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നു.

ശബരിമല : മകരവിളക്ക് ദർശനം തേടി എത്തുന്ന ഭക്തരെക്കൊണ്ട് പൂങ്കാവനം നിറഞ്ഞു. അവസാനവട്ട ക്രമീകരണങ്ങളാണ് എവിടെയും. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ സന്നിധാനത്ത് ആരംഭിച്ചു. അകംനിറഞ്ഞ ഭക്തിയുമായി സംക്രമപൂജയുടെ ധന്യത ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പിലാണ് ഭക്ത ലക്ഷങ്ങൾ. നാളെ വൈകിട്ട് 6.40നും 6.45നുമിടയ്ക്ക് മകര ജ്യോതി തെളിയും.

എരുമേലിയിൽ പേട്ടതുള്ളി പരമ്പരാഗത കാനന പാതയിലൂടെ പുറപ്പെട്ടവരും തിരുവാഭരണ പേടകങ്ങളെ യാത്രയാക്കി സന്നിധാനത്തേക്ക് തിരിച്ചവരും ഇന്നലെ വൈകിട്ടോടെ എത്തിത്തുടങ്ങി. ദേവസ്വം ബോർഡ് ഒരുക്കിയ ഇടങ്ങളിലും കാനന മേഖലകളിൽ പർണശാലകൾ ഒരുക്കിയും അയ്യപ്പ മന്ത്രങ്ങളുരുവിട്ട് അവർ പുണ്യ നിമിഷത്തിനായി കാത്തിരിക്കുകയാണ്. ദർശനത്തിന് എത്തുന്നവരിൽ ഏറിയപങ്കും അയൽ സംസ്ഥാനക്കാരാണ്.

നാളെ വൈകിട്ട് ആറേകാലോടെ തിരുവാഭരണങ്ങൾ സന്നിധാനത്ത് എത്തിക്കും. ദീപാരാധനയ്ക്ക് ശേഷം 7.52 ന് മകരസംക്രമ പൂജ നടക്കും. സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള പ്രസാദ ശുദ്ധിക്രിയകൾ ഇന്നലെ ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. ഇന്ന് ഉച്ച പൂജയ്ക്ക് മുന്നോടിയായി ബിംബശുദ്ധിക്രിയകളും നടക്കും.

അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ നേതൃത്വത്തിൽ ആചാരപ്പൊലിമയിൽ ഇന്ന് ഉച്ചയ്ക്ക് പമ്പ സദ്യയും വൈകിട്ട് പമ്പ വിളക്കും നടക്കും. തുടർന്ന് സംഘാംഗങ്ങൾ മലകയറും. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് കുള്ളാർ അണക്കെട്ട് തുറന്ന് പമ്പാനദിയിലെ ജലനിരപ്പ് ഉയർത്തി.

പഴുതടച്ച സുരക്ഷ

കനത്ത സുരക്ഷയാണ് പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലും മകരജ്യോതി ദർശിക്കാവുന്ന ഇടങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായ്ക്കാണ് സുരക്ഷാചുമതല. സന്നിധാനത്ത് എസ്.പി മാരായ സുനിൽ ബാബു, സുജിത്ത് ദാസ്, വി. അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്രസേനയടക്കം 2275 പൊലീസുകാരുണ്ട്. പമ്പയിൽ എസ്.പിമാരായ ആദിത്യ, ബാസ്റ്റൺസാബു എന്നിവരുടെ നേതൃത്വത്തിൽ 900, നിലയ്ക്കലിൽ എസ്.പി മാരായ ഹിമചന്ദ്രനാഥ്, ജമാലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ 1500 പൊലീസുകാരുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA