ശബരിമല: ബി.ജെ.പി നിരാഹാര സമരം അവസാനിപ്പിച്ചു

Monday 21 January 2019 12:50 AM IST
sabarimala

തിരുവനന്തപുരം:ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക, ശബരിമലയിലെ നിരോധാനാജ്ഞ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ 49 ദിവസമായി ബി.ജെ.പി നടത്തിവന്ന നിരാഹാരസമരം ഇന്നലെ അവസാനിപ്പിച്ചു.

മൂന്നുദിവസമായി നിരാഹാരം കിടന്നിരുന്ന ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് ഗാന്ധിയൻ ഗോപിനാഥൻ നായരും ബി.ജെ.പി നേതാവ് കെ.അയ്യപ്പൻപിള്ളയും ചേർന്ന് നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.

ശബരിമല സംരക്ഷണ യജ്ഞം ആറാം ഘട്ടത്തിലേക്ക് നീക്കുന്നതിന്റെ ഭാഗമായാണ് ഉപവാസസമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും 49 ദിവസം നീണ്ട സമരം വിജയമായിരുന്നെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ആർ.എസ്.എസ് പ്രാന്തകാര്യവാഹക് പി.ഗോപാലൻകുട്ടി മാസ്റ്റർ, ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

നിരാഹാര സമരം ഏകോപിപ്പിച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജീവനെയും ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷിനെയും തുഷാർ വെള്ളാപ്പള്ളി പൊന്നാട അണിയിച്ചു.

2018 ഡിസംബർ മൂന്നിനാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക, ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേയുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. ആദ്യം സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനാണു നിരാഹാരമനുഷ്ഠിച്ചത്. പിന്നാലെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ.പത്മനാഭൻ, ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.ശിവരാജൻ, പി.എം.വേലായുധൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ വി.‌ടി.രമ എന്നിവർ നിരാഹാരം ഏറ്റെടുത്തു.

സമരത്തിന്റെ ഒരുഘട്ടത്തിലും സർക്കാർ ബി.ജെ.പി.നേതാക്കളുമായി ചർച്ച നടത്താനോ ഉന്നയിച്ച ആവശ്യങ്ങളോട് പ്രതികരിക്കാനോ തയ്യാറായില്ല. എന്നാൽ സർക്കാർ നിലപാട് തെറ്റാണെന്ന് തെളിയിക്കാൻ സമരത്തിനായെന്നാണ് ബി.ജെ.പി നേതാക്കൾ അവകാശപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA