പന്തളത്ത് കല്ലേറിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ മരിച്ചു

Wednesday 02 January 2019 11:39 PM IST

sabarimala-protest

പന്തളം: പന്തളത്ത് പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ മരിച്ചു. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താനാണ് (55)​ മരിച്ചത്. ആക്രമണത്തിൽ ചന്ദ്രൻ ഉണ്ണിത്താന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ സി.പി.എം ഒാഫീസിൽ നിന്നുള്ള കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താന് പരിക്കേറ്റത്.

സംഭവത്തിൽ ഒരു പൊലീസുകാരനടക്കം മറ്റ് നാല് പേർക്ക് പരിക്കേറ്റു.

ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ആറിന് നടത്തിയ പ്രതിഷേധ പ്രകടനം സി. പി. എം ഏരിയാകമ്മറ്റി ഓഫീസിന് സമീപം എത്തിയപ്പോഴാണ് കല്ലേറും സംഘർഷവും ഉണ്ടായത്. കല്ലേറിൽ പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു.പന്തളം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് (42), കർമ്മ സമിതി പ്രവർത്തകരായ നാഗേഷ്, രഞ്ജിത്ത്, ഹരികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കല്ലേറിലും സംഘർഷത്തിലും ഇടയിൽപ്പെട്ട വഴിയാത്രക്കാർ ഓടി രഷപ്പെട്ടു. ഇതിനിടെ എത്തിയ ഒരു കെ. എസ്. ആർ. ടി. സി ബസിന്റെ ചില്ല് കല്ലേറിൽ തകർന്നു. സി.പി.എം ഓഫീസിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് കർമ്മസമിതി പ്രവർത്തകർ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അക്രമം നടത്തിയ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കർമ്മ സമിതി പ്രവർത്തകർ പിന്നീട് പന്തളത്ത് റോഡ് ഉപരോധിച്ചു. സംഭവസ്ഥലത്തെത്തിയ അടൂർ ഡിവൈ. എസ്. പി ആർ. ജോസ് കർമ്മ സമിതി പ്രവർത്തകരുമായി ചർച്ചനടത്തിയതിനെത്തുടർന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA