നട അടച്ചു: സന്നിധാനത്ത് നിന്നും ഭക്തരെ മാറ്റി, ശബരിമലയിൽ ശുദ്ധികലശം

Wednesday 02 January 2019 10:20 AM IST

sabarimala-
യുവതീ പ്രവേശനത്തെ തുടർന്ന് മേൽശാന്തി ശബരിമലനട അടയ്‌ക്കുന്നു ഫോട്ടോ: സന്തോഷ് നിലയ്‌ക്കൽ

സന്നിധാനം:ഇന്ന് പുലർച്ചെ ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ ശബരിമലയിൽ ശുദ്ധികലശം. സന്നിധാനത്ത് നിന്നും തീർത്ഥാടകരെ മാറ്റിയ ശേഷമാണ് പൂജാരിമാർ ശുദ്ധികലശം ചെയ്യുന്നത്. തന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചകൾക്ക് ശേഷമാണ് മേൽശാന്തി എത്തി ശ്രീകോവിൽ അടച്ചത്. ഉച്ചയ്‌ക്ക് ഒരു മണിക്ക് മുമ്പ് തന്നെ ശുദ്ധിക്രിയകൾ നടത്തി വീണ്ടും നട തുറക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.

ആചാര ലംഘനം നടത്തികൊണ്ട് ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നടയടക്കുമെന്ന് തന്ത്രി കണ്‌ഠരര് രാജീവരര് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുവതികൾ കയറിയതിന്റെ പശ്‌ചാത്തലത്തിൽ ശബരിമലയിൽ ശുദ്ധികലശം നടത്തണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ്മ പ്രതികരിച്ചു.

അതേസമയം, ശബരിമലയിൽ പൊലീസ് സുരക്ഷയോടെ യുവതികൾ ദർശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ശബരിമലയിൽ യുവതികൾ കയറിയെന്നത് വസ്തുതയാണെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് വച്ചാണ് മുഖ്യമന്ത്രി സ്ഥിരീകരിച്ചത്. നേരത്തെയും സ്ത്രീകൾ ശബരിമലയിൽ കയറാനായി പോയിട്ടുണ്ട്. എന്നാൽ തടസങ്ങൾ മൂലം തിരികെ വരികയാണുണ്ടായത്.ഇപ്പോൾ യുവതികൾ ദർശനം നടത്തിയെങ്കിൽ അവിടെ തടസങ്ങളില്ലെന്നാണ് അർത്ഥമാക്കുന്നതെന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കോഴിക്കോട് സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുർഗയും സന്നിധാനത്തെത്തി ദർശനം നടത്തിയത്. പുലർച്ചെ പമ്പയിൽ എത്തിയ ഇവർ പൊലീസിന്റെ സഹായത്തോടെ അതീവ രഹസ്യമായി ദർശനം നടത്തുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA