SignIn
Kerala Kaumudi Online
Monday, 18 May 2026 3.19 AM IST

സാഹസിക രംഗങ്ങളോട് നോ പറയാത്ത വില്ലൻ

santhosh

തിരുവനന്തപുരം : സിനിമയിൽ ഏത് സാഹസിക രംഗവും ഏറ്റെടുക്കാൻ ഉത്സാഹിയായിരുന്നു ഇന്നലെ വാഹനാപകടത്തിൽ വിടവാങ്ങിയ നടൻ സന്തോഷ് നായർ. ഏതു വേഷത്തോടും നോ പറയാത്ത വ്യക്തി. സാഹസിക രംഗങ്ങൾ ചെയ്യുന്നതിലെ ഭയമില്ലായ്മയെക്കുറിച്ചും സിനിമയോടുള്ള തന്റെ അർപ്പണബോധത്തെക്കുറിച്ചും അദ്ദേഹം പങ്കുവച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരമായി മാറുകയാണ്.

'' സിനിമയിൽ ആക്ഷൻ സീനുകൾ ചെയ്യുന്നവർക്ക് പരിക്കുകൾ സ്വാഭാവികമാണ്. അതിനെ ഭയന്ന് പറ്റില്ലെന്ന് പറയില്ല. ഞാൻ മരിക്കണമെങ്കിൽ ആയുസ് തീർന്നിരിക്കണം. അതിനിപ്പോൾ വീട്ടിനകത്ത് ഇരുന്നാലും മതി. ഫാൻ പൊട്ടി വീണാലും പോരേ. ഒരു ജോലി ചെയ്‌തോണ്ടിരിക്കുമ്പോൾ ആയാലെന്താ പ്രശ്നം. നോ എന്നൊരു കാര്യം ഇന്നുവരെ പറഞ്ഞിട്ടില്ല. ഒരാൾ വന്ന് ഒരു കാര്യം ആവശ്യപ്പെട്ടാൽ നോ പറയാറില്ല. എന്നെക്കൊണ്ട് പറ്റുന്നതിന്റെ മാക്സിമം ഞാൻ ചെയ്തുകൊടുക്കും."" സന്തോഷ് നായർ ഓൺലൈൻ അഭിമുഖത്തിൽ പറഞ്ഞതാണിത്.

തിരുവനന്തപുരം പേട്ട പള്ളിമുക്കിൽ കേശവൻ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായി 1960 നവംബർ 12നാണ് ജനനം. എം.ജി കോളേജിൽ ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സഹോദരിമാർ ഡോക്ടർമാരായപ്പോൾ അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടാണ് സിനിമയിലെത്തിയത്.

മോഹൻലാലിന്റെ സഹപാഠിയായിരുന്ന സന്തോഷ് 1982ൽ പുറത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന മോഹിനിയാട്ടമാണ് അവസാന ചിത്രം. എം.ജി കോളേജിൽ കോളേജ് മാഗസിൻ എഡിറ്ററായിരുന്ന സന്തോഷ് ബുള്ളറ്റിൽ കാമ്പസിലൂടെ കറങ്ങിനടന്നിരുന്ന കുട്ടി ഹീറോ ആയിരുന്നു. ആർ.എസ്.എസ് ശാഖയിൽ ശിക്ഷക്, മുഖ്യശിക്ഷക് ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ സാഗർ എലിയാസ് ജാക്കിയുടെ വലംകൈ ആയ ലോറൻസ് ശ്രദ്ധേയ കഥാപാത്രമായിരുന്നു. മുളമൂട്ടിൽ അടിമ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, കടത്തനാടൻ അമ്പാടി, വിഷ്ണുലോകം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നഗരങ്ങളിൽ ചെന്ന് രാപാർക്കാം, കമ്മത്ത് ആൻഡ് കമ്മത്ത് എന്നീ സിനിമകളിലൂടെ ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. നൂറിലധികം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വ്യത്യസ്ത വേഷങ്ങൾ ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SANTHOSH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA