തൃക്കാക്കര: മുട്ടാർപുഴയിൽ വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽപോയ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സാനുമോഹൻ ചൊവ്വാഴ്ചമുതൽ മൂകാംബിക ക്ഷേത്രത്തിനടുത്തുള്ള സ്വകാര്യഹോട്ടലിൽ താമസിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് അന്വേഷണസംഘം മൂകാംബികയിലേക്ക് തിരിച്ചു. സാനു മോഹൻ മൂകാംബിക, ഗുരുവായൂർ ക്ഷേത്രങ്ങളിൽ പലതവണ പോകാറുള്ളതായി നേരത്തെ വിവരം ലഭിച്ചിരുന്നു.
കർണാടക പൊലീസ് സാനുവിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിൽ സാനുമോഹൻ രണ്ടായിരം രൂപ മാത്രമാണ് കൊടുത്തിരുന്നത്. മൂന്ന് ദിവസമായതോടെ ഹോട്ടൽ മാനേജർ ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടതോടെ സാനു ഇന്നലെ രാവിലെ ഒൻപതോടെ ഹോട്ടൽ വിട്ടുവെന്നാണ് വിവരം. സാനു ടാക്സിയിലാണ് ഹോട്ടലിൽ എത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
മൂന്ന് ദിവസമായി സാനു ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. കഴിഞ്ഞദിവസം കേരള പൊലീസ് സാനുമോഹനെ കണ്ടുപിടിക്കുന്നതിനായി ഫോട്ടോ ഉൾപ്പെടെയുള്ള ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കാൻ കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളോട് അഭ്യർത്ഥിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |