എസ്.ബി.ഐ ആക്രമണം: ആറ് പ്രതികളെക്കൂടി തിരിച്ചറിഞ്ഞു

Saturday 12 January 2019 12:22 AM IST
sbi

തിരുവനന്തപുരം: സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ ശാഖ ആക്രമിച്ച കേസിൽ ആറു പ്രതികളെക്കൂടി തിരിച്ചറിഞ്ഞു. എൻ.ജി.ഒ യൂണിയൻ നേതാവ് സുരേഷ് ബാബു, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായ അനിൽകുമാർ, നികുതി വകുപ്പ് ഉദ്യോഗസ്ഥനായ അജയകുമാർ, ട്രഷറി ഡയറക്‌ടറേ​റ്റിലെ ശ്രീവത്സൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജുരാജ്, വിനുകുമാർ എന്നിവരെയാണ് കാമറാ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞത്. ഇവർ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്കും എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറിയുമായ അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേ​റ്റിലെ അറ്റൻഡറും എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയ​റ്റ് അംഗവുമായ ഹരിലാൽ എന്നിവരുടെ ജാമ്യാപേക്ഷ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേ​റ്റ് മൂന്നാം കോടതി തള്ളി. ഇരുവരെയും 24 വരെ റിമാൻഡ് ചെയ്‌തു. 15 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നെങ്കിലും ഒമ്പതുപേരുടെ ദൃശ്യങ്ങൾ മാത്രമാണ് ബാങ്കിലെ സുരക്ഷാ കാമറയിൽ നിന്ന് ലഭിച്ചത്.

അതിനിടെ അക്രമം നടന്ന ദിവസം യൂണിയൻ നേതാക്കൾ രണ്ട് വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതായി സ്റ്റേ​റ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ ബാങ്ക് അധികൃതർക്ക് പരാതി നൽകി. ഇതും പൊലീസിന് കൈമാറിയേക്കും.

നഷ്ടപരിഹാരം നൽകി കേസ് പിൻവലിപ്പിക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ഡി.വൈ.എഫ്‌.ഐ നേതാവിന്റെ മദ്ധ്യസ്ഥതയിൽ ചർച്ചയ്‌ക്ക് ശ്രമം തുടരുകയാണ്. ധാരണയാകും വരെ അക്രമികളുടെ അറസ്റ്റ് വൈകിപ്പിക്കാനും നീക്കമുണ്ട്.

അതിനിടെ പിടിയിലായവരെ റിമാൻഡ് ചെയ്യാൻ കൊണ്ടുപോകുമ്പോൾ മാദ്ധ്യമങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ ഇടത് നേതാക്കൾക്ക് പൊലീസ് ഒത്താശ ചെയ്‌തു. ശ്രദ്ധ തിരിക്കുന്നതിനായി യഥാർത്ഥ പ്രതികളെ പുറത്ത് വിട്ട ശേഷം സ്റ്റേഷനിലെത്തിയ പ്രതികളല്ലാത്ത നേതാക്കൾക്ക് പൊലീസ് വളയം തീർക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA