
തിരുവനന്തപുരം: സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനിയർമാരെ നിർബന്ധിക്കരുതെന്ന ട്രൈബ്യൂണൽ വിധി മറികടക്കാൻ സർക്കാർ. സ്‌കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ, കോടതിയെ സമീപിക്കാനാണ് നീക്കം.
പരിശോധനയ്ക്ക് അസിസ്റ്റന്റ് എൻജിനിയർമാരെ മേയ് 29 വരെ നിർബന്ധിക്കരുതെന്ന ട്രൈബ്യൂണൽ വിധിയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഇന്ന് കൂടിയാലോചന നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനിയർമാരും ആരോഗ്യവിഭാഗവും സ്‌കൂളുകളിൽ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് മേയ് 13ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കിയിരുന്നു. അസിസ്റ്റന്റ് എൻജിനിയർമാരുടെ സംഘടന ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ നിർദ്ദേശം വന്നതോടെ, പരിശോധന പൂർണമായും നിലച്ചു.
29ന് കേസ് വീണ്ടും പരിഗണിക്കും. സർക്കാരിന് അനുകൂലമായി ഉത്തരവ് വന്നാലും രണ്ടു ദിവസത്തിനകം സ്‌കൂളുകൾക്ക് ഫിറ്റ്നസ് നൽകുക അസാദ്ധ്യമാണ്.
സംസ്ഥാനത്താകെയുള്ള 15,369 സ്‌കൂളുകളും ജൂൺ ഒന്നിന് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്നാണ് വ്യവസ്ഥ. സർട്ടിഫിക്കറ്റില്ലാതെ സ്‌കൂളുകൾക്ക് പ്രവർത്താനുമതി നൽകില്ല. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക എയ്ഡഡ്, സർക്കാർ മേഖലയിലെ സ്‌കൂളുകളെയാകും. വൈദ്യുതി, ആരോഗ്യം, ഗതാഗതം, വനം, അഗ്നിരക്ഷാ സേന തുടങ്ങി അഞ്ച് വകുപ്പുകളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ എന്നായിരുന്നു ആദ്യ നിർദ്ദേശം. ഇതു സ്‌കൂൾ നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വ്യക്തമായതോടെയാണ് നിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തിയത്.
അഞ്ച് വകുപ്പുകൾ നടത്തേണ്ട പരിശോധന തങ്ങൾക്ക് നടത്താൻ കഴിയില്ലെന്നാണ് അസിസ്റ്റന്റ് എൻജിനിയർമാരുടെ വാദം. നിലവിലുള്ള ജോലികൾക്ക് പുറമെ അധിക ജോലിഭാരം അടിച്ചേൽപ്പിക്കുകയാണ്. ഒരു തദ്ദേശഭരണ സ്ഥാപനത്തിന് കീഴിലുള്ള എല്ലാ സ്‌കൂളുകളും ഒരു അസിസ്റ്റന്റ് എൻജിനിയർ പരിശോധിക്കുക അസാദ്ധ്യമാണെന്നാണ് എൻജിനിയർമാരുടെ നിലപാട്.
ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് എയ്ഡഡ് സ്‌കൂൾ മാനേജർമാരുടെ തീരുമാനം. സ്‌കൂളുകൾ അടച്ചിടേണ്ടി വരുമെന്ന് മാനേജർമാരുടെ അസോസിയേഷൻ സർക്കാരിനെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |