തിരുവനന്തപുരം: 2021-22 വർഷത്തെ സംസ്ഥാന സ്കൂൾ പി.ടി.എ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി തലത്തിൽ മികച്ച പി.ടി.എയ്ക്കുള്ള സി.എച്ച് മുഹമ്മദ് കോയ സ്മാരക അവാർഡ് കോട്ടയം അക്കരപ്പാടം ഗവ. യു.പി. സ്കൂളിന് ലഭിച്ചു. കൊല്ലം പന്മന ജി.എൽ.പി.എസ്, പത്തനംതിട്ട പൂഴിക്കാട് ഗവ യു.പി.എസ്, എറണാകുളം പായിപ്ര ജി.യു.പി.എസ്, കണ്ണൂർ വാരം മാപ്പിള എൽ.പി.എസ് എന്നീ സ്കൂളുകൾക്കാണ് യഥാക്രമം രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ. സെക്കൻഡറി തലത്തിൽ കൊല്ലം ആദിത്യ വിലാസം ഗവ ഹൈസ്കൂളിനാണ് ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള അവാർഡ്.
വയനാട് ബീനാച്ചി ഗവ. ഹൈസ്കൂൾ, ആലപ്പുഴ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്, പാലക്കാട് ഗവ. ഓറിയന്റൽ എച്ച്.എസ്.എസ് എടത്തനാട്ടുകര, കണ്ണൂർ ഇരിക്കൂർ ഗവ.എച്ച്.എസ്.എസ് എന്നിവയ്ക്കാണ് രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ. അഞ്ചുലക്ഷം രൂപയും എവർറോളിംഗ് ട്രോഫിയും പ്രശസ്തി പത്രവുമാണ് ഒന്നാംസ്ഥാനം നേടിയ പി.ടി.എകൾക്ക് ലഭിക്കുക. രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനക്കാർക്ക് യഥാക്രമം നാലുലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ലഭിക്കും.
സെപ്തംബർ അഞ്ചിന് കണ്ണൂരിൽ വച്ച് നടക്കുന്ന അദ്ധ്യാപകദിനാഘോഷ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |