SignIn
Kerala Kaumudi Online
Friday, 29 March 2024 4.39 PM IST

ഗുരു, ഭാരതീയതയുടെ പ്രകാശഗോപുരം

modi

ശിവഗിരി തീർത്ഥാടന നവതി,​ ബ്രഹ്മവിദ്യാലയ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ച പ്രസംഗത്തിന്റെ പൂർണരൂപം

എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും വിനീത നമസ്കാരം. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവൻ. അദ്ദേഹത്തിന്റെ ജന്മംകൊണ്ട് ധന്യമാക്കപ്പെട്ട പുണ്യഭൂമിയാണ് കേരളം. ഗുരുവിന്റെ അനുഗ്രത്താൽ എനിക്ക് ശിവഗിരി സന്ദർശിക്കുവാനും സന്ന്യാസിവര്യന്മാരുടെ ആശീർവാദം തേടുവാനും നേരത്തേ തന്നെ കഴിഞ്ഞിട്ടുണ്ട്. അവിടെ വന്നപ്പോഴൊക്കെ ആ ആദ്ധ്യാത്മിക ഭൂമിയുടെ ഊർജ്ജം അനുഭവിച്ചറിഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ 90-ാം വാർഷികത്തിന്റെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലിയുടെയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാനും എല്ലാവരെയും കാണുവാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

ചില അനുഭവങ്ങൾ ഒരിക്കലും മറക്കാനാവുന്നതല്ല. കേദാർനാഥിൽ വെള്ളപ്പൊക്കമുണ്ടായപ്പോഴത്തെ ഒരു സംഭവം ഒാർക്കുന്നു. അവിടെ കുടുങ്ങിപ്പോയ സന്ന്യാസിമാരെ സഹായിക്കാൻ ശിവഗിരിമഠം സമീപിച്ചത് എന്നെയാണ്. ഉത്തരാഖണ്ഡിലും കേന്ദ്രത്തിലും അന്ന് കോൺഗ്രസ് സർക്കാരാണ്. മലയാളിയായ എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായിരുന്നു. എന്നിട്ടും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന എന്നെ ശിവഗിരി മഠത്തിൽ നിന്നു വിളിച്ച് വിവരം അറിയിക്കുകയും, സഹായിക്കണമെന്ന് പറയുകയും ചെയ്തു. വലിയ സർക്കാരുകളുണ്ടായിട്ടും ശിവഗിരി മഠം ആ ദൗത്യം എന്നെ ഏല്പിച്ചതിനെക്കുറിച്ച് ഇന്നും ചിന്തിക്കാറുണ്ട്. ആ ഫോൺവിളി ഹൃദയത്തെ സ്‌പർശിക്കുന്നതായിരുന്നു. ആ പവിത്രകർമ്മം നിർവഹിക്കാൻ ഗുരു എന്നെത്തന്നെ തെരഞ്ഞെടുത്തുവല്ലോ. എല്ലാവരെയും സുരക്ഷിതരായി എത്തിക്കാൻ കഴിഞ്ഞു. എല്ലാം ഗുരുവിന്റെ അനുഗ്രഹം.

ഇതും അത്തരമൊരു ശുഭാവസരമാണ്. വിഭിന്ന മാദ്ധ്യമങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഭാരതത്തിന്റെ ചിന്തകളുടെ കൂടി യാത്രയാണ് ശിവഗിരി തീർത്ഥാടനം. ഭാരതീയ ദർശനത്തെ തീർത്ഥാടനം ശക്തമാക്കുകയും ആദ്ധ്യാത്മിക, വൈജ്ഞാനിക, വികസന യാത്രകളിൽ പങ്കാളിയാകുകയും, അതിനു നേതൃത്വം വഹിക്കുകയും ചെയ്‌തു. ദക്ഷിണ കാശി എന്നാണ് വർക്കല അറിയപ്പെടുന്നത്. വാരാണസിയിലെ ശിവനഗരമായാലും വർക്കലയിലെ ശിവഗിരി ആയാലും ഇന്ത്യയുടെ ഊർജ്ജം വ്യക്തമാക്കുന്ന ഇത്തരം കേന്ദ്രങ്ങൾക്ക് മുഴുവൻ ഭാരതീയരുടെയും ജീവിതത്തിൽ സവിശേഷ സ്ഥാനമുണ്ട്. ഈ സ്ഥലങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളോ വിശ്വാസത്തിന്റെ കേന്ദ്രങ്ങളോ മാത്രമല്ല. മറിച്ച്, ഏകഭാരതം, ശ്രേഷ്ഠഭാരതം എന്ന ചിന്തയുടെ കേന്ദ്രങ്ങൾ കൂടിയാണ്. തീർത്ഥാടന യാത്രയുടെ വാർഷികത്തിന്റെയും ബ്രഹ്മവിദ്യാലയ സുവർണ ജൂബിലിയുടെയും ആഘോഷങ്ങളുടെ അണിയറയിൽ കോടിക്കണക്കിന് ശ്രീനാരായണീയരുടെ അക്ഷീണ പ്രയത്‌നമുണ്ട്.

സമൂഹത്തിന്റെ ഐശ്വര്യം ദുർബലമാകുന്ന അവസരങ്ങളിലും അന്ധകാരം പടരുന്ന അവസ്ഥകളിലും ഒരു മഹദ്‌വ്യക്തി പുതിയ ദൗത്യവുമായി എത്തുന്നത് ഇന്ത്യയുടെ സവിശേഷതയാണ്. പല രാജ്യങ്ങളും നാഗരികതകളും കടമകളിൽ നിന്നു വ്യതിചലിച്ച് ഭൗതികവാദത്തെ പുണർന്നപ്പോൾ ഇന്ത്യയിൽ ആത്മീയത വളരുകയും മുനിമാരും ഗുരുക്കന്മാരും എല്ലായ്‌പ്പോഴും നമ്മുടെ ചിന്തകളെ പരിഷ്‌കരിക്കുകയും ജീവിതത്തെ കൂടുതൽ മനോഹരമാക്കുകയും ചെയ്തു. ശ്രീനാരായണ ഗുരു ആധുനികതയെക്കുറിച്ച് സംസാരിച്ചപ്പോഴും ഭാരതീയ സംസ്‌കാരത്തെയും മൂല്യങ്ങളെയും സമ്പന്നമാക്കി. വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും കുറിച്ച് സംസാരിച്ചപ്പോഴും ധർമ്മം, വിശ്വാസം, ഭാരതീയ പാരമ്പര്യം എന്നിവയുടെ മഹത്വം ഉയർത്തിപ്പിടിച്ചു.

ശിവിഗിരി തീർത്ഥാടനം വൈജ്ഞാനിക ചിന്തയുടെ പുതിയ ധാര കൂടിയാണ്. ശാരദാ മഠത്തിൽ സരസ്വതിയെയും ആരാധിക്കുന്നു.

ഗുരു അന്ധവിശ്വാസങ്ങൾക്കും തിന്മകൾക്കുമെതിരെ പ്രചാരണം നടത്തുകയും അവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തു. ജാതീയതയുടെ പേരിൽ നടക്കുന്ന വിവേചനത്തിനെതിരെ യുക്തിസഹവും പ്രായോഗികവുമായ പോരാട്ടമാണ് ഗുരു നടത്തിയത്. ഇന്ന് ശ്രീനാരായണ ഗുരുവിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് രാജ്യം ദരിദ്രരെയും ദളിതരെയും പിന്നാക്കക്കാരെയും സേവിക്കുകയും അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഗുരു ആദ്ധ്യാത്മിക ചിന്തയുടെ പ്രകാശഗോപുരമായിരുന്നു.

കാലത്തിനും അതീതമായാണ് ഗുരു ചിന്തിച്ചത്. ജനങ്ങൾക്കൊപ്പം ജീവിച്ച് അദ്ദേഹം അവരുടെ ആശയങ്ങൾ മനസിലാക്കുകയും,​ സ്വന്തം ആശയങ്ങൾ പകർന്നു കൊടുക്കുകയും ചെയ്‌തു. സമൂഹത്തെ നവീകരിക്കുക എന്ന പാതയിലൂടെ സഞ്ചരിക്കുമ്പോൾ സ്വയം മെച്ചപ്പെടുത്താനുള്ള ശക്തി കൂടി ഒപ്പം ഉടലെടുക്കുന്നുണ്ട്. ഗുരുവിനെ അടുത്തറിയാൻ ശ്രമിക്കുമ്പോഴാണ് ആ ദർശനത്തെ അടുത്തറിയുന്നത്. ഒരു ജാതി, ഒരു മതം,​ ഒരു ദൈവം എന്ന മഹദ്‌വചനത്തിൽ ആത്മനിർഭര ഭാരതമെന്ന സന്ദേശവുമുണ്ട്. എല്ലാ ഇന്ത്യക്കാർക്കും ഒരു ജാതിയേ ഉള്ളൂ- അത് ഭാരതീയതയാണ്. ഏകമതം സേവനത്തിന്റെയും കടമയുടെയും ധർമ്മമാണ്. ഭാരത മാതാവാണ് നമ്മുടെ ഏക ദൈവം. അങ്ങനെ ഗുരുദേവന്റെ പ്രബോധനം നമ്മുടെ ദേശസ്‌നേഹത്തിന് ആത്മീയമാനവും നൽകുന്നു. ഗുരുവിന്റെ സന്ദേശം പ്രാവർത്തികമാക്കിയാൽ ഒരു ശക്തിക്കും ഇന്ത്യക്കാരെ വേർതിരിക്കാനാകില്ല. ഒന്നിച്ചു നിന്നാൽ നമുക്ക് ലോകത്തെ ഒരു ലക്ഷ്യവും അസാദ്ധ്യമാവുകയുമില്ല.

1922ൽ അങ്ങു കിഴക്കു നിന്ന് രവീന്ദ്രനാഥ ടാഗോർ ദക്ഷിണേന്ത്യയിലെത്തി ഗുരുവിനെ കണ്ടു. ഗുരുദേവനെപ്പോലെ പൂർണനായ ഒരു ആദ്ധ്യാത്മിക വ്യക്തിയെ ആദ്യമായാണ് കാണുന്നതെന്ന് ടാഗോർ പറഞ്ഞു. 1925-ൽ മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ഗുരുവിനെക്കണ്ട് ചർച്ച നടത്തി. ആ ചർച്ചകളിൽ ഗാന്ധിജി ഏറെ സ്വാധീനിക്കപ്പെട്ടു. സ്വാമി വിവേകാനന്ദൻ ഗുരുവിനെ കാണാനെത്തി. ഇന്ത്യയുടെ പുനർനിർമ്മാണത്തിന് വിത്തു വിതച്ച കൂടിക്കാഴ്ചകളായിരുന്നു അവയോരോന്നും. രാജ്യത്തിന് അവ ദിശാബോധം നൽകി. പത്തു വർഷത്തിനകം ശിവഗിരി തീർത്ഥാടനവും 25 വർഷത്തിനുള്ളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യവും ശതാബ്ദി ആഘോഷിക്കും. ഈ സാഹചര്യത്തിൽ ആഗോളതലത്തിലുള്ള കാഴ്ചപ്പാടാണ് നമുക്കു വേണ്ടത്. ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരുവിന്റെ ദീർഘവീക്ഷണം പുതുതലമുറയ്ക്കും വഴികാട്ടിയാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.