SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.01 AM IST

ശിവഗിരി യതിപൂജ: മിച്ചമുള്ള 2 കോടി ബാങ്കിൽ സുരക്ഷിതം

p

തിരുവനന്തപുരം: ശിവഗിരിയിൽ ധർമ്മസംഘം ട്രസ്റ്റും എസ്.എൻ.ഡി.പി യോഗവും സംയുക്തമായി 2018ൽ

നടത്തിയ യതിപൂ‌ജയുടെ ചെലവുകൾ കഴിഞ്ഞുള്ള തുക ഉൾപ്പെടെ രണ്ടു കോടിയിലേറെ രൂപ ശിവഗിരി മഠത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ധർമ്മസംഘം ട്രസ്റ്റിന്റെയും യതിപൂജാ കമ്മിറ്റിയുടെയും ട്രഷററായിരുന്ന സ്വാമി ശാരദാനന്ദ കേരളകൗമുദിയോടു പറഞ്ഞു.

യതി പൂജയിലെ പണമിടപാടുകൾ സംബന്ധിച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ജ്ഞാനതീർത്ഥ നടത്തിയ പരാമർശം അസത്യമാണെന്ന് യോഗം കൗൺസിലറും യതിപൂജാ ഫിനാൻസ് കമ്മിറ്റി കൺവീനറുമായിരുന്ന പി.സുന്ദരനും വ്യക്തമാക്കി. നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ സ്വാമി ജ്ഞാനതീർത്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗം കൗൺസിൽ ട്രസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു.

ഗുരുദേവന്റെ മഹാസമാധിക്കു ശേഷം 90 വർഷം മുമ്പ് ശിവഗിരി മഠത്തിൽ വച്ച് നടത്താനിരുന്നതാണ് യതിപൂജ. വിവിധ ഭാഗങ്ങളിലെ സന്യാസി ശ്രേഷ്ഠരെ ക്ഷണിച്ചു വരുത്തി പാദപൂജയും ദക്ഷിണ സമർപ്പണവും പ്രത്യേക പൂജകളും നടത്തുന്നതാണ് യതിപൂജ. അന്ന് മുടങ്ങിപ്പോയ യതിപൂജ 2018ൽ യോഗവും ധർമ്മസംഘം ട്രസ്റ്റും ചേർന്ന് നടത്തിയത് ഗുരുദേവനോടുള്ള പ്രായശ്ചിത്തമെന്നതിനൊപ്പം, ഗുരുദേവന്റെ സൃഷ്ടികളായ യോഗവും ധർമ്മസംഘവും ഏക മനസ്സോടെ പ്രവർത്തിക്കണമെന്ന ഗുരുകല്പനയുടെ നിറവേറ്റൽ കൂടിയായിരുന്നു.

യതിപൂജയുടെ നടത്തിപ്പിന് ധർമ്മസംഘം ട്രസ്റ്റിന്റെ അന്നത്തെ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും വെള്ളാപ്പള്ളി നടേശനും മുഖ്യ രക്ഷാധികാരികളായി കമ്മിറ്റി രൂപീകരിച്ചു. സാമ്പത്തിക ഇടപാടുകൾക്കായി യോഗം നേമം യൂണിയൻ സെക്രട്ടറി മേലാങ്കോട്

സുധാകരൻ ചെയർമാനും കൗൺസിലർ പി.സുന്ദരൻ കൺവീനറും സ്വാമി ശാരദാനന്ദ ട്രഷററുമായി ഫെഡറൽ ബാങ്ക് വർക്കല ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിരുന്നു.

പിരിഞ്ഞു കിട്ടിയത്

6 കോടിയോളം

യതിപൂജയ്ക്കു ശേഷം വരവു ചെലവ് കണക്കുകൾ ഓഡിറ്ററെക്കൊണ്ട് വിശദമായി പരിശോധിപ്പിക്കുകയും ജനറൽബോഡി യോഗം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തതാണെന്ന് സ്വാമി ശാരദാനന്ദയും പി.സുന്ദരനും പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും നിന്നായി ആറു കോടിയോളം രൂപ സംഭാവന ലഭിച്ചതിൽ എല്ലാ ചെലവും കഴിഞ്ഞ് 1.85 കോടിയോളം രൂപ മിച്ചമായി. ഈ തുക, ജനറൽബോഡി യോഗത്തിലെ തീരുമാനമനുസരിച്ച്, നിർമ്മാണഘട്ടത്തിലുള്ള സദ്യാലയത്തിന്റെ നവീകരണത്തിനു മാത്രമായി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. 2019 നവംബർ വരെ ലഭിച്ച സംഭാവനകളും നിക്ഷേപിച്ചു. വർക്കല മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട കേസിൽ ശിവഗിരിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ത‌ടസ്സപ്പെട്ടതിനാൽ ഈ തുക ഉപയോഗിക്കാനായിട്ടില്ല. പലിശ ഉൾപ്പെടെ രണ്ടു കോടിയിൽപ്പരം രൂപ ബാങ്കിൽ സുരക്ഷിതമാണ്. യതിപൂ‌ജയുടെ എല്ലാ കണക്കുകളും വിശദമായി പരിശോധിച്ചതാണെന്ന് നാല്പതു വർഷത്തോളം ശിവഗിരി മഠവുമായി ബന്ധപ്പെട്ട കണക്കുകൾ ഓഡിറ്റ് ചെയ്ത കാവേരി രാമചന്ദ്രനും പറഞ്ഞു.

യതിപൂജയുടെ പണമിടപാടുകൾ പൂർണമായും ധർമ്മസംഘം ട്രസ്റ്റിന്റെ നിയന്ത്രണത്തിലായിരുന്നു.

- സ്വാമി ശാരദാനന്ദ

ശിവഗിരി മഠം

യോഗത്തെയും ശിവഗിരി മഠത്തെയും തമ്മിൽത്തല്ലിക്കാനുള്ള ചില തത്പരകക്ഷികളുടെ ശ്രമത്തിന്

അന്ന് ട്രസ്റ്റ് അംഗം പോലുമല്ലാതിരുന്ന സ്വാമിയെ ഉപകരണമാക്കിയതാണ്.

- വെള്ളാപ്പള്ളി നടേശൻ,

യോഗം ജനറൽ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.