SignIn
Kerala Kaumudi Online
Saturday, 20 April 2024 4.12 AM IST

ശ്രീനാരായണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കണം: സ്വാമി സച്ചിദാനന്ദ

sivagiri-seminar

ശിവഗിരി: ശ്രീനാരായണ പ്രഭാവത്തിന് മങ്ങലേല്പിക്കുക, തമസ്കരിക്കുക, ഇകഴ്ത്തിക്കാട്ടുക, തെറ്റായി ചിത്രീകരിക്കുക, അവരവരുടെ കാഴ്ചപ്പാടിൽ പുതിയൊരു ഗുരുവിനെ സൃഷ്ടിക്കുക, സമുദായവത്കരിക്കുക തുടങ്ങിയ വർത്തമാനകാല സംഭവങ്ങളിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.

ശിവഗിരിയിൽ ഗുരുദേവൻ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ 110-ാം വാർഷികത്തിന്റെയും ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിന്റെയും സമാപനം പ്രമാണിച്ച് ശിവഗിരിയിൽ നടന്ന ശ്രീനാരായണ ദർശനം സിദ്ധാന്തവും പ്രതിരോധവും എന്ന സെമിനാറിൽ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുദേവ ദർശനത്തെ കാര്യലാഭത്തിനു വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും ഇകഴ്ത്തിക്കാട്ടുന്നു. വിശ്വഗുരുവായി പ്രകാശിക്കുകയും ലോകം അറിയുകയും ചെയ്യേണ്ട മഹാഗുരുവിനെ കേരളത്തിലെ ഒരു സമുദായത്തിന്റെ ഗുരുവായി ചിത്രീകരിക്കുന്നു. ഭാരതത്തിലുണ്ടായ ഏതു പ്രസ്ഥാനത്തെക്കാളും ഉപരി സാർവ്വജനീനമായ ദർശനവും പ്രവർത്തനവുമായിരുന്നു ഗുരുവിന്റേത്. ഗുരു ദർശനത്തെ ശരിയായ രീതിയിൽ പ്രചരിപ്പിക്കാൻ സർക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും കടമയുണ്ട്. ഗുരുദേവനാണ് ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ശ്രീനാരായണഗുരുദേവനെ അപൂർണ്ണമായി വിലയിരുത്തുന്നതിനും ദുർവ്യാഖ്യാനം ചെയ്യുന്നതിനും നിരവധി ഉദാഹരണങ്ങൾ ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ചില ചരിത്ര പണ്ഡിതന്മാരും രാഷ്ട്രീയനേതാക്കളും ഗുരുദേവനെ കേവലം പ്രാദേശിക നേതാവായി അവതരിപ്പിക്കുന്നു. സാമൂഹ്യ പരിഷ്ക്കർത്താവും വിപ്ലവകാരിയും നവോത്ഥാനനായകനും സമുദായ നേതാവുമൊക്കെയായി സൗകര്യപൂർവ്വം ഗുരുവിനെ ചിത്രീകരിക്കുന്നത് സ്വകാര്യലാഭത്തിനു വേണ്ടിയാണ്. ഇത്തരം പ്രവണതകൾക്കെതിരെ ഗുരുദേവ വിശ്വാസികളും ഗുരുദേവ പ്രസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, പിന്നാക്ക സമുദായ വകുപ്പ് മുൻഡയറക്ടർ വി.ആർ. ജോഷി, ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ ഡോ. അമൽ സി രാജൻ, കണ്ണൂർ സർവ്വകലാശാ മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ, കാലടി സംസ്കൃത സർവ്വകലാശാലയിലെ ഡോ. അജയ്ശേഖർ, കുറിച്ചിസദൻ, ഡോ. എസ്. ഓമന, ശ്രീനാരായണഗുരു അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. ബി. സുഗീത, സദാശിവൻ മാവൂർ, ഗുരുദർശന രഹ് ന, മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI SEMINAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.