തിരുവനന്തപുരം: പത്താം ക്ളാസ് പരീക്ഷാഫലം ഈ മാസം 15നും പ്ലസ് ടു ഫലം 20നകവും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിക്കിടന്ന സ്കൂൾ കലോത്സവവും കായികമേളയും പ്രവൃത്തി പരിചയമേളയും ഇത്തവണയുണ്ടാകും. സ്കൂൾ കലോത്സവത്തിന് 6.7 കോടി അനുവദിച്ചു. ഒന്നാം വാല്യം പാഠപുസ്തകങ്ങളും യൂണിഫോമും സ്കൂളുകളിൽ എത്തിച്ചു. വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ളാസുകൾ തുടരും. സ്കൂൾ വാഹനങ്ങളുടെയും സ്കൂൾ പരിസരത്തെ കടകളിലേയും പരിശോധന കർശനമാക്കും. പി.ടി.എകൾ അമിത ഫീസ് ഈടാക്കിയാലും സ്വകാര്യ ബസുകൾ കുട്ടികളോട് വിവേചനം കാണിച്ചാലും നടപടിയുണ്ടാകും.
'അദ്ധ്യാപകരുടെ ഒഴിവുകൾ നികത്തും'
വിദ്യാലയങ്ങളിൽ പഠനം മുടങ്ങുന്ന വിധത്തിൽ അദ്ധ്യാപകരുടെ കുറവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പറഞ്ഞു. ഒഴിവുകൾ താത്കാലികക്കാരെ ഉപയോഗിച്ച് നികത്തും. കൊവിഡ് സമയത്ത് മൂവായിരത്തോളം അദ്ധ്യാപകരെ നിയമിച്ചിരുന്നു. പി.എസ്.സി വഴി നിയമനം കിട്ടിയ 354 അദ്ധ്യാപകരും ഇന്നു മുതൽ സ്കൂളിലെത്തും. ജൂലൈ പകുതിയോടു കൂടി അദ്ധ്യാപക ക്ഷാമത്തിന് പരിഹാരം ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |