ചങ്ങനാശേരി: എൻ.എസ്.എസ് ഒരു രാഷ്ട്രീയ സംഘടനയ്ക്ക് വേണ്ടിയും നിലപാടെടുത്തിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസ് പതാകദിനാചരണത്തിനോടനുബന്ധിച്ച് മന്നം സമാധിയിൽ പതാകയുയർത്തിശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്നത്ത് പത്മനാഭന്റെ കാലം മുതൽ എൻ.എസ്.എസ് സമൂഹത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇന്നും അത് അങ്ങനെ തന്നെ തുടരുകയാണ്. നായർ സർവീസ് സൊസൈറ്റിക്ക് രാഷ്ട്രീയമില്ല. അതിനാൽ ഒരു രാഷ്ട്രീയസംഘടനയ്ക്ക് വേണ്ടിയും നിലപാടെടുത്തിട്ടില്ല. എൻ.എസ്.എസ് എന്നും സാമൂഹിക നീതിക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. എൻ.എസ്.എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാവർക്കും വേണ്ടിയാണ്. അതാണ് സമുദായാചാര്യന്റെ ആദർശമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. തുടർന്ന് അദ്ദേഹം സമുദായപ്രവർത്തകർക്ക് എൻ.എസ്.എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ട്രഷറർ ഡോ. എം. ശശികുമാർ, സംഘടനാവിഭാഗം മേധാവി പി.എൻ. സുരേഷ്, നായകസഭാംഗം ഹരികുമാർ കോയിക്കൽ എന്നിവർ പങ്കെടുത്തു.
എൻ.എസ്.എസ് ആസ്ഥാനത്ത് ഡോ. എം. ശശികുമാർ പതാക ഉയർത്തി. യൂണിയൻ ഓഫീസുകളിലും കരയോഗങ്ങളിലും ഇന്നലെ പതാകദിനാചാരണം നടത്തി. ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |