കുഞ്ഞനന്തന് പരോൾ നിയമവിരുദ്ധമായി നൽകിയിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ്

Wednesday 13 February 2019 12:33 AM IST
policecap

കൊച്ചി: ടി.പി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചിട്ടില്ലെന്നും ടി.പി വധക്കേസിനു പിന്നിലെ സൂത്രധാരന്മാർ സർക്കാരിനു ചുക്കാൻ പിടിക്കുന്നവരാണെന്ന ആരോപണം ശരിയല്ലെന്നും ആഭ്യന്തരവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കുഞ്ഞനന്തന് അനധികൃതമായി പരോൾ നൽകുന്നെന്നാരോപിച്ച് കെ.കെ. രമ നൽകിയ ഹർജിയിലാണ് ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറി കെ. സ്നേഹലത ഇക്കാര്യം അറിയിച്ചത്.

കുഞ്ഞനന്തന്റെ ശിക്ഷാ കാലാവധിയിൽ നിന്ന് പരോൾ കാലയളവ് വെട്ടിക്കുറയ്ക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യം 2014 ലെ കേരള പ്രിസൺസ് ആൻഡ് കറക്‌ഷണൽ സർവീസസ് (മാനേജ്മെന്റ്) ചട്ടത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. കുഞ്ഞനന്തന്റെ ജയിലിലെ പെരുമാറ്റത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല. അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ല. ചട്ടപ്രകാരം പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും പരിഗണിച്ചാണ് പരോൾ നൽകിയത്. രാഷ്ട്രീയ സ്വാധീനത്താൽ പ്രത്യേക പരിഗണന നൽകിയിട്ടില്ല. 2010 ലെ കേരള പ്രിസൺസ് ആൻഡ് കറക്‌ഷണൽ സർവീസസ് (മാനേജ്മെന്റ്) നിയമത്തിൽ മാന്യമായ പെരുമാറ്റവും യോഗ്യതയുമുള്ള തടവുകാർക്ക് പുനരധിവാസം മുൻനിറുത്തി പരോൾ നൽകാമെന്ന് പറയുന്നുണ്ട്. തടവുകാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഒറ്റത്തവണ 45 ദിവസം വരെ പരോൾ അനുവദിക്കാൻ സർക്കാരിന് അധികാരവുമുണ്ട്. എന്നാൽ ഒരു വർഷം എത്ര അടിയന്തര പരോൾ നൽകാമെന്ന് ചട്ടത്തിലോ നിയമത്തിലോ പറയുന്നില്ല. ഇതിനാൽ ഒരു വർഷം എത്ര അടിയന്തര പരോൾ നൽകണമെന്ന് നിഷ്കർഷിക്കാൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

കുഞ്ഞനന്തന് 240 ദിവസം പരോൾ

2014 ജനുവരി 28 മുതൽ 2017 ജൂൺ 26 വരെ:
-അടിയന്തര പരോൾ-- 60 ദിവസം
-സാധാരണ പരോൾ- 135 ദിവസം

2017 ആഗസ്റ്റ് 31 മുതൽ 2018 സെപ്തംബർ 21വരെ:
4 തവണ അടിയന്തര പരോൾ

1. രോഗിയായ ഭാര്യയെ നോക്കാൻ 2018 സെപ്തംബർ 21 ന് -10 ദിവസം
2. 2018 ഒക്ടോബർ 4ന് - 15 ദിവസം
3. ഒക്ടോബർ 16 ന് 15 ദിവസം
4.ഒക്ടോബർ 27 ന് 5 ദിവസം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA