SignIn
Kerala Kaumudi Online
Thursday, 25 April 2024 9.50 PM IST

ഭീകരതയുടെ രണ്ടാം വരവ്

taliban

അഫ്ഗാൻ അധിനിവേശത്തിനു ശേഷം സോവിയറ്റ് സേന പിന്മാറിയതിനു പിന്നാലെ തൊണ്ണൂറുകളിൽ വടക്കൻ പാകിസ്ഥാനിൽ ജന്മം കൊണ്ട ഭീകര ഗ്രൂപ്പാണ് താലിബാൻ. പഷ്‌തൂൺ വംശജരുടെ പ്രസ്ഥാനമായി സെമിനാരികളിൽ തുടക്കം. പഷ്തോ ഭാഷയിൽ താലിബാൻ എന്നാൽ വിദ്യാർത്ഥികൾ എന്നാണ് അർത്ഥം.

സുന്നി ഇസ്ലാമിന്റെ തീവ്രവാദരൂപത്തെ പിന്തുണച്ച സൗദി അറേബ്യയാണ് ധനസഹായം നൽകിയത്. അധികാരത്തിലേറിയാൽ സമാധാനം പുനഃസ്ഥാപിച്ച് ഇസ്ലാമിക നിയമമായ ശരി അത്ത് അനുശാസിക്കുന്ന ഭരണം- അതായിരുന്നു താലിബാന്റെ വാഗ്ദാനം. പഷ്‌തൂൺ മേഖലകളിൽ സ്വാധീനമുറപ്പിച്ച് താമസിയാതെ അഫ്ഗാനിലാകെ താലിബാൻ പടർന്നു പിടിച്ചു.

1995 സെപ്റ്റംബറിൽ ഇറാൻ അതിർത്തിയിലെ ഹെറാത്ത് പ്രവിശ്യയും ഒരു വർഷം കഴിഞ്ഞപ്പോൾ അഫ്ഗാൻ തലസ്ഥാനമായ കാബൂളും താലിബാൻ പിടിച്ചടക്കി. സോവിയറ്റ് അധിനിവേശത്തെ ചെറുത്ത മുജാഹിദ്ദീൻ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്ന ബുർഹാനുദ്ദീൻ റബ്ബാനി ആയിരുന്നു അന്ന് അഫ്ഗാൻ പ്രസിഡന്റ്. അദ്ദേഹത്തെ പുറത്താക്കി ഭരണം പിടിച്ചു. 1998 ആയപ്പോഴേക്കും അഫ്ഗാനിസ്ഥാന്റെ 90 ശതമാനവും താലിബാന്റെ വരുതിയിലായി.

കടന്നുവരവും

കാടത്തവും

സോവിയറ്റ് പിന്മാറ്റത്തിനു ശേഷം മുജാഹിദീനുകളുടെ അതിക്രമങ്ങളിൽ മടുത്ത ജനം താലിബാനെ സ്വാഗതം ചെയ്‌തു. അഴിമതി വിരുദ്ധ നിലപാടും ക്രമസമാധാനം പുനഃസ്ഥാപിച്ചതും റോഡുകൾ മെച്ചപ്പെടുത്തിയതും വാണിജ്യം ശക്തമാക്കിയതും താലിബാനെ ജനപ്രിയമാക്കി. പക്ഷേ, ക്രമേണ അവർ മതതീവ്രവാദത്തിന്റെ ക്രൂരമുഖം പുറത്തെടുത്തു. ശരീ അത്തിനെ തന്നിഷ്‌ടം പോലെ വ്യാഖ്യാനിച്ച് പൈശാചിക ശിക്ഷാമുറകൾ നടപ്പാക്കി. കൊലപാതകത്തിനും വ്യഭിചാരത്തിനും പരസ്യ വധശിക്ഷ നടപ്പാക്കി. കള്ളന്മാരുടെ അവയവങ്ങൾ ഛേദിച്ചു.

പുരുഷന്മാർ താടിവളർത്തണമെന്നും സ്ത്രീകൾ ദേഹം മുഴുവൻ മറയ്‌ക്കുന്ന ബുർഖ ധരിക്കണമെന്നും നി‌ർബന്ധിച്ചു. പത്ത് വയസു കഴിഞ്ഞ പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് നിരോധിച്ചു. ടെലിവിഷനും സിനിമയും സംഗീതവും നിരോധിച്ചു. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു. സംസ്‌കാരത്തിന്റെ പേരിലുള്ള പീ‌ഡനങ്ങൾ പതിവായി. മറ്റു മതങ്ങളുടെ പ്രതീകങ്ങൾ തച്ചു തകർത്തു. 2001ൽ വിശ്വപ്രസിദ്ധമായ ബാമിയൻ ബുദ്ധപ്രതിമകൾ തകർത്തു. ആറാം നൂറ്റാണ്ടിൽ ഒരു പാറമലയിൽ കൊത്തിവച്ച 38 മീറ്ററും 55 മീറ്ററും വീതം ഉയരമുള്ള മഹാശില്പങ്ങളാണ് തകർക്കപ്പെട്ടത്.

താലിബാന്റെ സൃഷ്ടിയിൽ തങ്ങൾക്കു പങ്കില്ലെന്നാണ് പാകിസ്ഥാൻ ആണയിടുന്നത്. താലിബാനിൽ അംഗങ്ങളായ അഫ്ഗാനികൾ പാകിസ്ഥാനിലെ മദ്രസകളിൽ പഠിച്ചവരായിരുന്നു.അഫ്ഗാനിസ്ഥാനിലെ മുൻ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച മൂന്ന് രാജ്യങ്ങളിൽ ഒന്ന് പാകിസ്ഥാനായിരുന്നു. സൗദിയും യു.എ.ഇയുമാണ് മറ്റു രണ്ട് രാജ്യങ്ങൾ. ഒരു ഘട്ടത്തിൽ പാകിസ്ഥാനെ ശിഥിലീകരിക്കുമെന്ന് ഭീതി പരത്തുന്ന ആക്രമണങ്ങളും താലിബാൻ നടത്തി. 2012ൽ മലാല യൂസഫ് സായി എന്ന പെൺകുട്ടിയെ വെടിവച്ചത് ലോകത്തെ ഞെട്ടിച്ചു. പെഷവാറിലെ സ്‌കൂളിൽ നടത്തിയ കൂട്ടക്കുരുതി പാകിസ്ഥാനിലെ താലിബാൻ സ്വാധീനത്തിന് ഇടിവുണ്ടാക്കി. 2013ൽ ഹക്കിമുള്ള മെഹ്‌സൂദ് ഉൾപ്പെടെ മൂന്നു നേതാക്കളെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ചതും തിരിച്ചടിയായി.

അൽ ക്വ ഇദ താവളം

2001 സെപ്റ്റംബറിൽ ലോക വ്യാപാര കേന്ദ്രം അൽ ക്വ ഇദ ആക്രമിച്ചതോടെയാണ് അമേരിക്ക താലിബാനെതിരെ തിരിഞ്ഞത്. ആക്രമണത്തിന്റെ സൂത്രധാരനായ ഒസാമ ബിൻ ലാദൻ ഉൾപ്പെടെയുള്ള അൽ ക്വ ഇദ ഭീകരർക്ക് താലിബാൻ താവളം നൽ കുന്നതായി വ്യക്തമായി. അക്കൊല്ലം ഒക്ടോബർ 7ന് അമേരിക്കൻ സഖ്യസേന അഫ്ഗാനിസ്ഥാനിൽ താലിബാനെ ആക്രമിക്കാൻ തുടങ്ങി.

ഡിസംബർ ആദ്യം താലിബാൻ ഭരണം തകർന്നു. താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഒമറും ബിൻ ലാദൻ ഉൾപ്പെടെയുള്ള കൊടും ഭീകരരും രക്ഷപ്പെട്ടു. താലിബാന്റെ നിലവധി സീനിയർ നേതാക്കൾ പാകിസ്ഥാനിലെ ക്വെറ്റയിൽ അഭയം തേടി. അവിടെ നിന്ന് അവർ താലിബാനെ നിയന്തന്ത്രിച്ചു. ബിൻലാദനെ പിന്നീട് പാകിസ്ഥാനിലെ അബോട്ടാബാദിൽ കമാൻഡോകളെ ഇറക്കി ഒബാമ ഭരണകൂടം വധിച്ചു. സഖ്യസേന ശക്തമായിട്ടും താലിബാൻ പുനഃസംഘടിക്കുകയും അഫ്ഗാനിസ്ഥാനിലെമ്പാടും ആക്രമണങ്ങൾ നടത്തുകയും ചെയ്തു. 2012 സെപ്റ്റംബറിൽ നാറ്റോയുടെ ക്യാമ്പ് ആക്രമിച്ചു. അതിനു പിന്നാലെ സഖ്യസേന പാക് താലിബാൻ നേതാവ് ഹക്കിമുള്ള മെഹ്സൂദിനെ വധിച്ചു.

ആയിടെ താലിബാൻ നേതാവ് മുല്ല ഒമർ രോഗം മൂലം പാകിസ്ഥാനിലെ ആശുപത്രിയിൽ മരണമടഞ്ഞിരുന്നു. പക്ഷേ മരണവിവരം താലിബാൻ രണ്ടു വർഷത്തിലേറെ മറച്ചു വച്ചു. 2015ൽ താലിബാൻ തന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് മുല്ല ഒമറിന്റെ ഡെപ്യൂട്ടി മുല്ല മൻസൂർ നേതാവായി. ആ സമയത്താണ് താലിബാൻ 2001ലെ പരാജയത്തിനു ശേഷം ആദ്യമായി ഒരു പ്രവിശ്യാ തലസ്ഥാനം (കുന്ദൂസ് നഗരം)​ പിടിച്ചടക്കിയത്. 2016 മേയിൽ മുല്ല മൻസൂറും അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അയാളുടെ ഡെപ്യൂട്ടി മൗലവി അഖുന്ദ്സാദ പുതിയ നേതാവായി. ഇപ്പോഴും അയാളുടെ കൈകളിൽത്തന്നെ താലിബാന്റെ നിയന്ത്രണം.


അമേരിക്കയുമായി

സമാധാന കരാർ

2013ലാണ് താലിബാൻ അമേരിക്കയുമായി ഒത്തുതീർപ്പു ശ്രമങ്ങൾ തുടങ്ങുന്നത്. 2020 ഫെബ്രുവരിയിൽ സമാധാന കരാർ ഒപ്പിട്ടു. അമേരിക്കൻ സേനാ പിന്മാറ്റം,​ അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയ്ക്ക് ഭീകര ഭീഷണി പാടില്ല,​ ശാശ്വതമായ വെടിനിറുത്തൽ,​ രാഷ്‌ട്രീയ ഒത്തുതീർപ്പ് തുടങ്ങിയവയായിരുന്നു വ്യവസ്ഥകൾ. ആ കരാറോടെ താലിബാൻ തന്ത്രങ്ങൾ മാറ്റി. നഗരങ്ങളും സൈനിക പോസ്റ്റുകളും ആക്രമിക്കുന്നതിനു പകരം അഫ്ഗാൻ പൗരന്മാരെ ഭീഷണിയിലാക്കി, ജഡ്ജിമാരും മാദ്ധ്യമപ്രവർത്തകരും അധികാര സ്ഥാനങ്ങളിലുള്ള വനിതകളും ഉൾപ്പെടെയുള്ള പ്രമുഖരെ വധിക്കാൻ തുടങ്ങി. തന്ത്രങ്ങൾ മാറ്റിയ താലിബാൻ അവരുടെ ഭീകര പ്രത്യയശാസ്‌ത്രം മാറ്റിയിട്ടില്ല. രണ്ടാം ഭരണകാലത്തും താലിബാൻ പേടിസ്വപ്നമാകുന്നത് അതിനാലാണ്.

സെപ്റ്റംബർ 11 ആക്രമണത്തിന്റെ പേരിൽ തങ്ങളെ ഒരു തവണ വേട്ടയാടി പുറത്താക്കിയ അമേരിക്കയുടെ ഇരുപതു വ‌ർഷത്തെ അദ്ധ്വാനങ്ങൾ പാഴാക്കിയാണ് താലിബാന്റെ രണ്ടാം വരവ്. ലോക വ്യാപാര കേന്ദ്രം ആക്രമിച്ചതിന്റെ ഇരുപതാം വാർഷികമാണ് വരുന്ന സെപ്റ്റംബർ 11. അന്ന് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ സേനാ പിന്മാറ്റം പൂർത്തിയാകുമ്പോൾ തന്നെ താലിബാൻ പുതിയ ഭരണം സ്ഥാപിക്കുന്നത് വിധിയുടെ വൈചിത്ര്യമാണ്. 85,​000 ഫുൾടൈം പോരാളികളുള്ള അഫ്ഗാൻ താലിബാൻ എന്നത്തേക്കാളും ശക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TALIBAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.