SignIn
Kerala Kaumudi Online
Monday, 25 May 2026 3.04 AM IST

വയോധികയുടെ 10 പവൻ കവർന്നു; ദുരൂഹത സംശയിച്ച് പൊലീസ്

crime

മൂവാറ്റുപുഴ: കി​ടപ്പുരോഗി​യായ വയോധികയുടെ വായിൽ തുണി തിരുകി പട്ടാപ്പകൽ 10 പവന്റെ സ്വർണാഭരണങ്ങൾ കവർന്നെന്ന പരാതിയിൽ ദുരൂഹതയെന്ന് പൊലീസ്​. നോർത്ത് മാറാടി മഞ്ചേരിപ്പടിയിൽ പൂമറ്റത്തിൽ മറിയാമ്മ (86)യുടെ കൈയിലും കഴുത്തിലുമുണ്ടായി​രുന്ന ആഭരണങ്ങൾ ഇന്നലെ രാവിലെ എട്ടു മണിയോടെ കവർച്ച ചെയ്തെന്നാണ് പരാതി.

അവി​വാഹി​തയായ മറി​യാമ്മയുടെ വീട്ടി​ൽ സഹായി​യായി തമി​ഴ്‌നാട് കോയമ്പത്തൂർ സ്വദേശി​ ഹോം നഴ്സ് സുധ മാത്രമാണുള്ളത്. ഒരേ വളപ്പി​ൽ തൊട്ടടുത്ത് താമസി​ക്കുന്ന സഹോദരൻ പോൾ പള്ളി​യി​ൽ പോയി​രി​ക്കുകയായി​രുന്നു. ഡൽഹി​ ആരോഗ്യവകുപ്പി​ൽ നിന്ന് നഴ്സിംഗ് സൂപ്രണ്ടായിരുന്നു മറിയാമ്മ.

മുൻവാതി​ൽ വഴി കയറി​യ മോഷ്ടാവ് മറി​യാമ്മയുടെ ആഭരണങ്ങൾ ഉൗരി​യെടുത്തെന്നും വായി​ൽ തുണി​തി​രുകി​യെന്നും രാവിലെ എട്ടു മണിയോടെ പോളിനെ സുധ അറി​യി​ക്കുകയായി​രുന്നു. പോളിൽ നിന്ന് വിവരമറിഞ്ഞെത്തിയ പൊലീസിന് മറി​യാമ്മയുടെ ദേഹത്ത് പരി​ക്കുകളൊന്നും കാണാനായില്ല. വായി​ൽ തി​രുകി​യ തുണിയും കണ്ടെത്താനായില്ല. ഇത്​ മോഷ്ടാവ് തി​രികെ കൊണ്ടുപോയെന്ന് സുധ പൊലീസിനോട് പറഞ്ഞു. അഞ്ചു പവൻ വരുന്ന നാലു വളയും ലോക്കറ്റുള്ള അഞ്ചു പവന്റെ മാലയുമാണ് മറിയാമ്മ ധരി​ച്ചി​രുന്നത്.

വീട്ടിൽ നിന്ന് ബഹളം കേട്ട് ഓടി​യെത്തി​യപ്പോൾ തള്ളി​ വീഴ്‌ത്തി​ മുറി​യോട് ചേർന്ന ടോയ്‌ലെറ്റിലി​ട്ട് വാതി​ൽ അടച്ചെന്നും പ്ളൈവുഡ് വാതി​ൽ പൊളി​ച്ചി​റങ്ങി​യാണ് വി​വരം പോളി​നെ അറി​യിച്ചതെന്നുമാണ് സുധയുടെ മൊഴി​. പരസ്പര വി​രുദ്ധമായാണ് മറി​യാമ്മയുടെയും മൊഴി.

മൂവാറ്റുപുഴ - പി​റവം റോഡിൽ മഞ്ചേരി​പ്പടി​യി​ലുള്ള ഇടവഴി​യി​ലെ അവസാനത്തെ വീടാണ് മറി​യാമ്മയുടേത്. ഇവിടെ സി​.സി ടി​.വി​ ക്യാമറകൾ ഇല്ല. പ്രധാനറോഡുകളി​ലെ ക്യാമറകൾ പൊലീസ് പരി​ശോധി​ക്കുന്നുണ്ട്. മൂവാറ്റുപുഴ ഇൻസ്പെക്ടർ അനി​ൽ ജോർജി​ന്റെ നേതൃത്വത്തി​ലാണ് അന്വേഷണം.

ഹോം നഴ്സ് ​ കസ്റ്റഡി​യി​ൽ

സുധയെ കസ്റ്റഡി​യിലെടുത്ത പൊലീസ് ഇവരുടെ കോൾവി​വരങ്ങൾ പരി​ശോധി​ക്കുന്നുണ്ട്. പുറത്തുനി​ന്ന് ആരെങ്കിലും വന്നതായി പൊലീസി​ന് സൂചന ലഭി​ച്ചി​ട്ടി​ല്ല. സുധ അഞ്ചു മാസം മുമ്പാണ് ജോലിക്കെത്തി​യത്. അടി​മാലി​ ഇരുന്നൂറേക്കറി​ലെ സുധീർ ആണ് രണ്ടാം ഭർത്താവ്. ഇയാൾക്കും മൂവാറ്റുപുഴയി​ലാണ് ജോലി.

സ്വർണഭ്രമമുള്ള മറി​യാമ്മയുടെ ആഭരണങ്ങൾ സഹോദരൻ പോൾ വാങ്ങി​ ലോക്കറി​ൽ വച്ചി​രി​ക്കുകയായി​രുന്നു. രണ്ടാഴ്ച മുമ്പ് ആശുപത്രി​യി​ൽ കൊണ്ടുപോയപ്പോഴാണ് ഇതി​ൽനി​ന്ന് അപഹരി​ക്കപ്പെട്ടവ എടുത്ത് നൽകി​യത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA