ശ്രീബുദ്ധനും ഗുരുദേവനും ഒരേ ദർശനത്തിന്റെ പ്രതിരൂപം : വിഭാവെരത്ന തേറോ

Monday 25 May 2026 1:37 AM IST

കൊളംബോ: ശ്രീബുദ്ധനും ഗുരുദേവനും ഒരേ പ്രതിരൂപങ്ങളായിരുന്നെന്ന് അശോക ബുദ്ധാരാമം ചീഫ് ബുദ്ധിസ്റ്റ് വിഭാവെരത്ന തേറോ പറഞ്ഞു. ബുദ്ധഭഗവാൻ ലോകത്തിന്റെ വെളിച്ചമായിരിക്കുന്നത് പോലെ ശ്രീനാരായണ ഗുരുദേവനും ലോകത്തിന്റെ വെളിച്ചമാണ്. ബുദ്ധൻ ഉപദേശിച്ച പഞ്ചശുദ്ധികളും പഞ്ചധർമ്മങ്ങളും ജീവിതത്തിൽ പുലർത്തി അഹിംസാനിഷ്ഠമായ ജീവിതമാണ് ഗുരുദേവൻ പുലർത്തിയത്. ഒരു ജീവിയേയും മാനസികമായും ശാരീരികമായും വാചികമായും ഉപദ്രവിക്കരുതെന്നുള്ള ഗുരുവിന്റെ ദർശനം ശ്രീബുദ്ധദർശനത്തിൽ അധിഷ്ഠിതമാണ്.

ശ്രീനാരായണ ഗുരുവിനെ കൂടുതൽ പഠിച്ചറിയാൻ ലോകത്തിനായിട്ടില്ല. അതിന് പ്രധാന കാരണം ഗുരുദേവന്റെ അനുയായി വർഗ്ഗം തന്നെയാണെന്ന് വിശ്വസിക്കുന്നു. ഗുരുവിനെ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ഗുരുവായി കാണുകയും വിലയിരുത്തുകയും ചെയ്തതല്ലാതെ അതിനപ്പുറത്ത് ലോകത്തിന്റെ മഹാഗുരുവായി ശ്രീനാരായണ ഗുരുവിനെ അവതരിപ്പിക്കുന്നതിൽ ഗുരുവിന്റെ ശിഷ്യലോകത്തിന് വേണ്ടവണ്ണമായിട്ടില്ല. അതുകൊണ്ടാണ് ഗുരുദേവൻ രണ്ടുതവണ ശ്രീലങ്ക സന്ദർശിച്ചിട്ടും ശ്രീലങ്കയിലുള്ള ജനങ്ങൾ പോലും ഗുരുദേവനെ വേണ്ടപോലെ അറിയാതെ പോയത്.

കാരുണ്യത്തിൽ അധിഷ്ഠിതമായി ലോകത്തെ മുഴുവൻ കണ്ടുകൊണ്ടുള്ള ശ്രീനാരായണഗുരുവിന്റെ തത്വദർശനം ലോകത്തിന് പകരാൻ ഗുരുഭക്തർ മുന്നിട്ടിറങ്ങണം.

 ശിവഗിരിയിലേക്കെത്തും

ഇത്തവണത്തെ ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ ക്ഷണം അതീവസന്തോഷത്തോടെ സ്വീകരിക്കുന്നു. മഞ്ഞവസ്ത്രം ധരിച്ച് പഞ്ചശുദ്ധി അനുഷ്ഠിച്ചു ലക്ഷക്കണക്കിന് തീർത്ഥാടകർ ഒഴുകിയെത്തുമ്പോൾ അക്കൂട്ടത്തിൽ ഞാനും പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.