SignIn
Kerala Kaumudi Online
Friday, 19 April 2024 4.08 PM IST

വിയറ്റ്‌നാമിലെ ഭിക്ഷുവിന്റെ വഴികൾ

thich-nhat-hanh-

ഒരു മാസത്തെ യാത്രകൾക്ക് ശേഷം വീട്ടിലെത്തിയപ്പോൾ ഒരു സെൻ ബുദ്ധസന്യാസിയുടെ പുസ്തകം എന്നെ തേടി വന്നു. വിയറ്റ്‌നാമിലെ തിച്ച് നാത് ഹാൻ എഴുതിയ At Home in the World.കൊച്ചുകൊച്ചു അനുഭവങ്ങളുടെ മനോഹരമായ അവതരണം. അദ്ദേഹത്തിന്റെ പ്രസിദ്ധമായ മറ്റൊരു പുസ്തകം എന്റെ കൈയിലുണ്ട്. ''Old Path White Clouds". എന്റെ മകൻ അപ്പു അതു വായിക്കുന്നത് കണ്ട് ഞാൻ സന്തോഷിച്ചിട്ടുണ്ട്. ബുദ്ധന്റെ ജീവിതമാണ് അത്. അദ്ദേഹം നൂറിൽപ്പരം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

വിയറ്റ്‌നാം യുദ്ധത്തിന്റെ എല്ലാ കഷ്ടതകളും അദ്ദേഹം അനുഭവിച്ചു. നാൽപ്പത് വർഷം നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. എവിടെയും ഇല്ലാതെ, എവിടത്തെയും പൗരനല്ലാതെ ലോകം മുഴുവൻ നടന്നു.

ജീവിതത്തെ പ്രസാദാത്മകമായി കാണാനും എല്ലാം ഉൾക്കൊണ്ട് ചെയ്യാനും ഈ പുസ്‌തകം പഠിപ്പിക്കുന്നു. MIND FULNESS എന്നാണ് അദ്ദേഹം പറയുന്നത്... MIND FULNESS മനോഹരമായ അവസ്ഥയാണ്. എന്ത് കാര്യവും ഈ അവസ്ഥയിൽ ചെയ്യുമ്പോൾ ധ്യാനമാവും. ജോലി ചെയ്യുമ്പോൾ, നടക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ, സംസാരിക്കുമ്പോൾ... എല്ലാം അറിഞ്ഞ് ചെയ്യുന്ന അവസ്ഥ. എല്ലാം ഇങ്ങനെ ചെയ്യാൻ ശ്രമിക്കുന്ന ഒരാളാണ് ഞാനും.

നിരാശയുടെയോ വിരക്തിയുടെയോ സന്യാസമല്ല ഈ പുസ്തകം പകരുന്നത്. പ്രത്യാശയുടേയും, കനിവിന്റെയും , സ്നേഹത്തിന്റെയും, ബഹുമാനത്തിന്റെയും സർഗാത്മകമായ സന്യാസമാണ്. സെൻ ബുദ്ധിസത്തിൽ സന്യാസം ഒരു വിടരലാണ്. ഒരു തെളിഞ്ഞ മന്ദഹാസം പോലെ പൂർണ ജീവിതത്തിലേക്കുള്ള വിടരൽ.

യുദ്ധത്തിൽ തകർന്ന ഒരു വിയറ്റ്‌നാം ഗ്രാമം വീണ്ടും വീണ്ടും പണിതുയർത്തുന്നുണ്ട് അദ്ദേഹവും സുഹൃത്തുക്കളും. ഓരോ തവണയും അത് തകർക്കപ്പെടും. അവർ നിരാശരാവുന്നേയില്ല. ഒടുവിൽ യുദ്ധം തോറ്റ് പിന്മാറി. ഒരു മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപകടം നിരാശയാണ്.

ഈ പുസ്തകത്തിൽ 'I am From the Center" എന്ന ഒരു അനുഭവക്കുറിപ്പുണ്ട്. ഫിലാഡെൽഫിയയിൽ വച്ച് ഒരു പത്രറിപ്പോർട്ടർ ഹാ നോട് ചോദിക്കുന്നുണ്ട്- താങ്കൾ തെക്കൻ വിയറ്റ്‌നാമിൽ നിന്നാണോ വടക്കൻ വിയറ്റ്‌നാമിൽ നിന്നാണോ? വടക്കനാണെങ്കിൽ അമേരിക്കൻ വിരുദ്ധനായ കമ്മ്യൂണിസ്റ്റായിരിക്കും തെക്കനാണെങ്കിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധനും. അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. ''I am from the Center." താനൊരു മദ്ധ്യമ മനുഷ്യനാണ്. എനിക്കും ഇതേ ചിന്താധാരയാണ്. എന്റെ അഭിനയം, ചിന്തകൾ, പ്രവൃത്തികൾ എല്ലാം ഇത്തരമാണ്. ഞാനെന്ന മനുഷ്യൻ എപ്പോഴും നടുവിലാണ്. എങ്ങോട്ടും ചായ്‌വില്ലാതെ. എന്റെ അഭിപ്രായങ്ങൾ ആളുകൾ അവർക്കാവശ്യമുള്ള പോലെ വ്യാഖ്യാനിക്കുന്നു.എന്നെ അഭിനന്ദിക്കുന്നു, എന്നോട് കലഹിക്കുന്നു. എന്നെ ചീത്തവിളിക്കുന്നു... അപ്പോഴും ഞാൻ ഉറച്ച് ഒരു കാറ്റിലുമിളകാതെ നിൽക്കുന്നു. ഒന്നും എന്നെ ബാധിക്കുന്നില്ല, എല്ലാം കടന്നുപോകും... ശാന്തമായി തന്നെ...

പരിശീലിച്ചാൽ ആർക്കും ബുദ്ധനാവാം. സമാധാനപ്രിയനും, ശാന്തനും, മറ്റുള്ളവരെ കാരുണ്യത്തോടെ മനസിലാക്കുകയും ചെയ്യുന്ന ആർക്കും ബുദ്ധനാവാം... ബുദ്ധൻ ഒരു വ്യക്തിയുടെ പേരല്ല. അത് ഒരവസ്ഥയാണ്.

ബുദ്ധാവസ്ഥയിലേക്ക് ഉയരണമെങ്കിൽ മദ്ധ്യമപാതയിൽ നിൽക്കണം. പക്ഷമോ മറുപക്ഷമോ ഇല്ലാതെ, ഒറ്റയ്ക്ക് ഒരു വൃക്ഷം പോലെ. അപ്പോൾ ജീവിതത്തിന്റെ ആനന്ദം തിരിച്ചറിയാം.

ഈ ഭിക്ഷുവിന്റെ പാതയിലൂടെ എനിക്ക് ഏറെ പോകാനുണ്ട്... പാതയുടെ അങ്ങേയറ്റത്ത് എന്താണെന്ന് എനിക്കറിയില്ല. ഒരു നീലത്തടാകവും അതിന്റെ കരയിൽ പൂവണിഞ്ഞ ഒറ്റ വൃക്ഷവും ഉണ്ടായിരിക്കാം. അവിടെ എനിക്കിരിക്കാൻ ഇത്തിരി തണലും, ശുദ്ധവായുവും, മധുരമായ പകലുകളും, ഉദയാസ്തമയങ്ങളും, നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയും... അവിടെ എന്നിലേക്ക് നോക്കി ഞാൻ ഇരിക്കും, ആ മനോഹരമായ അവസ്ഥയിൽ...''MIND FULNESS..."

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THICH NHAT HANH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.