SignIn
Kerala Kaumudi Online
Thursday, 25 April 2024 3.05 AM IST

കാട്ടിലെ കില്ലാടി

tiger

മാർജ്ജാര കുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കടുവ. കണ്ണെടുക്കാതെ നോക്കിയിരുന്ന് പോകുന്ന സൗന്ദര്യമുള്ള ഇവ കാട്ടിലെ കിരീടം വയ്ക്കാത്ത രാജാവിനെപ്പോലെയാണ്. വനാന്തരങ്ങളിൽ പമ്മിയിരുന്ന് ഇരകളെ ഇമ വെട്ടാതെ നോക്കി ചാടിപ്പിടിയ്ക്കുന്ന വിരുതന്മാരാണ് ഇവർ. അന്താരാഷ്ട്ര കടുവാ ദിനമായ ഇന്ന് കാട്ടിലെ കില്ലാടികളായ കടുവകളെ കുറിച്ച് കൂടുതൽ മനസിലാക്കാം.  ജന്മദേശം : സൈബീരിയ ശാസ്ത്രീയ നാമം : പാന്ഥറ ടൈഗ്രീസ് ശരാശരി ആയുസ്സ് : എട്ട് മുതൽ പത്ത് വർഷം ശരീര പ്രകൃതി : ആൺകടുവകൾക്ക് പെൺകടുവകളേക്കാൾ ഭാരം കൂടുതലാണ്. ആൺകടുവകൾക്ക് 90-300 കിലോഗ്രാമും പെൺകടുവകൾക്ക് 65 -167 കിലോഗ്രാമുമാണ് ഭാരം. വേഗം : മണിക്കൂറിൽ 75 കിലോമീറ്റർ വരെ. 16 അടി ഉയരത്തിലും 32 അടി നീളത്തിലും ചാടാൻ സാധിക്കും. ഇന്ത്യയെ കൂടാതെ കടുവ ദേശീയ മൃഗമായ രാജ്യങ്ങൾ : ബംഗ്ളാദേശ്, ദക്ഷിണ കൊറിയ, മലേഷ്യ  ഉപഇനങ്ങൾ :ഒൻപത് ( ബംഗാൾ കടുവ, സൈബീരിയൻ കടുവ, കാസ്പിയൻ കടുവ, സൗത്ത് ചൈന കടുവ, ഇൻഡോ ചൈനീസ് കടുവ, മലയൻ കടുവ,ജാവൻ കടുവ,ബാലി കടുവ,സുമാത്രൻ കടുവ) ഏറ്റവും വലുത് : സൈബീരിയൻ കടുവകൾ ഏറ്റവും ചെറുത് : സുമാത്രൻ കടുവകൾ അധീനപ്രദേശ പരിധി : ആൺ കടുവകളുടെ അധീനപ്രദേശ പരിധി പെൺകടുവകളേക്കാൾ കൂടുതലാണ്. ഒരു ആൺ കടുവയുടെ പരിധിയിൽ പല പെൺകടുവകൾ കാണുമെങ്കിലും രണ്ട് ആൺ കടുവകൾ ഒരേ പരിധിയിൽ എത്തുന്നത് ഒരു കടുവയുടെ അന്ത്യത്തിലാവും അവസാനിക്കുക. 1973ൽ കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു. 2010ൽ സെന്റ് പീറ്റേഴ്സ്ബർഗ് സമ്മിറ്റിലാണ് ജൂലായ് 29 അന്താരാഷ്ട്ര കടുവാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. കൗതുക വിശേഷം കടുവകളുടെ ദേഹത്തെ വരകളുടെ പ്രത്യേകത,ഇര പിടിയ്ക്കുന്ന രീതി,ഏതെല്ലാം നേരത്ത് ഗർജ്ജിക്കും തുടങ്ങി കടുവകളെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില വസ്തുതകളുണ്ട്. കടുവയെ ഇഷ്ടപ്പെടുന്ന ഒരാൾ തീർച്ചയായും കേട്ടിരിക്കേണ്ടവയാണ് ഈ കൗതുക വിശേഷങ്ങൾ.  കടുവയുടെ ഉപവംശമായ ബംഗാൾ കടുവയാണ് ഇന്ത്യയുടെ ദേശീയ മൃഗം.  സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള മൃഗങ്ങളെ വരെ കൊന്നൊടുക്കാനുള്ള കരുത്ത്.  കടുവകൾ ഗർജിക്കുന്നത് ആശയവിനിമയത്തിനാണ്. ഇരകൾക്ക് മുമ്പിൽ ഇവ ഗർജ്ജിക്കാറില്ല. ഇരയെ ഏറെ ദൂരം ഓടി കീഴ്പ്പെടുത്തുന്ന രീതിയില്ല. അതിനാൽ ഇര ലഭിക്കുന്നത് പത്തിൽ ഒന്ന് എന്ന കണക്കിലായിരിക്കും. മൃദുവായ പാദങ്ങൾ ശബ്ദമുണ്ടാക്കാതെ ഇരയുടെ അടുത്തെത്താൻ സഹായിക്കും.  മുൻകാലുകളെക്കാൾ നീളം കൂടിയ പിൻകാലുകൾ വഴി ഒരുപാട് ദൂരം ചാടാൻ സാധിക്കും.  അസാധാരണ കേൾവിശക്തിയും രാത്രികാലങ്ങളിൽ മനുഷ്യനേക്കാൾ ആറുമടങ്ങ് കാഴ്ചശക്തിയും. മുൻനിരയിലെ നാല് കോമ്പല്ലുകൾ കഴുത്തിലോ തലയ്ക്ക് പിന്നിലോ ആഴത്തിലിറങ്ങി രക്തം നഷ്ടപ്പെട്ടാണ് ഇരകൾ മരിക്കുന്നത്. കടുംതവിട്ടു നിറമുള്ള ശരീരത്തിനു കുറുകെയുള്ള കറുത്ത വരകൾ ഇരകളെ പതിഞ്ഞിരുന്ന് ആക്രമിക്കാൻ സഹായിക്കും. മാർജ്ജാരവർഗത്തിൽ ശരീരം മുഴുവൻ വരകളുള്ള ഏക മൃഗമാണ് കടുവ.  മനുഷ്യന്റെ വിരലടയാളം പോലെയാണ് കടുവയുടെ ദേഹത്തെ വരകൾ. രണ്ട് കടുവയ്ക്ക് ഒരേ വരകൾ ഉണ്ടാവാറില്ല.  ദീർഘദൂരം നീന്താൻ ഇവയ്ക്ക് സാധിക്കും. ഗർഭധാരണ സമയം മൂന്ന് മാസമാണ്. കുഞ്ഞുങ്ങൾ രണ്ട് വർഷം വരെ അമ്മയ്ക്ക് ഒപ്പം തുടരുകയും പിന്നീട് സ്വതന്ത്രരാകുകയും ചെയ്യും.  കടുവകൾ തനിച്ചാണ് മിക്കവാറും കാണപ്പെടുക.  മാൻ,കാട്ടുപന്നി,പോത്ത് എന്നിവയാണ് പ്രധാന ഇരകൾ. ധ്രുവക്കരടികൾക്കും ബ്രൗൺ കരടികൾക്കും ശേഷം ലോകത്തിലെ നീളം കൂടിയ മൂന്നാമത്തെ മാംസഭുക്ക്. ആൺ കടുവകളും പെൺകടുവകളും ഒരുമിച്ച് കാണപ്പെടുന്നത് ഇണകൂടുമ്പോൾ മാത്രമാണ്. ഭാരതത്തിന്റെ കടുവാ തലസ്ഥാനം എന്നറിയപ്പെടുന്നത് നാഗ്പൂരാണ് വിശക്കുമ്പോൾ മാത്രമേ കടുവ ഇര തേടിയിറങ്ങു. ചോളന്മാരുടെ ചിഹ്നം. ഇന്ത്യൻ നാഷണൽ ആർമിയുടെ പതാകയിൽ ചിത്രീകരിക്കപ്പെട്ടിരുന്ന മൃഗം. 1972 വരെ സിംഹമായിരുന്നു ദേശീയ മൃഗം. കാണപ്പെടുന്ന സ്ഥലങ്ങൾ ജലസാമീപ്യമുള്ള സ്ഥലങ്ങളിലാണ് കടുവകൾ കൂടുതലായും കാണപ്പെടുന്നത്. ഇന്ത്യ,ഭൂട്ടാൻ,ചൈന,കംബോടിയ,ബംഗ്ളാദേശ്,ഇൻഡോനേഷ്യ,മ്യാൻമാർ,മലേഷ്യ,നേപ്പാൾ,തായ്ലൻ‌ഡ്,ലാവോസ്,റഷ്യ,വിയറ്റ്നാം തുടങ്ങിയ 13 രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. 70 ശതമാനം കടുവകൾ ഇന്ത്യയിൽ വേട്ടയാടൽ, ആവാസവ്യവസ്ഥയിലെ കടന്നുകയറ്റം എന്നീ കാരണങ്ങളാൽ വംശനാശഭീഷണി നേരിടുന്ന മൃഗമാണ് കടുവ. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ കണക്കനുസരിച്ച് കഴിഞ്ഞ 150 വർഷത്തിനിടയിൽ കടുവയുടെ ജനസംഖ്യ 95 ശതമാനം വരെ കുറഞ്ഞു.  ലോക കടുവ ജനസംഖ്യയുടെ ഏകദേശം 70 ശതമാനവും ഇന്ത്യയിലാണ്.  ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് മധ്യപ്രദേശിലാണ്. 2018ൽ പുറത്തിറക്കിയ കടുവ സെൻസസ് : ഇന്ത്യയുടെ കടുവ ജനസംഖ്യ 2006ൽ 1411, 2018ൽ 2967.  ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കടുവകളെ പ്രധാനമായും കാണുന്നത് വടക്കു കിഴക്കൻ കണ്ടൽക്കാടുകൾ,ഹിമാലയൻ വനങ്ങൾ,മലനിരകളോട് ചേർന്ന വനങ്ങൾ,പശ്ചിമഘട്ട മലനിരകൾ തുടങ്ങിയ ഇടങ്ങളിലാണ്. സുന്ദർബൻ കാടുകളിലാണ് ഇന്ത്യൻ കടുവകൾ ഏറ്രവും കൂടുതൽ വസിക്കുന്നത്.  ഇന്ത്യയിൽ 53 കടുവാ സങ്കേതങ്ങളുണ്ട്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്. 53ാം കടുവ സങ്കേതമായി ഛത്തീസ്ഗഢിലെ ഗുരു ഖാസിദാസ് ദേശീയോദ്യാനവും തമോർ പിങ്കള വന്യജീവിസങ്കേതവും ചേർന്ന മേഖലയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ കടുവാ സങ്കേതങ്ങൾ പെരിയാറും പറമ്പിക്കുളവുമാണ്. സംരക്ഷണം 2006 മുതൽ കടുവകളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ലോക രാജ്യങ്ങളുടെയും പരിസ്ഥിതി വനം സംഘടനകളുടെയും സംയുക്തമായ ഇടപെടലാണ് ഈ വർദ്ധനവിന് വഴിതെളിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാൻ ആരംഭിച്ച പദ്ധതിയാണ് പ്രൊജക്റ്റ് ടൈഗർ. 1973 ഏപ്രിൽ ഒന്നിന് ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിലാണ് ആരംഭിച്ചത്. കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ മന്ത്രാലയമാണ് പദ്ധതിയുടെ മേൽനോട്ടം. ദേശീയ കടുവാ സംരക്ഷണ അതോറിറ്റി നടപ്പിലാക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാരാണ് നൂറ് ശതമാനം ചെലവും വഹിക്കുന്നത്. കടുവാ സംരക്ഷണത്തിന് സംസ്ഥാനങ്ങൾക്ക് ധനസഹായവും നൽകാറുണ്ട്. കോർ മേഖലകൾക്ക് നിയമപരിരക്ഷ നൽകി വന്യജീവി സങ്കേതമായോ ദേശീയോദ്യാനമായോ സംരക്ഷിക്കുന്നു. അത്തരം മേഖലകളിൽ മനുഷ്യൻ കടന്ന് ചെല്ലാൻ പാടില്ല. ഈ ദൗത്യത്തിലൂടെ കടുവാ ജനസംഖ്യ ഗണ്യമായി ഉയർന്നു. വനനശീകരണം പോലുള്ള പ്രശ്നങ്ങൾ വെല്ലുവിളി ആകുന്നുണ്ടെങ്കിലും ലോകത്തിലെ കടുവകളുടെ എണ്ണം 2022ന് ഉള്ളിൽ ഇരട്ടിപ്പിക്കുക എന്ന വേൾഡ് വൈഡ് ഫണ്ടിന്റെ ലക്ഷ്യം നാല് വർഷം മുമ്പ് തന്നെ ഇന്ത്യ പൂർത്തിയാക്കി എന്നത് പ്രതീക്ഷ നൽകുന്ന വസ്തുതയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TIGER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.