തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഫ്രാൻസിൽ പോയ ടൂറിസം സെക്രട്ടറിയെ തിരിച്ചുവിളിച്ചു

പ്രത്യേക ലേഖകൻ | Saturday 16 March 2019 12:50 AM IST
rani

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം ഫ്രാൻസ് സന്ദർശനത്തിനു പുറപ്പെട്ട ടൂറിസം സെക്രട്ടറി റാണി ജോർജിനെ സർക്കാർ തിരിച്ചുവിളിച്ചു. റാണിയെ ഫോണിൽ ലഭ്യമാകാതിരുന്നതിനെത്തുടർന്ന് ഉടനടി മടങ്ങിയെത്തണമെന്ന നിർദ്ദേശം ഫ്രാൻസിലെ ഇന്ത്യൻ എംബസി വഴിയാണ് ചീഫ് സെക്രട്ടറി ടോം ജോസ് കൈമാറിയത്. കഴിഞ്ഞ 10ന് തിരഞ്ഞെടുപ്പു പെരുമാ​റ്റച്ചട്ടം നിലവിൽ വന്ന ശേഷമാണ് റാണി ജോർജ്ജ് പാരീസിൽ നടക്കുന്ന ഇന്റർ നാഷണൽ ട്രേഡ് ഫെയറിൽ പങ്കെടുക്കാൻ പുറപ്പെട്ടത്. 12 മുതൽ 17 വരെയാണു ഫെയർ.

സംസ്ഥാനസർക്കാർ 45 ദിവസം മുൻപ് വിദേശയാത്രയ്ക്ക് അനുമതി നൽകിയിരുന്നു. കേന്ദ്രസർക്കാരിന്റെയും മുൻകൂർ അനുമതി ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ രാജ്യത്തെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങളോ ദുരന്തങ്ങളോ ഉണ്ടായാലോ സിവിൽ സർവീസ് ഉദ്യോഗസ്ഥർ രാജ്യം വിടരുതെന്നാണ് ചട്ടം. തിരഞ്ഞെടുപ്പു പെരുമാ​റ്റച്ചട്ടം നിലവിൽ വന്ന ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാതെ വിദേശപര്യടനത്തിന് പുറപ്പെട്ട നടപടിയിൽ ഗുരുതര പിഴവുണ്ടെന്ന് കണ്ടെത്തിയാണ് തിരിച്ചുവിളിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താനും നിരീക്ഷകരാവാനുമുള്ള ഐ.എ.എസുകാരുടെ പട്ടികയിൽ റാണി ജോർജ്ജ് ഉൾപ്പെട്ടിട്ടുണ്ട്. ഇക്കാര്യം 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, മുൻകൂർ അനുമതി വാങ്ങിയാണ് റാണി ജോർജ്ജ് വിദേശ പര്യടനം നടത്തിയതെന്നും ഇതിൽ ചട്ടലംഘനമില്ലെന്നുമാണ് ഒരുവിഭാഗം ഐ.എ.എസുകാർ പറയുന്നത്. തിരഞ്ഞെടുപ്പിനിടെ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ വിദേശയാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ പുറപ്പെടുവിച്ചു. യാത്രകൾക്ക് ചീഫ് സെക്രട്ടറിയുടെ മുൻകൂർ അനുമതി തേടിയിരിക്കണമെന്നാണ് നിർദ്ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA