ട്രെയിൻ തടഞ്ഞ ഇടത് നേതാക്കളുടെ 'തിരഞ്ഞെടുപ്പ് പാളം' തെറ്റും, രണ്ടും കൽപ്പിച്ച് റെയിൽവെ പൊലീസ്

Friday 11 January 2019 12:26 PM IST

train

തിരുവനന്തപുരം: രണ്ട് ദിവസം നീണ്ട ദേശവ്യാപക പൊതുപണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിൽ ട്രെയിനുകൾ തടഞ്ഞ സംഭവത്തിൽ നേതാക്കളുൾപ്പെടെ ആയിരത്തോളം പേർക്കെതിരെ 32 കേസുകൾ രജിസ്റ്റർ ചെയ്തതായി ആർ.പി.എഫ് അറിയിച്ചു. തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ മാത്രം രണ്ട് ദിവസങ്ങളിലായി ട്രെയിൻ തടഞ്ഞതിന് ആറുകേസുകളും രജിസ്റ്റർ ചെയ്തു.

സംയുക്തസമരസമിതി കൺവീനർ വി. ശിവൻകുട്ടി, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരടക്കം ആയിരത്തിലധികംപേർക്കെതിരെയാണ് കേസ്. ശിക്ഷിക്കപ്പെട്ടാൽ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടാകും. റെയിൽ സുരക്ഷാസേന (ആർ.പി.എഫ്.) എടുത്ത ക്രിമിനൽ കേസുകൾക്ക് പുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേക കേസ് ഫയൽ ചെയ്യാനാണ് സാധ്യത. സ്റ്റേഷനിൽ അതിക്രമിച്ച് കടക്കൽ, മുദ്രാവാക്യം വിളിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കൽ, തീവണ്ടി തടയൽ , ഡ്യൂട്ടി തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

ആർ.പി.എഫ് എടുത്ത കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണ്. സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയും തുടരുന്നു. തീവണ്ടി തടഞ്ഞത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഡിവിഷൻ നേതൃത്വം റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കും.ഉപരോധം കാരണം റെയിൽവേയ്ക്കുണ്ടായ നഷ്ടം കണക്കാക്കിവരികയാണ് .വൻതുക സമരക്കാ‌ർ നഷ്ടപരിഹാരമായി നൽകേണ്ടിവരുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA