തിരുവനന്തപുരം: സാദാ റെയിൽവേ ടിക്കറ്റുകൾ ഇനി മുതൽ കൗണ്ടറുകൾക്ക് മുന്നിൽ ക്യൂ നിന്ന് വാങ്ങേണ്ടതില്ല. സ്റ്റേഷനുകളുടെ കവാടത്തിനരികെ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് മൊബൈലിൽ സ്കാൻ ചെയ്ത് ഗൂഗിൾ പേ ചെയ്താൽ മതി. ജില്ലാആസ്ഥാനങ്ങളിലെ സ്റ്റേഷനുകൾ മുതൽ പാസഞ്ചർ ട്രെയിനുകൾ നിറുത്തുന്ന ഗ്രാമപ്രദേശങ്ങളിലെ ചെറിയ സ്റ്റേഷനുകളിൽ വരെ ഈ സംവിധാനം നിലവിൽ വന്നു. തിരക്കുളള സ്റ്റേഷനുകളിൽ പലഭാഗത്തായി ക്യൂ.ആർ. കോഡ് പതിച്ചിട്ടുണ്ട്. പ്ളാറ്റ് ഫോം ടിക്കറ്റിനും സീസൺ ടിക്കറ്റിനും ഇതുപയോഗിക്കാം.
ദീർഘദൂര ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യാനും ഇതുവഴി ടിക്കറ്റ് എടുക്കാം. സാധാരണ ടിക്കറ്റെടുക്കാൻ കൂടുതൽ ആളുകളും കൗണ്ടറുകളെയാണ് ആശ്രയിക്കുന്നത്. ഈ സ്ഥിതിയാണ് മാറാൻ പോകുന്നത്.
യു.ടി.എസ് ആപ്പുവഴി സാദാ ടിക്കറ്റ് ഓൺലൈനിൽ എടുക്കാനുള്ള സംവിധാനം നേരത്തെ മുതൽ നിലവിലുണ്ട്. എന്നാൽ, അത് സ്റ്റേഷന് പുറത്തുവച്ച് ചെയ്യണമായിരുന്നു. മാത്രമല്ല, കയറുന്ന സ്റ്റേഷനും ഇറങ്ങുന്ന സ്റ്റേഷനും രേഖപ്പെടുത്തണമായിരുന്നു. മുൻകൂട്ടി പണം നിക്ഷേപിക്കേണ്ടിവരുന്ന റെയിൽവാലറ്റ് വഴിയായിരുന്നു ഇടപാട്. ക്യൂ.ആർ കോഡ് വന്നതോടെ, കടയിൽ പോയി സാധനംവാങ്ങിയശേഷം മൊബൈൽവഴി പണം നൽകുന്നതുപോലെ ചെയ്താൽ മതി.
ദക്ഷിണ റെയിൽവേ ഇൗ വർഷം ഇതുവരെ
മൊബൈൽ ആപ്പുവഴി 24കോടി രൂപയുടെ ടിക്കറ്റ് വിറ്റു.
ഓൺലൈൻ സൗകര്യം വ്യാപകമായതോടെ ദക്ഷിണ റെയിൽവേയിൽ 83 ശതമാനം പേരും ഓൺലൈനായാണ് ടിക്കറ്റെടുക്കുന്നത്.
#ടിക്കറ്റെടുക്കാൻ
യു.ടി.എസ് മൊബൈൽ ആപ്പ് വഴിയാണ് ക്യു ആർ.കോഡ് സ്കാൻ ചെയ്യേണ്ടത്. തുടർന്ന് യാത്ര ഏതു സ്റ്റേഷൻവരെ എന്ന് രേഖപ്പെടുത്തുമ്പോൾ, ലഭ്യമായ ട്രെയിനുകളുടെ ലിസ്റ്റ് സമയക്രമം അനുസരിച്ച് കാണാം. അതിൽ ഇഷ്ടമുള്ള ട്രെയിൻ സെലക്ട് ചെയ്താൽ ടിക്കറ്റ് നിരക്ക് തെളിയും. ഗൂഗിൾ പേ, പേ ടി.എം. പോലുള്ള സംവിധാനങ്ങൾ വഴി തുക അടയ്ക്കാം. ടിക്കറ്റ് പരിശോധകന് ആപ്പ് തുറന്ന് ടിക്കറ്റ് പരിശോധിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |