എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നറിയാം
വോട്ടെണ്ണൽ ജൂൺ മൂന്നിന്
ന്യൂഡൽഹി: കോൺഗ്രസ് എം.എൽ.എ പി.ടി. തോമസിന്റെ അകാല വിയോഗത്തെത്തുടർന്ന് ഒഴിവു വന്ന തൃക്കാക്കര നിയമസഭ മണ്ഡലത്തിൽ ഈ മാസം 31ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പു തിയതി പുറത്തുവന്ന് 24 മണിക്കൂറിനകം, കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ഇന്നു തീരുമാനിച്ചേക്കും. 2021ലെ തിരഞ്ഞെടുപ്പിൽ 14,392 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.ടി.തോമസ് ജയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ പൊതുപരിപാടികളിൽ സജീവമായിരുന്ന ഉമ തോമസ്, സ്ഥാനാർത്ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ, കെ.പി.സി.സി അതിവേഗം ഉമ തോമസിന്റെ പേര് ഹൈക്കമാൻഡിനു ശുപാർശ ചെയ്തു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരം ലഭിച്ചതോടെ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.
ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നു പുറത്തിറങ്ങും.11വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 12ന് സൂക്ഷ്മ പരിശോധന. 16വരെ പത്രിക പിൻവലിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |