SignIn
Kerala Kaumudi Online
Friday, 19 April 2024 10.40 PM IST

വിക്രാന്ത് വെല്ലുവിളികൾക്കുള്ള ഉത്തരം: പ്രധാനമന്ത്രി

modi

കൊച്ചി: വികസിത രാജ്യത്തിലേക്ക് കുതിക്കുന്ന ഇന്ത്യ വെല്ലുവിളികളെ എങ്ങനെ നേരിടുമെന്നതിന് ഉത്തരമാണ് തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ വിക്രാന്തെന്നും കേരളതീരത്ത് ഓരോ ഇന്ത്യക്കാരനും പുതിയ ഭാവിയുടെ സൂര്യോദയത്തിനാണ് സാക്ഷിയായതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ് വാനോളമുയർത്തിയ വിക്രാന്ത് കൊച്ചി കപ്പൽശാലയിൽ രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് കാലത്തിന്റെ ശേഷിപ്പ് ഒഴിവാക്കി പരിഷ്‌കരിച്ച നാവികസേനാ പതാകയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

വിക്രാന്ത് പരിശ്രമത്തിന്റെയും പ്രതിഭയുടെയും പ്രതിജ്ഞാബദ്ധതയുടെയും ഉദാഹരണമാണ്. വികസിത രാജ്യങ്ങൾക്ക് മാത്രം സാദ്ധ്യമായ നേട്ടമാണ് നാം കൈവരിച്ചത്. ആസാദി കാ അമൃത് ആഘോഷകാലത്ത് ലഭിച്ച അതുല്യമായ അമൃതാണിത്. മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന നേട്ടം.

കപ്പൽ നിർമ്മാണത്തിന് വിദേശ ഉരുക്ക് ഉപയോഗിച്ചില്ല. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമാണ് മേന്മയേറിയ ഉരുക്ക് വികസിപ്പിച്ചത്. സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ ഉദ്പാദിപ്പിച്ചു.

നാവികരംഗത്ത് ശക്തമായ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ഗുപ്തന്മാരുടെയും മൗര്യന്മാരുടെയും കാലം മുതൽ മികച്ച സേനയുണ്ട്. ഛത്രപതി ശിവജിക്ക് കരുത്തുറ്റ നാവികവ്യൂഹമുണ്ടായിരുന്നു.

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച കാണിക്കില്ല. വ്യോമസുരക്ഷയ്ക്ക് തേജസ് വിമാനങ്ങളും കടൽസുരക്ഷയ്ക്ക് വിക്രാന്തും ജാഗ്രതയോടെയുണ്ടാകും. സേനകൾക്ക് കൂടുതൽ ബഡ്‌ജറ്റ് വിഹിതം അനുവദിക്കും. ശാന്തിയും ശക്തിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെയാണ്.

വിക്രാന്ത് നിർമ്മിക്കാൻ പരിശ്രമിച്ച എൻജിനിയർമാർ മുതൽ തൊഴിലാളികൾ വരെയുള്ളവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഓണക്കാലത്ത് കേരളത്തിൽ ചടങ്ങ് നടത്താൻ കഴിഞ്ഞതിലെ സന്തോഷവും പങ്കുവച്ചു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിരോധ ഉപദേഷ്ടാവ് അജിത് ഡോവൽ, നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ എന്നിവർ പങ്കെടുത്തു.

സമർപ്പണത്തിനുശേഷം കപ്പലിന്റെ മേൽത്തട്ടിലെത്തിയ പ്രധാനമന്ത്രി ദേശീയപതാകയും നാവികപതാകയും ഉയർത്തി. കപ്പലിന്റെ പ്രവർത്തനങ്ങൾ വീക്ഷിച്ചശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.

ലോകത്തിനു വേണ്ടി

ഇന്ത്യ നിർമ്മിക്കും

 പ്രതിരോധ രംഗത്ത് സ്വാശ്രയത്വം മാത്രമല്ല ലക്ഷ്യം. ലോകത്തിനു വേണ്ടി നിർമ്മിക്കുക എന്നതുകൂടിയാണെന്ന് മോദി

 സ്വദേശി പ്രതിരോധ കമ്പനികളെ പ്രോത്സാഹിപ്പിക്കും. മിത്ര രാജ്യങ്ങളുമായി പ്രതിരോധ ഇടപാടിനും അവസരം

 തമിഴ്നാട്ടിലും ഉത്തർപ്രദേശിലും പ്രതിരോധ വ്യവസായ ഇടനാഴി അതിവേഗം നടപ്പാക്കും

 പ്രതിരോധ ബഡ്‌ജറ്റിലെ 26 ശതമാനം തദ്ദേശ ഉത്പന്നങ്ങൾക്ക്. സ്വാശ്രയത്വം കൈവരിക്കാൻ കൂടുതൽ പദ്ധതികൾ

 സേനകളിൽ ഓഫീസർ റാങ്കിലുൾപ്പെടെ വനിതകൾക്ക് കൂടതൽ നിയമനം. വിക്രാന്തിലും കൂടുതൽ വനിതാ നാവികർ

 കടലിന് അതിരില്ലാത്തതു പോലെ ഇന്ത്യൻ പുത്രിമാർക്ക് സേനകളിലും അതിരുകളുണ്ടാകില്ല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INS VIKRANTH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.