തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതൽ 18 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിന്റെ കരുതൽ ഡോസ് വിതരണം ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിലൂടെ മാത്രമാണ് നൽകുന്നത്. 67 കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്സിനേഷൻ നടന്നത്. 100ൽ താഴെ പേർ മാത്രമാണ് വാക്സിനെടുത്തത്. വിദേശത്തേക്ക് ഉൾപ്പെടെ പോകാനുള്ളവരാണ് തിരക്കിട്ട് കരുതൽ ഡോസ് എടുക്കുന്നത്.
കൊവാക്സിനും കൊവീഷീൽഡിനും ഓരേ വില ഈടാക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. പുതുക്കിയ നിരക്ക് അനുസരിച്ച് നികുതി ഉൾപ്പെടെ 386 രൂപയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കിയത്. ഇന്നലെയാണ് വാക്സിന് കേന്ദ്രസർക്കാർ വില കുറച്ചത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ നേരത്തെ വാങ്ങിയ സ്റ്റോക്കാണുള്ളത്. അതിനാൽ കുറഞ്ഞവിലയ്ക്ക് നൽകുന്നത് നഷ്ടമുണ്ടാക്കുമെന്നാണ് സ്വകാര്യ ആശുപത്രികൾ പറയുന്നത്.
കാസർകോട്ട് വീണ്ടും രോഗികൾ പൂജ്യം
തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ കാസർകോട്ട് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും പൂജ്യത്തിലെത്തി. രണ്ടാഴ്ചയ്ക്കിടെ മൂന്നാംവട്ടമാണ് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 223 പേർ കൂടി രോഗബാധിതരായി. 24 മണിക്കൂറിനിടെ 10,673 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 2.08%. അപ്പീൽ നൽകിയ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 299 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 2211 പേർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |