SignIn
Kerala Kaumudi Online
Friday, 19 April 2024 4.41 AM IST

പാടിപ്പാടി മറഞ്ഞ വാനമ്പാടി

vani

''സൗരയൂഥത്തിൽ വിടർന്നോരു കല്യാണ
സൗഗന്ധികമാണീ ഭൂമീ അതിൻ
സൗവർണ്ണപരാഗമാണോമനേ നീ
അതിൻ സൗരഭമാണെന്റെ സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം...''

കരളിനെ കുളിർപ്പിക്കുന്ന ഗാനം. പല്ലവി കേട്ടപ്പോൾ തന്നെ ഗായിക ആരെന്ന് അന്ന് ആസ്വാദകർ തേടിയിരുന്നു. ഗാനത്തിലെ അടുത്തവരി 'നിന്നെ ഞാനെന്തു വിളിക്കും?'

ഉത്തരം''വാണിജയറാം''

ആദ്യഗാനത്തിലൂടെ തന്നെ മലയാളിയുടെ പ്രിയ ഗായികയായി വാണി ജയറാം ഏറ്റവും ഒടുവിൽ പുലിമുരുകനിലെ 'മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ...' അതും കേരളത്തെ കീഴടക്കിയിരുന്നു.

ആദ്യഗാനം 1973ൽ 'സ്വപ്ന'ത്തിൽ. സംഗീതം സലിൽ ചൗധരിയാണെന്ന് കേട്ടപ്പോൾ പറന്നു ചെല്ലാൻ തോന്നിയെന്ന് വാണി ജയാറം പറയുമായിരുന്നു.

വെറുതെ ഇരിക്കുമ്പോഴൊക്കെ ചെന്നൈ നുങ്കംപാക്കത്തെ ഫ്‌ളാറ്റിലിരുന്ന് വാണി ജയറാം പാടുമായിരുന്നു. പാട്ടിലൂടെ വേദനകൾ മറക്കും. ഏകാന്തതയെ അതിജീവിക്കും. 19 ഭാഷകളിലായി ഗാനസാന്ദ്രമായ ഒരു കാലമാണ് വാണി സൃഷ്‌ടിച്ചത്. നൂറുകണക്കിന് മധുരഗാനങ്ങൾ ഓർമ്മപ്പടവുകൾ കയറിവരും.

വെല്ലൂരിൽ ജനിച്ച കലൈവാണി വിവാഹശേഷമാണ് വാണി ജയറാം ആയത്. അച്ഛൻ അക്കൗണ്ടന്റായിരുന്നു. ഒമ്പത് മക്കളിൽ അഞ്ചാമത്തെ പെൺകുട്ടി. 'ഇവൾ വലിയ പാട്ടുകാരിയവുമെന്ന്' ജാതകത്തിലെ എഴുത്ത് ഫലിച്ചു. അഞ്ചു വയസുമുതൽ സംഗീതം പഠനം. കടലൂർ ശ്രീനിവാസ അയ്യങ്കാർ ആദ്യഗുരു. ലതാ മങ്കേഷ്കറുടെ ഗാനങ്ങൾ റേഡിയോയിൽ കേട്ടാണ് സിനിമയിൽ പാടണമെന്ന ആഗ്രഹം ഉണ്ടായത്. അത് സഫലമായത് സിത്താർ വിദഗ്ധൻ കൂടിയായ ഭർത്താവ് ജയറാമിന്റെ കരുതൽ കൊണ്ടും.

1968 ഫെബ്രുവരി 4ന് സെക്കന്തരാബാദിലായിരുന്നു വിവാഹം. അവിടെ എസ്.ബി.ഐ ഉദ്യോഗസ്ഥയായിരുന്നു വാണി. ഇൻഡോ ബെൽജിയം ചേംബർ ഓഫ് കൊമേഴ്‌സിൽ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു ജയറാം. വിവാഹ ശേഷം ജയറാമിനൊപ്പം മുംബയിലെത്തി. അവിടെ ജയറാമാണ്

ഉസ്താദ് അബ്ദുൾറഹ്മാൻ ഖാൻ സാഹിബിന്റെയടുത്ത് സംഗീതം പഠിപ്പിക്കാൻ എത്തിച്ചത്. വാണിയുടെ കീർത്തനം കേട്ടപ്പോൾ 'നിങ്ങൾക്ക് വ്യത്യസ്തമായ ഒരു ശബ്ദമുണ്ട്, സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കണം' ഉസ്താതിന്റെ ഉപദേശം. വാണി ജോലി രാജിവച്ച് അദ്ദേഹത്തിന്റെയടുത്ത് ഹിന്ദുസ്ഥാനി പഠിച്ചു. ഉസ്താദാണ് വസന്ത് ദേശായിക്ക് വാണിയെ പരിചയപ്പെടുത്തുന്നത്. വസന്ത് സർ ഡയറക്ടർ ഋഷികേശ് മുഖർജിയോട് വാണിയുടെ പാട്ടിനെ കുറിച്ച് പറഞ്ഞു.ശേഷം 1970ൽ 'ബോലേ രേ പപ്പി ഹരാ...' എന്ന പ്രശസ്ത ഗാനം വാണയുടെ സ്വരമാധുരിയിൽ ലോകം കേട്ടു.

ഗുഡ്ഡിയിൽ പാടാൻ പോകുമ്പോഴാണ് ഭർത്താവിന്റെ പേര് ചേർത്ത് വാണി ജയറാം എന്നാക്കിയത്.

വാണി എന്ന പാട്ടുകാരിയെ പൂർണമാക്കിയത് ജയറാമായിരുന്നു. വാണിയുടെ സംഗീതയാത്രയിൽ ഒപ്പമുണ്ടാകാൻ ജയറാം ജോലി രാജിവച്ചിരുന്നു. 2018ൽ ജയറാമിന്റെ മരണമാണ് വാണിയെ തളർത്തിയത്.

മലയാളത്തിൽ ശ്രീകുമാരൻ തമ്പി ഗാനങ്ങളാണ് വാണി കൂടുതലും പാടിയിട്ടുള്ളത്. വയലാർ-ദേവരാജൻ-പി. സുശീല ടീം പോലെ തന്നെ ശ്രീകുമാരൻ തമ്പി- അർജുനൻ മാഷ്‌-വാണിജയറാം ടീമും അന്ന് ഉണ്ടായിരുന്നു. നെല്ല് എന്ന ചിത്രത്തിലൊഴികെ സലിൻ ചൗധരിയുടെ മലയാള സിനിമകളിലെല്ലാം വാണി ജയറാം പാടി.

വാണിയുടെ ചില ഗാനങ്ങൾ

തിരുവോണപ്പുലരിയിൽ തിരുമുൽ കാഴ്ച വാങ്ങാൻ.... (തിരുവോണം),

എന്റെ കൈയിൽ പൂത്തിരി (സമ്മാനം)

തേടിത്തേടി ഞാനലഞ്ഞു ... (സിന്ധു)

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി... (പിക്‌നിക്)

ഒരു പ്രേമലേഖനം എഴുതി മായ്ക്കും (തുറമുഖം)

മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു... (പ്രവാഹം)

സീമന്തരേഖയിൽ ചന്ദനം ചാർത്തിയ... (ആശിർവാദം)

കണ്ണിൽ പൂവ് ചുണ്ടിൽ പാല് തേന് (വിഷുക്കണി)

ഒന്നാനാം കുന്നിന്മേൽ കൂടു കൂട്ടും... (എയർ ഹോസ്റ്റസ്)

നാടൻ പാട്ടിലെ മൈന നാടോടിപ്പാട്ടിലെ മൈന (രാഗം)

മാമലയിലെ പൂമരം പൂത്ത നാൾ (അപരാധി)

മഞ്ഞപ്പട്ടു ഞൊറിഞ്ഞൂ വാനം (അമ്പലവിളക്ക്)

കാറ്റുചെന്നു കളേബരം തഴുകി...(സമ്മാനം)

ഇളം മഞ്ഞിൻ നീരോട്ടം (പാതിരാസൂര്യൻ)

ആഷാഢമാസം ആത്മാവിൽ മോഹം... (യുദ്ധഭൂമി)

ധുംതന ധുംതനന ചിലങ്കേ...(തോമാശ്ലീഹാ)

നാദാപുരം പള്ളിയിലെ (തച്ചോളിഅമ്പു)

പൊന്നും കുടത്തിനൊരു പൊട്ട്...(യുദ്ധകാണ്ഡം)

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ.. (സായൂജ്യം)

നിമിഷങ്ങൾ പോലും വാചാലമാകും (മനസാ വാചാ കർമ്മണാ)

നായകാ പാലകാ മനുജസ്‌നേഹ ഗായകാ (ലക്ഷ്മിവിജയം)

പത്മതീർഥക്കരയിൽ ഒരു പച്ചില മാളികക്കാട്‌ (ബാബുമോൻ)

ഏതുപന്തൽ കണ്ടാലുമത് കല്യാണപ്പന്തൽ...(വേനലിൽ ഒരു മഴ)​

ഏതോജന്മ കല്പനയിൽ ഏതോ ജന്മവീഥികളിൽ (പാളങ്ങൾ)

ഓല‍‌‌ഞ്ഞാലി കുരുവി ഇളം കാറ്റിലാടി...(1983)

പൂക്കൾ പനിനീർ പൂക്കൾ... (ആക്‌ഷൻ ഹീറോബിജു)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.