തിരുവനന്തപുരം: കേരള ബാങ്കിൽ വരുന്ന നിക്ഷേപങ്ങൾ സംസ്ഥാനത്തിന്റെ ഉയർച്ചയ്ക്ക് വിനിയോഗിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ സഹകാരികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.
2020ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പ്രഖ്യാപിച്ചു. എട്ട് വിഭാഗങ്ങളിലായി 25 സംഘങ്ങൾ പുരസ്കാരത്തിന് അർഹരായി. സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്കാരത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘവും കാർഷിക ഭക്ഷ്യമേഖലയിലെ ആധുനികവത്കരണത്തിന് ഇന്നവേഷൻ അവാർഡിന് പാലക്കാട് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കും, മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് പുരസ്കാരം പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം, 50000, 25000 രൂപ ക്യാഷ് അവാർഡും ലഭിക്കും. ഒരു ലക്ഷം രൂപാണ് പ്രത്യേക പുരസ്കാരം. വിദ്യാതരംഗിണി വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും സഹകരണ വീഥിയുടെ ജന്മദിനപതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് സഹകരണ പതാക ഉയർത്തിയതോടെയാണ് പരിപാടി ആരംഭിച്ചത്. വി. ജോയ് എം.എൽ.എ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ, അഡീഷണൽ രജിസ്ട്രാർ (ജനറൽ) ഡി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
വിവിധ വിഭാഗങ്ങൾക്കായി സഹകരണ വകുപ്പിന്റെ കർമ്മപദ്ധതി
തിരുവനന്തപുരം: സഹകരണ ദിനത്തോട് അനുബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കായി കർമ്മപദ്ധതി ആവിഷ്കരിച്ചതായി മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുവജനങ്ങൾ, വിദ്യാർത്ഥികൾ, രോഗികൾ, വീടില്ലാത്തവർ, കലാകാരൻമാർ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. സഹകരണവകുപ്പിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വരും വർഷങ്ങിലേക്ക് വിവിധ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
ഇന്നലെ മുതൽ 2022 മാർച്ച് 31 വരെ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്ന സഹകരണപ്രസ്ഥാനങ്ങൾക്ക് അടുത്ത വർഷത്തെ സഹകരണ ദിനത്തിൽ കോപ് ഡേ പുരസ്കാരം നൽകും. സഹകരണരംഗത്ത് സമഗ്ര സംഭാവന നൽകുന്ന മികച്ച സഹകാരികൾക്ക് വരുംവർഷങ്ങളിൽ റോബർട്ട് ഓവൻ പുരസ്കാരവും, വകുപ്പിലെ മികച്ച ഉദ്യോഗസ്ഥർക്ക് പുരസ്കാരം നൽകും. സഹകരണ ബാങ്ക് ജീവനക്കാർക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്നും ക്ഷേമപെൻഷൻ വീടുകളിലെത്തിക്കുന്നവർക്ക് ആദ്യ പരിഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
കർമ്മപദ്ധതികൾ
യുവസംരംഭകർക്കും സേവനദാതാക്കൾക്കുമായി പുതിയ സഹകരണ സംഘങ്ങൾ
സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ പഠന സാമഗ്രി വാങ്ങാൻ പലിശരഹിത വായ്പ നൽകുന്ന വിദ്യാതരംഗിണി
ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള സഹകാരികൾക്ക് അടിയന്തിരസഹായം ലഭ്യമാക്കാൻ മെമ്പർ റിലീഫ് ഫണ്ട് പദ്ധതി
പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീട് ഉറപ്പാക്കുന്ന കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ടം അതിവേഗത്തിൽ പൂർത്തിയാക്കും. (തൃശൂർ പഴയന്നൂർ പഞ്ചായത്തിലെ 1.06 ഏക്കർ സ്ഥലത്ത്)
കലാകാരൻമാർക്കും സംഗീതവുമായി ബന്ധപ്പെട്ടവർക്കും പുതിയ സഹകരണ സംഘം.
കോട്ടയത്ത് അക്ഷരമ്യൂസിയവും കോപറേറ്റീവ് ഉത്പന്നങ്ങളുടെ ബ്രാന്റിംഗും
കോഓപ്പ് മാർട്ട് പദ്ധതിക്ക് കീഴിൽ ഇമാർക്കറ്റിംഗ് പ്ലാറ്റ്ഫോം
ജില്ലകളിൽ സഹകരണ ചന്തകൾ
സംസ്ഥാനത്താകെ അധികാര പരിധിയിലുള്ള നെല്ല് സഹകരണ സംഘം
പാലക്കാട് റൈസ്മിൽ മാതൃകയിൽ രണ്ട് ആധുനിക റൈസ്മില്ലുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |