തിരുവനന്തപുരം / കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറായി കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം തലവനും, സ്കൂൾ ഒഫ് ലാംഗ്വേജസ് ഡയറക്ടറുമായ പ്രൊഫ.എം.വി.നാരായണനെ ഗവർണർ നിയമിച്ചു.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഫോറിൻ ലാംഗ്വേജസ് വിഭാഗം ഡീനും അക്കാഡമിക് കൗൺസിൽ അംഗവുമാണ് .ജപ്പാനിലെ മിയാസാക്കി ഇന്റർനാഷണൽ കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ലിറ്റററേച്ചർ ആൻഡ് കൾച്ചർ വിഭാഗം പ്രൊഫസ്സർ, യു. എ.ഇയിലെ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, യു. കെയിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്റർ, തൃശൂർ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിഭാഗം ലക്ചറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ, ബിരുദാനന്തര ബിരുദങ്ങളും,. യു. കെയിലെ യൂണിവേഴ്സിറ്റി ഒഫ് എക്സെറ്ററിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡിയും നേടി.ഇന്ത്യൻ എക്സ്പ്രസ് കൊച്ചി എഡിഷനിൽ സബ് എഡിറ്ററായിരുന്നു. ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയുടേത് ഉൾപ്പെടെ നിരവധി ദേശീയ / അന്തർദേശീയ ജേർണലുകളുടെ എഡിറ്ററായിരുന്നു.ഇംഗ്ലീഷിലും മലയാളത്തിലുമായി അറുപതിലധികം ലേഖനങ്ങളും ഏഴ് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. കോമൺവെൽത്ത് സ്കോളർഷിപ്പിന് അർഹനായി. കേരള സാഹിത്യ അക്കാഡമിയുടെ കുറ്റിപ്പുഴ എൻഡോവ്മെന്റ് ലിറ്റററി അവാർഡ്, കേരള സർവകലാശാലയുടെ കെ.പി.മേനോൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. തൃശൂർ പുറനാട്ടുകര സ്വദേശിയാണ്.
പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ .വി.കെ.രാമചന്ദ്രൻ, കാളിദാസ് സംസ്കൃത വിശ്വവിദ്യാലയ വൈസ് ചാൻസലർ പ്രൊഫ.ശ്രീനിവാസ് വരഖേദി, സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർപേഴ്സൺ പ്രൊഫ.രാജൻ ഗുരുക്കൾ എന്നിവരടങ്ങിയ സെർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റി പ്രൊഫ.എം.വി.നാരായണൻ ഉൾപ്പെടെ മൂന്നു പേരങ്ങിയ പാനലാണ് ഗവർണർക്ക് സമർപ്പിച്ചത്. ഭാര്യ: മീര. മകൾ: വീണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |