SignIn
Kerala Kaumudi Online
Friday, 29 March 2024 7.41 PM IST

പ്രതിപക്ഷനേതാവായി മിന്നി, പക്ഷേ...

vd-satheeshan

തിരുവനന്തപുരം: ശക്തനായ പ്രതിപക്ഷ നേതാവായിരുന്നെന്ന ചാരിതാർത്ഥ്യത്തോടെയാണ് രമേശ് ചെന്നിത്തല കന്റോൺമെന്റ് ഹൗസിന്റെ പടിയിറങ്ങുന്നത്. സർക്കാരിനെ പ്രതിരോധത്തിലേക്ക് വലിച്ചിട്ട ആരോപണങ്ങൾ പൊതുമദ്ധ്യത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് രമേശിനുണ്ട്. പക്ഷേ, സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങൾ മുഖ്യമന്ത്രിക്കസേരയിലേക്കുള്ള പ്രയാണത്തിന് വിലങ്ങുതടിയായി. അതിന് സ്വന്തം പാർട്ടിയുടെയും മുന്നണിയുടെയും സംഘടനാപരമായ പാളിച്ചകളും ഘടകമായി.

2004ൽ ഉമ്മൻചാണ്ടി കോൺഗ്രസിന്റെ നിയമസഭാ കക്ഷിനേതാവായപ്പോഴാണ് സംസ്ഥാന പാർട്ടിയെ നയിക്കാൻ ഡൽഹിയിൽ നിന്ന് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയെ കേരളത്തിലെത്തിച്ചത്. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായിരുന്നു കൊണ്ട് സംഘടനയെ ക്രിയാത്മകമായി തന്നെ മുന്നോട്ട് കൊണ്ടുപോയി. മണ്ഡല പുനർവിഭജനത്തിന് ശേഷം 2011ലുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ പക്ഷേ യു.ഡി.എഫിന് കഷ്ടിച്ചാണ് അധികാരം പിടിക്കാനായത്.

2016 ആയപ്പോൾ ആരോപണപ്പെരുമഴയിൽ ആടിയുലഞ്ഞ യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞു. 22 എം.എൽ.എമാരെയേ കോൺഗ്രസിന് ജയിപ്പിച്ചെടുക്കാനായുള്ളൂ. പിന്നീട്, പ്രതിപക്ഷത്തായപ്പോഴും ആ ആഘാതത്തിൽ നിന്ന് പുറത്തുകടക്കാൻ കോൺഗ്രസിന്റെ സംഘടനാസംവിധാനത്തിന് കഴിഞ്ഞില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ആലസ്യം കൂട്ടി. അമിത ആത്മവിശ്വാസമെന്ന് ഹൈക്കമാൻഡ് ഇപ്പോൾ കുറ്റപ്പെടുത്തുന്നത് ഇതിനെയാണ്. 22ൽ നിന്ന് അമ്പതിലേക്ക് സീറ്റ് നില ഉയർത്തുകയെന്ന വെല്ലുവിളിയാണ് നേതാക്കൾക്കുണ്ടായിരുന്നത്.

പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ നിരന്തരമുയർത്തി. ബ്രുവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകാനുള്ള നീക്കത്തെ തുറന്നുകാട്ടിയായിരുന്നു തുടക്കം. സർക്കാർ പെട്ടെന്ന് തന്നെ പിന്മാറി. പിന്നീട് കൊവിഡ് കാലത്തെ വ്യക്തിവിവര ശേഖരണത്തിന് അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറുമായി ഏർപ്പെട്ട കരാറിനെതിരെ രംഗത്തെത്തി. അത് വൻ രാഷ്ട്രീയ കോളിളക്കമായി. സ്വർണക്കടത്ത് വിവാദം മൂർച്ഛിച്ചപ്പോഴും അദ്ദേഹം സർക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുയർത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആഴക്കടൽ മത്സ്യബന്ധന കരാറിലെ ചതിക്കുഴികളുയർത്തി രമേശ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഇതിന്റെയെല്ലാം ക്രെഡിറ്റ് തിരഞ്ഞെടുപ്പിൽ കിട്ടുമെന്നദ്ദേഹം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, സംഘടനാദൗർബല്യത്തിന്റെ ആഴത്തെക്കുറിച്ച് ബോധവാനായിരുന്നില്ലെന്ന് വേണം കരുതാൻ.

കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് താഴേത്തട്ടിലടക്കം ഇടപെട്ട് സർക്കാർ നടത്തിയ ക്ഷേമപ്രവർത്തനങ്ങളും സന്നദ്ധസേവകരായി സി.പി.എം പ്രവർത്തകരടക്കം ഇറങ്ങിപ്രവർത്തിച്ചതുമൊന്നും കോൺഗ്രസ് കണ്ടില്ല. തിരഞ്ഞെടുപ്പിലാകട്ടെ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിൽ പാർട്ടി നേതൃത്വം അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തു. പ്രതിപക്ഷനേതാവായി നന്നായി പ്രവർത്തിച്ചിട്ടും ഇപ്പോഴത്തെ നീക്കങ്ങളിൽ മാന്യമായ സമീപനമുണ്ടായില്ലെന്ന പരിഭവം രമേശിന്റെ ക്യാമ്പിനുണ്ട്. അദ്ദേഹത്തെ അപമാനിച്ച് പുറത്താക്കിയെന്ന വികാരത്തിലാണ് ഐ ഗ്രൂപ്പ് നേതൃത്വം. തുടക്കത്തിലേ അദ്ദേഹത്തോട് നിർദ്ദേശിക്കാമായിരുന്നത് വലിച്ചുനീട്ടി വഷളാക്കിയെന്നവർ കരുതുന്നു. കക്ഷിനേതാവിനെ നേരത്തേ തിരഞ്ഞെടുക്കാമായിരുന്നു.

ഇനിയങ്ങോട്ടുള്ള രമേശിന്റെ പ്രവർത്തനമെങ്ങനെയാവുമെന്നും ഏവരും ഉറ്റുനോക്കുന്നു. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി ചെയ്തപോലെ മൗനിയായി നിയമസഭയിൽ രമേശും തുടരുമോ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.