SignIn
Kerala Kaumudi Online
Friday, 19 April 2024 1.48 PM IST

പറവൂർ ആദ്യം തള്ളി, പിന്നെ നെഞ്ചോടു ചേർത്തു

kk

കൊച്ചി: എറണാകുളം മരടിൽ ജനിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന വി.ഡി. സതീശന് പറവൂരാണ് രണ്ടുപതിറ്റാണ്ടായി സ്വന്തംമണ്ണും പ്രിയങ്കരമായ ദേശവും. അവരുടെ സുഖത്തിലും ദുഃഖത്തിലും സതീശൻ ഒപ്പമുണ്ട്.

നിയമസഭയിലേക്ക് 1996ൽ ആദ്യമത്സരത്തിന് എത്തിയപ്പോൾ വടക്കൻ പറവൂർ പൂർണമായി സ്വീകരിച്ചില്ല. നാട്ടുകാരനായ പി. രാജുവിനെ വെറും 1,116 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു. പറവൂർ വിട്ടുപോകാൻ സതീശൻ പക്ഷേ തയ്യാറായില്ല. 2001ലെ രണ്ടാം മത്സരത്തിൽ സതീശനെ 7,434 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പറവൂർ നെഞ്ചോടുചേർത്തു. ഓരോതവണയും ഭൂരിപക്ഷം വർദ്ധിപ്പിച്ച് തുടർച്ചയായി അഞ്ചുതവണ വിജയം.

കഴിഞ്ഞ നിയമസഭകളിൽ എൽ.ഡി.എഫ് സർക്കാരുകൾക്ക് നിരന്തരം തലവേദനയായിരുന്ന സതീശനെ എങ്ങനെയും തോല്പിക്കാൻ സി.പി.എം ഉൾപ്പെടെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയെങ്കിലും ഇക്കുറി 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പറവൂരുകാർ സഭയിലെത്തിച്ചത്.

രണ്ടു പ്രളയങ്ങളിൽ മുങ്ങിത്താണ മണ്ഡലമാണ് പറവൂർ. പെരിയാർ കരകവിഞ്ഞൊഴുകി കവർന്നത് ജീവനുകൾ മാത്രമല്ല, നിരവധിവീടുകളും. ആയിരങ്ങൾക്ക് ജീവനോപാധി നഷ്ടമായി. പെരിയാറിൽ പ്രളയത്തിന്റെ സൂചന ലഭിച്ചപ്പോൾ മുതൽ സതീശൻ രംഗത്തിറങ്ങി. പരമാവധി പേരെ പെരിയാറിന്റെയും കായലുകളുടെയും തീരത്തുനിന്ന് ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പ്രളയ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയും ഏകോപിപ്പിച്ചും മുഴുവൻ സമയവും പ്രവർത്തിച്ചു.

നാടിന് പുനർജനി

പ്രളയമിറങ്ങിയ പറവൂരിനെ പുനർജീവിപ്പിക്കുകയെന്ന ദൗത്യമായിരുന്നു പിന്നീട്. പ്രശസ്തമായ ചേന്ദമംഗലം കൈത്തറിയെ ഉൾപ്പെടെ വീണ്ടെടുക്കാൻ പുനർജനി എന്ന പദ്ധതി ആവിഷ്‌കരിച്ചു. വീടുനിർമാണം ഉൾപ്പെടെ സമഗ്രമായ പദ്ധതികളാണ് നടപ്പാക്കിയത്. 207 വീടുകൾ നിർമിച്ചു. അറുപതിനായിരം വീടുകളിൽ അവശ്യവസ്തുക്കൾ ഉൾപ്പെട്ട കിറ്റ് നൽകി. രണ്ടുകോടി രൂപയുടെ മരുന്നുകൾ ആശുപത്രികൾക്ക് സമാഹരിച്ചു നൽകി. കൈത്തറിക്ക് പുതിയ തറികൾ ലഭ്യമാക്കി. ആയിരം വനിതകൾക്ക് സ്വയംതൊഴിലിനാവശ്യമായ ഉപകരണങ്ങൾ നൽകി. സ്‌കൂൾ കുട്ടികൾക്ക് പുസ്തകങ്ങൾ ഉൾപ്പെടെ ലഭ്യമാക്കി. സ്‌കൂളുകളിലെ കേടുപാടുകൾ പരിഹരിച്ചു.

പുനർജനി പദ്ധതിയുടെ പേരിൽ സതീശനെ സി.പി.എം രൂക്ഷമായി വിമർശിച്ചിരുന്നു. നിയമവിരുദ്ധമായി വിദേശത്തുനിന്ന് പണം സ്വീകരിച്ചെന്നായിരുന്നു ആരോപണം. വിജിലൻസ് അന്വേഷണനീക്കം ഫലിച്ചില്ല. ഹൈക്കോടതിയിലുൾപ്പെടെ ഹർജികൾ നൽകിയെങ്കിലും സി.ബി.ഐ അന്വേഷിച്ചാലും കുഴപ്പമില്ലെന്നായിരുന്നു സതീശന്റെ നിലപാട്. വിദേശപണം നേരിട്ട് സ്വീകരിച്ചില്ലെന്നും ഗുണഭോക്താക്കൾക്ക് തുക ചെക്കുവഴി നൽകുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.