തിരുവനന്തപുരം:കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ നിയമിച്ചത് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കാകെ അഭിമാനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സുധാകരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി അഭിനന്ദിച്ച സതീശൻ വാർത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു. കേരളത്തിലെ ഒന്നാമത്തെ പ്രസ്ഥാനമാക്കി കോൺഗ്രസിനെ മാറ്റാൻ സുധാകരന് സാധിക്കും. കൃത്യമായ ദിശാബോധവും രാഷ്ട്രീയ കാഴ്ചപ്പാടും ജനങ്ങളുടെ വികാരങ്ങളും അറിയുന്ന വ്യക്തിയാണ് സുധാകരൻ. പരിചയവും യുവത്വവുമുള്ള മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്. നല്ലൊരു ടീം പാർട്ടിക്കുണ്ടാകും. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പാർട്ടി ഉയരും. ഏതെങ്കിലുമൊരു പ്രായത്തിലുള്ളവരെയാകെ ഒഴിവാക്കുന്നതല്ല തലമുറമാറ്റം. 1967ലെ പോലെ മുതിർന്നവരുടെയും യുവാക്കളുടെയും നിര കെട്ടിപ്പടുത്ത് മുന്നോട്ട് പോകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |